പുതിയ ചുവടുമായി വീണ്ടും ലുലു ഗ്രൂപ്പ്; അബുദബി വിമാനത്താവളത്തിലും ഡ്യൂട്ടിഫ്രീ
യാത്രക്കാര്‍ക്ക് മികച്ച അനുഭവം ഔട്ട്‌ലെറ്റ് സമ്മാനിക്കുമെന്ന് എം.എ. യൂസഫലി
പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ ലുലു ഡ്യൂട്ടിഫ്രീ ഔട്ട്‌ലെറ്റ് അബുദബി വിമാനത്താവളത്തില്‍ തുറന്നു. അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ ടെര്‍മിനല്‍ എയിലാണ് ഔട്ട്‌ലെറ്റ്.
ആദ്യമായാണ് ഒരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു ഡ്യൂട്ടിഫ്രീ ആരംഭിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ലുലു ഡ്യൂട്ടിഫ്രീ ഔട്ട്‌ലെറ്റ് വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
ചോക്ലേറ്റുകള്‍, ഡ്രൈഫ്രൂട്ട്‌സ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആകര്‍ഷക നിരക്കില്‍ ലുലു ഡ്യൂട്ടിഫ്രീയില്‍ ലഭിക്കും. ഇമ്മിഗ്രേഷന്‍ ഗേറ്റ് കഴിഞ്ഞുള്ള ഡ്യൂട്ടിഫ്രീ മേഖലയിലാണ് ലുലുവിന്റെയും ഔട്ട്‌ലെറ്റ്.
വലിയ ടെര്‍മിനല്‍
ലോകത്തെ വലിയ ടെര്‍മിനലുകളിലൊന്നാണ് അബുദബി വിമാനത്താവളത്തിലെ ടെര്‍മിനല്‍ എ. പ്രതിവര്‍ഷം 4.5 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ഇത്തിഹാദ് എയര്‍വേസ്, എയര്‍ അറേബ്യ അബുദബി, വിസ് എയര്‍ തുടങ്ങിയവയുടെ സാന്നിദ്ധ്യം ഈ ടെര്‍മിനലിലുണ്ടാകും.