പോളണ്ടിലേക്കും ലുലു; കയറ്റുമതി ഹബ്‌ സ്ഥാപിക്കും

പോളിഷ് ഭാഷയില്‍ എക്‌സിലൂടെ സര്‍ക്കാരിന് നന്ദി അറിയിച്ച് എം.എ. യൂസഫലി

Update:2023-09-23 13:02 IST

എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സംഘം പോളണ്ടില്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു (Image : twitter.com/prezydentpl)

പ്രമുഖ പ്രവാസി മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പിന്റെ വികസനപ്പടവുകളിലേക്ക് പുതിയൊരു രാജ്യം കൂടി. യൂറോപ്യന്‍ രാജ്യമായ പോളണ്ടിലേക്കും പ്രവര്‍ത്തന സാന്നിദ്ധ്യം വ്യാപിപ്പിക്കുകയാണ് ലുലു.

പോളണ്ടില്‍ ഭക്ഷ്യോത്പന്ന സംഭരണ കേന്ദ്രം, കയറ്റുമതി ഹബ് എന്നിവ സ്ഥാപിക്കാനാണ് ലുലു ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ പോളിഷ് സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍സ്റ്റിന്‍ മസൂരി വിമാനത്താവളം, പോളിഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് ഏജന്‍സി എന്നിവയുമായി ലുലു ഗ്രൂപ്പ് ഒപ്പുവച്ചു.
കയറ്റുമതിക്ക് തുടക്കം
പോളണ്ട് പ്രസിഡന്റ് ആന്ദ്രേ ഡ്യൂഡ (Andrzej Duda) കഴിഞ്ഞ മാര്‍ച്ചില്‍ യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ ലുലു ഗ്രൂപ്പ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ്, ലുലു പോളണ്ടിലും നിക്ഷേപിക്കുന്നത് സംബന്ധിച്ച് തീരുമാനമായത്.
പോളണ്ടിലെ പ്രശസ്തമായ ബെറിപ്പഴങ്ങള്‍, ആപ്പിള്‍, മാംസം തുടങ്ങിയവയാണ് ലുലു ശേഖരിച്ച് കയറ്റുമതി ചെയ്യുക. ഇവ ഇന്ത്യയിലെ ഉള്‍പ്പെടെ ലുലുവിന്റെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കും.

പോളണ്ടില്‍ നിന്നുള്ള ആദ്യ കയറ്റുമതിയുടെ ഫ്‌ളാഗ് ഓഫ് പോളണ്ടിലെത്തിയ എം.എ. യൂസഫലിയും മിന്‍സ്‌കോ-മസുര്‍സ്‌കി ഗവര്‍ണര്‍ ഗുസ്‌തോ മാരെക് ബ്രസിന്‍ എന്നിവരും ചേര്‍ന്ന് നിര്‍വഹിച്ചു.
പോളണ്ട് സര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്കും കയറ്റുമതി പ്രവര്‍ത്തനങ്ങള്‍ അതിവേഗം സാദ്ധ്യമാക്കിയതിനും എം.എ. യൂസഫലി പോളിഷ് ഭാഷയില്‍ എക്‌സില്‍ (ട്വിറ്റര്‍) നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ഇറ്റലിയും ലുലു ഗ്രൂപ്പ് സാന്നിദ്ധ്യം അറിയിച്ചിരുന്നു.
Tags:    

Similar News