ടൂറിസം മേഖല പറയുന്നു; കേരളത്തിന് തിരിച്ചുവരാന്‍ വേണം ഈ കാര്യങ്ങള്‍

ഉണര്‍വ് പ്രതീക്ഷിച്ച് ആയിരക്കണക്കിന് സംരംഭകരും തൊഴിലാളികളും, വേണ്ടത് കാര്യക്ഷമമായ ഇടപെടല്‍.

Update: 2021-09-28 13:34 GMT

കോവിഡ് അതിശക്തമായിരുന്ന സ്ഥിതിയില്‍ നിന്നും മെല്ലെ കേരളത്തിന്റെ വിവിധ മേഖലകള്‍ വിടുതല്‍ നേടുകയാണ്. ഒക്ടോബറില്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ വലിയ പ്രത്യാശയിലാണ് ടൂറിസം വിപണി. അതിഥികളെ സ്വീകരിക്കാന്‍ എല്ലാ വാതിലുകളും തുറന്നിടേണ്ട സമയമായി. എന്നാല്‍ മേഖലയിലുള്ളവര്‍ പറയുന്നു, സര്‍ക്കാര്‍ ചില കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ കൊണ്ടുവരണം. സഞ്ചാരികള്‍ക്കായുള്ള സുരക്ഷിത ടോയ്‌ലറ്റ് സംവിധാനങ്ങളുള്‍പ്പെടെ ഇതിലുണ്ട്.

ടൂറിസം മേഖലയില്‍ നൂതനപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും വിദഗ്ധ അഭിപ്രായങ്ങള്‍ കൂടി സ്വരൂപിച്ച് അവ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനും വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വലിയ ഉത്സാഹവും താല്‍പര്യവുമാണ് കാട്ടുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ പഞ്ചായത്തിലും ടൂറിസ്റ്റ് സ്‌പോട്ടുകള്‍ കണ്ടെത്തി വികസിപ്പിക്കുക, കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകളുടെ സമഗ്രവിവരങ്ങള്‍ പ്രതിപാദിക്കുന്ന ആപ്പ് , ഫുഡ് ടൂറിസം, കാരവന്‍ ടൂറിസം, ഫാം ടൂറിസം എന്നിങ്ങനെ ഒട്ടേറെ പദ്ധതികള്‍ ഇതിനോടകം പ്രഖ്യാപിക്കുകയും നടപടികളിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക പിന്തുണ കൂടി നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ ഒരുങ്ങണമെന്ന് ടൂര്‍ഫെഡ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയും ഹൗസ്‌ബോട്ട് വ്യവസായിയുമായ ടോമി പുലിക്കാട്ടില്‍ പറയുന്നു.
''വിദേശ വിനോദസഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര ടൂറിസ്റ്റുകളാണ് ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം. സംസ്ഥാനാന്തര യാത്രകള്‍ക്ക് നിയന്ത്രണം പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളും ഇപ്പോഴും കടുത്തനിലപാട് കൈക്കൊള്ളുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ കേരളം മുന്‍കൈയെടുക്കണം. വിസ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയവും അത്യാവശ്യമാണ്. ഇത് ശ്രീലങ്കന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുറെയേറെ ടൂറിസ്റ്റുകളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കാനും സഹായിക്കും.
അത്യന്തികമായി വരേണ്ടത് ബാങ്കുകളുടെ ഭാഗത്ത് നിന്നുള്ള ധനാഗമന പ്രക്രിയകളാണ്. ലോണുകളുടെ തിരിച്ചടവിനായുള്ള സാവകാശം, സ്‌റ്റേറ്റ്‌മെന്റ് മാത്രം കണക്കാക്കാതെ വരുമാന സാധ്യത അനുസരിച്ചുള്ള വായ്പാ അനുമതി, മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പലിശ കുറച്ച് കൊണ്ടുള്ള ധനസഹായങ്ങള്‍ എന്നിവ മേഖലയെ കരുത്താര്‍ജിക്കാന്‍ സഹായിക്കും'' അദ്ദേഹം വിശദമാക്കുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ധാരാളം വ്യാജ ഓണ്‍ലൈന്‍ ഗൈഡുകളും ടൂര്‍ ഓപ്പറേറ്റേഴ്‌സും രംഗത്തെത്തിയിട്ടുണ്ടെന്ന് അലോക് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ മാനേജിംഗ് പാര്‍ട്ണര്‍ ആനന്ദ് പറയുന്നു. '' യാതൊരു അക്രഡിറ്റേഷനുമില്ലാതെ ധാരാളം ടൂര്‍ ഓപ്പറേറ്റേഴ്‌സ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ നിന്നും മറ്റും ബുക്കിംഗ്‌സ് എടുത്ത് കേരളം കാമാനെത്തുന്ന സഞ്ചാരികള്‍ ഇവരെ വിശ്വസിച്ച് സംസ്ഥാനത്തെത്തി നട്ടം തിരിയാറുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇവിടെക്കുള്ള സഞ്ചാരികളുടെ എണ്ണം കുറയും ടൂറിസം രംഗത്തെക്കുറിച്ചുള്ള വിസ്വാസ്യതയും നഷ്ടമാകും. ഇതിനാല്‍ ജിഎസ്ടി നമ്പറും ലൈസന്‍സുമുള്ളവരെ മാത്രം ഈ സേവനങ്ങള്‍ നല്‍കാന്‍ കര്‍ശനമായി നിര്‍ദേശിക്കേണ്ടത് സര്‍ക്കാരില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യമാണ്. അതോടൊപ്പം കോവിഡ് പരിശോധനയ്ക്കായി ടൂറിസം സ്‌പോട്ടുകളോട് അനുബന്ധിച്ച് സൗകര്യങ്ങള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവയും കൊണ്ട് വരണം.'' അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിത കേരളം
സുന്ദരകേരളം സുരക്ഷിത കേരളം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആശയം മികച്ചതാണ്. എന്നാല്‍ ടൂറിസം വിപണി മുന്നോട്ടുവയ്ക്കുന്ന ചിലകാര്യങ്ങളില്‍ അടിയന്തരശ്രദ്ധ പതിയേണ്ടതുണ്ട്. ഹര്‍ത്താല്‍ പോലെയുള്ള സമരരീതികള്‍ ടൂറിസം വിപണിയെ ദോഷകരമായി ബാധിക്കാറുണ്ടെന്ന് പറയുകയാണ് ബീച്ച് ടൂറിസം കൗണ്‍സില്‍ അംഗമായ മുനീര്‍. ''മറ്റെല്ലാം അടഞ്ഞുകിടക്കുമ്പോള്‍ ഹര്‍ത്താലില്‍ ടൂറിസം മേഖലയെ മാത്രം ഒഴിവാക്കിയിട്ടെന്ത് പ്രയോജനം. ടൂറിസം ദിനത്തില്‍ സംസ്ഥാനം ഹര്‍ത്താല്‍ ആചരിച്ചതിലൂടെ എന്ത് സന്ദേശമാണ് വിനോദസഞ്ചാരികള്‍ക്ക് നല്‍കിയതെന്ന ചോദ്യവും പ്രസക്തമാണ്. പ്രതിഷേധങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും വഴിമുടക്കിയും വാതിലടപ്പിച്ചുമുള്ള സമരരീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.'' അദ്ദേഹം പ്രതികരിച്ചു.
2018 ല്‍ നാല്‍പ്പതിനായിരം കോടി രൂപയായിരുന്നു ടൂറിസം മേഖലയില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം. കൊവിഡ് ഏറ്റവും ബാധിച്ച പ്രധാന രംഗങ്ങളിലൊന്ന് ടൂറിസമായിരുന്നു. കരകയറാന്‍ കഴിയുന്നത്ര ഉദാരമായ പിന്തുണ ആവശ്യമാണ്. അനന്തസാധ്യതകളാണ് കേരളത്തിലെ ടൂറിസം മേഖലയ്ക്കുള്ളത്. അത് ശരിയായി പ്രയോജനപ്പെടുത്തിയാല്‍ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ശരിയായ അഴിച്ചുപണി ഈ മേഖല പ്രതീക്ഷിക്കുന്നു.
ഓരോ പ്രദേശത്തും പ്രധാന ടൂറിസം സ്‌പോട്ടിനൊപ്പം ചരിത്രപ്രാധാന്യമുള്ള, കലയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന മറ്റ് ചെറു കേന്ദ്രങ്ങളുടെ സജീകരണവും തിടുക്കത്തിലാകണം. വിദൂര പദ്ധതികളെക്കാള്‍ ദ്രുതഗതിയില്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് മേഖല പ്രതീക്ഷിക്കുന്നത്.


Tags:    

Similar News