കുത്താംപുള്ളി മാതൃകയില്‍ സാരികളുമായി ഹാന്‍ടെക്‌സ്

Update: 2019-02-28 07:27 GMT

സ്ത്രീകള്‍ക്ക് എല്ലാ അവസരത്തിലും ഉപയോഗിക്കാവുന്ന വിധം കുത്താംപുള്ളി മാതൃകയില്‍ ഡിസൈന്‍ ചെയ്ത കളര്‍ സാരികളും റോയല്‍ സീരീസിലെ 3 മുണ്ടുകളും ഹാന്‍ടെക്‌സ് പുറത്തിറക്കി. ഈ ഉല്‍പന്നങ്ങളുടെ ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ വച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വ്വഹിച്ചു.

ആകര്‍ഷകമായ നിറങ്ങളും പരമ്പരാഗത കുത്താംപുള്ളി ഡിസൈനും കോര്‍ത്തിണക്കി ഉന്നത ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ടാണ് ഹാന്‍ടെക്‌സ് പുതിയ സാരികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുത്താംപുള്ളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിലെ 30 പരമ്പരാഗത തറികളിലാണ് കളര്‍ സാരികള്‍ നിര്‍മ്മിക്കുന്നത്.

ആദ്യവര്‍ഷം 5000 പ്രീമിയം കുത്താംപുള്ളി കളര്‍ സാരികള്‍ ഹാന്‍ടെക്‌സ് വിപണിയിലെത്തിക്കും. 100ല്‍ പരം വ്യത്യസ്ത ഡിസൈനുകള്‍ ഉണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത. ഹാന്‍ടെക്‌സ് ഷോറൂമുകളില്‍ നിന്നും ലഭ്യമാകുന്ന ഇവയുടെ വില 2800 മുതല്‍ 3000 രൂപ വരെയാണ്.

പ്രീമിയം ക്വാളിറ്റിയിലുള്ള റോയല്‍ ഗോള്‍ഡ്, റോയല്‍ വൈറ്റ്, റോയല്‍ സില്‍വര്‍ എന്നീ മുണ്ടുകളും ഹാന്‍ടെക്‌സ് പുറത്തിറക്കി. ഉപഭോക്താക്കള്‍ക്കായി ഹാന്‍ടെക്‌സ് അവതരിപ്പിച്ച പ്രിവിലേജ് കാര്‍ഡിന്റെ ഉല്‍ഘാടനവും വ്യവസായ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചു.

ഹാന്‍ടെക്‌സിന്റെ ഷോറൂമുകളില്‍ നിന്നും 5000 രൂപക്ക് മുകളില്‍ തുണിത്തരങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡ് ലഭിക്കും. കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നുള്ള ഓരോ ഇടപാടിനും പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നതാണ് നേട്ടം.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ  Click Here.

Similar News