കശ്മീരിലും ലുലു മാള്‍, 400 കോടി നിക്ഷേപിക്കാന്‍ യൂസഫ് അലി
കശ്മീരിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ലോക വിപണിയിലെത്തും
ജമ്മു കശ്മീരില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ലുലു ഗ്രൂപ്പ്. ശ്രീനഗറില്‍ ഭഷ്യ സംസ്‌കരണ പ്ലാന്റും ലോജിസ്റ്റിക് ഹബ്ബും നിര്‍മിക്കാനുള്ള ധാരണാ പത്രം ലുലു ഗ്രൂപ്പ് ഒപ്പിട്ടു. വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ പ്രകാശ് ടാക്കൂറും ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്‌റഫ് അലിയും ചേർന്നാണ് ധാരണാ പത്രം ഒപ്പിട്ടത്. 400 കോടിയുടെ നിക്ഷേപം കശ്മീരില്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യുസഫ് അലി അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ 200 കോടി രൂപയാണ് നിക്ഷേപിക്കുക. പദ്ധതിയുടെ ഭാഗമായി ലുലു ഷോപ്പിംഗ് മാളും നിര്‍മിക്കും. കശ്മീരില്‍ നിന്നുള്ള ആപ്പിള്‍, ബദാം, കുങ്കുമപ്പൂവ്, വാള്‍നട്ട് തുടങ്ങിയവ ഗള്‍ഫ്, ഈജിപ്ത്, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിപണിയിലെത്തിക്കും. യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നിനൊപ്പം കശ്മീരിലെ കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് യൂസഫ് അലി പറഞ്ഞു.
കഴിഞ്ഞ മാസം അഹമ്മദാബാദില്‍ ഷോപ്പിംഗ് മാള്‍ നിര്‍മിക്കാന്‍ 2,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു പ്രഖ്യാപിച്ചിരുന്നു. യുപിയിലെ ഗ്രേറ്റന്‍ നോയിഡയില്‍ 500 കോടി ചിലവില്‍ ഒരു ഫൂഡ് പ്രൊസസിംഗ് യൂണീറ്റും ലുലു സ്ഥാപിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 220 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലു ഗ്രൂപ്പിനുള്ളത്. ഇന്ത്യയില്‍ കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് നിലവില്‍ ലുലു ഗ്രൂപ്പിന് മാളുകള്‍ ഉള്ളത്.