നിലപാട് കടുപ്പിച്ച് റെസ്റ്റോറന്റ് അസോസിയേഷന്‍: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം മുടങ്ങും

Update:2018-11-30 14:16 IST

നാളെ മുതല്‍ കൊച്ചിയില്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണം നിറുത്തിവെക്കാനുള്ള നിലപാട് ശക്തമാക്കി കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്‍. നാളെ മുതല്‍ 10 ദിവസത്തേക്കാണ് നിസഹകരണത്തിന് പദ്ധതിയിട്ടിരിക്കുന്നത്. അസോസിയേഷനില്‍ അംഗത്വമുള്ള ഒരു ഹോട്ടലുകളും ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കരുതെന്നാണ് സംഘടനയുടെ നിലപാട്.

യൂബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള ഭക്ഷണ വിതരണത്തിന് കൊച്ചിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട ഹോട്ടലുകളില്‍ നിന്നും കുറഞ്ഞ നിരക്കിലുള്ള ഭക്ഷണം വീട്ടിലെത്തുമെന്നതാണ് ഉപഭോക്താക്കള്‍ ഇരുകൈയ്യും നീട്ടി ഈ സംവിധാനം സ്വീകരിക്കാന്‍ കാരണം. കൊച്ചിയില്‍ 500ലേറെ ഹോട്ടലുകള്‍ ഓണ്‍ലൈന്‍ കമ്പനികളില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോട്ടലുകളുടെ ഈ തീരുമാനം ഈ രംഗത്ത് ഫുള്‍ടൈം ആയും പാര്‍ട്‌ടൈം ആയും തൊഴിലെടുക്കുന്ന പതിനായിരക്കണക്കിന് വരുന്ന യുവാക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

കൊച്ചിയില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളില്‍ പലരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന് ഇവിടെ താമസിച്ച് ജോലി ചെയ്യുന്നവരാണ്. താമസച്ചെലവുകളും വാഹനത്തിന്റെ വായ്പാ അടവുമൊക്കെ ഇവര്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ നിന്ന് വേണം കണ്ടെത്താന്‍. ഈ സാഹചര്യത്തില്‍ മുന്നോട്ടുള്ള ഭാവിയെന്തെന്ന് അറിയാത്ത അനിശ്ചിതത്വത്തിലാണ് ഇവര്‍.

''രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്നരവരെ മഴയും വെയിലുമൊക്കെ വകവെക്കാതെ ആഴ്ചയില്‍ ആറുദിവസം ജോലി ചെയ്യുന്നവരാണ് പല ജീവനക്കാരും. ശനിയും ഞായറും ലീവെടുത്താല്‍ ഇന്‍സന്റീവ് നഷ്ടപ്പെടുമെന്നതുകൊണ്ട് ആ ദിവസങ്ങളിലും ജോലി ചെയ്യും. കമ്പനി ഞങ്ങള്‍ക്ക് തരുന്ന ഇന്‍സന്റീവ് കുറച്ചിട്ടുണ്ട്. എങ്കില്‍ക്കൂടിയും അദ്ധ്വാനിച്ച് ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവസരം കിട്ടിയത് ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായതുകൊണ്ട് മാത്രമാണ്. പക്ഷെ പുതിയ സംഭവവികാസങ്ങളില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.'' എട്ടുമാസമായി പാര്‍ട് ടൈം ആയി ഈ മേഖലയില്‍ ജോലി ചെയ്യുന്ന സജു രാജന്‍ പറയുന്നു.

വ്യത്യസ്തമായ കാഴ്ചപ്പാടാണ് കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന് ഉള്ളത്. ''കുറഞ്ഞ വിലയില്‍ വീട്ടിലിരുന്നുകൊണ്ട് തന്നെ ഭക്ഷണം ലഭിക്കുമെന്ന സാഹചര്യമുണ്ടായപ്പോള്‍ ആളുകള്‍ കുടുംബത്തോടെ റെസ്‌റ്റോറന്റുകളില്‍ വന്ന് ഭക്ഷണം കഴിക്കുന്ന രീതി വളരെ കുറഞ്ഞു. വളരെ മൂകമായ അവസ്ഥയാണ് പലയിടത്തും. ജനങ്ങള്‍ പുറത്തേക്കിറങ്ങാതായാല്‍ ഹോട്ടലുകള്‍ക്കെന്നല്ല, ഒരു വ്യാപാരികള്‍ക്കും കച്ചവടം ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഓണ്‍ലൈന്‍ കമ്പനികള്‍ എല്ലാ റെസ്‌റ്റോറന്റുകളെയും ഇതില്‍ ലിസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതിലില്ലാത്ത ചെറിയ സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കേണ്ടേ? ടാക്‌സി മേഖലയില്‍ ചെയതതുപോലെ ഉപഭോക്താക്കളെ കൈയ്യിലെടുത്ത ശേഷം ഇത്തരം ഓണ്‍ലൈന്‍ കമ്പനികള്‍ അവരുടെ തനിനിറം കാട്ടും. ഇപ്പോഴത്തെ നിസഹകരണത്തിലൂടെ ഇവര്‍ക്ക് ഒരു സൂചന കൊടുക്കുകയാണ് ലക്ഷ്യം.'' കേരള ഹോട്ടല്‍ & റെസ്‌റ്റോറന്റ് അസോസിയേഷന്റെ സ്‌റ്റേറ്റ് സെക്രട്ടറിയും എറണാകുളം ജില്ലയുടെ പ്രസിഡന്റുമായ അസീസ് മൂസ പറയുന്നു. ഓണ്‍ലൈന്‍ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹോ്ട്ടലുകള്‍ക്ക് കരാര്‍ പ്രകാരമുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നും റെസ്റ്റോറന്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികളില്‍ ഫുള്‍ടൈം ആയി ജോലി ചെയ്യുന്നവര്‍ മാസം 20,000-25,000 രൂപയോളമാണ് ശരാശരി സമ്പാദിക്കുന്നത്. ദിവസം 350 രൂപയോളമാണ് ഇന്‍സന്റീവ് ആയി ലഭിക്കുന്നത്. പാര്‍ട് ടൈം ജീവനക്കാര്‍ക്ക് ഇതിന്റെ പകുതിയും. ഒരു കിലോമീറ്ററിന് ആറ് രൂപയോളമാണ് വരുമാനം. ഓരോ ഓണ്‍ലൈന്‍ കമ്പനികളിലും തുക വ്യത്യാസമുണ്ട്.

കൊച്ചിയില്‍ ഫുള്‍ ടൈം ജീവനക്കാര്‍ക്ക് പുറമേ വിദ്യാര്‍ത്ഥികള്‍ മുതല്‍ ഐ.റ്റി പ്രൊഫഷണലുകള്‍ വരെ ഈ സംവിധാനത്തില്‍ പാര്‍ട് ടൈം ജീവനക്കാരായുണ്ട്. കേരളത്തില്‍ കൊച്ചിക്ക് പുറമേ തിരുവനന്തപുരത്ത് കൂടി ഈ മേഖലയിലുള്ള കമ്പനികള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിലൊരു സമരം.

Similar News