30 വര്‍ഷത്തിനിടെ മദ്യ ഉപഭോഗത്തില്‍ നേരിയ വര്‍ധന

40-64 വയസ് പ്രായമുള്ളവരുടെ മദ്യപാനം 5.63 ശതമാനം വര്‍ധിച്ചു

Update: 2022-07-15 09:57 GMT

കഴിഞ്ഞ 30 വര്‍ഷത്തിനിടെ മദ്യ ഉപഭോഗത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയത് നേരിയ വര്‍ധന മാത്രം. മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ മദ്യ ഉപഭോഗം പുരുഷന്മാരിലും സ്ത്രീകളിലും നേരിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നു. പഠനമനുസരിച്ച്, 15-39 വയസിനിടയിലുള്ള ഇന്ത്യന്‍ സ്ത്രീകളുടെ മദ്യപാനം 1990-നെ അപേക്ഷിച്ച് 0.08 ശതമാനം വര്‍ധിച്ചു. നിലവില്‍ ഈ പ്രായത്തിലുള്ള 5.39 ദശലക്ഷം ഇന്ത്യന്‍ സ്ത്രീകള്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. ഇക്കാലയളവില്‍ 40-64 വയസ് പ്രായമുള്ള സ്ത്രീകളുടെ മദ്യപാനം 15 ശതമാനമാണ് വര്‍ധിച്ചത്. എന്നിരുന്നാലും, 65 വയസിന് മുകളിലുള്ള സ്ത്രീകള്‍ 30 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ കുറവാണ് മദ്യം കഴിക്കുന്നത്.

കൂടാതെ, ഇന്ത്യന്‍ പുരുഷന്മാരില്‍ എല്ലാ പ്രായക്കാരിലും മദ്യപാനം വര്‍ധിച്ചതായി ലാന്‍സെറ്റിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 40-64 വയസ് പ്രായമുള്ളവരിലാണ് ഇത് ഏറ്റവും ഉയര്‍ന്നത്. ഇക്കാലയളവില്‍ ഈ വിഭാഗത്തിലെ മദ്യ ഉപഭോഗം 5.63 ശതമാനമാണ് വര്‍ധിച്ചത്. 15-39 പ്രായക്കാരില്‍ 5.24 ശതമാനവും വര്‍ധിച്ചു. 65 വയസിനു മുകളില്‍ പ്രായമായവരില്‍ 2.88 ശതമാനത്തിന്റെ വര്‍ധനവുമുണ്ടായി. രാജ്യത്ത് 79.9 ദശലക്ഷം പുരുഷന്മാര്‍ മദ്യം കഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.

ദക്ഷിണേഷ്യയിലുടനീളം മദ്യപാനം വര്‍ധിച്ചുവരികയാണ്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാകിസ്താനില്‍ മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും, ലാന്‍സെറ്റ് പഠനമനുസരിച്ച്, എല്ലാ പ്രായത്തിലുള്ള പുരുഷന്മാരിലും സ്ത്രീകളിലും മദ്യ ഉപഭോഗം വര്‍ധിച്ചു. 15-39 വയസിനിടയിലുള്ള ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ പാകിസ്താനില്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. 30 വര്‍ഷത്തിനിടെ 0.515% വര്‍ധന. അതേ പ്രായത്തിലുള്ള പുരുഷന്മാരില്‍ 1.75 ശതമാനവും മദ്യ ഉപഭോഗം വര്‍ധിച്ചു.

നേപ്പാളില്‍, 15-39 പ്രായത്തിലുള്ള പുരുഷന്മാരില്‍ മദ്യപാനത്തില്‍ 9.75 ശതമാനം വര്‍ധനവും സ്ത്രീകളില്‍ 3.175 വര്‍ധനവുമാണ് രേഖപ്പെടുത്തിയത്.

Tags:    

Similar News