2025-ൽ മനുഷ്യരേക്കാൾ കൂടുതൽ ജോലി ചെയ്യുന്നത് യന്ത്രങ്ങൾ ആയിരിക്കുമെന്ന് റിപ്പോർട്ട്

Update: 2018-09-18 11:39 GMT

നിങ്ങളുടെ ജോലിസ്ഥലത്ത് മനുഷ്യരേക്കാൾ കൂടുതൽ യന്ത്രങ്ങൾ ജോലി ചെയ്യുന്ന കാലം വിദൂരമല്ലെന്ന് റിപ്പോർട്ട്. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2025 ആകുമ്പോഴേക്കും മനുഷ്യരേക്കാൾ കൂടുതൽ ജോലി ചെയ്യുന്നത് യന്ത്രങ്ങൾ ആയിരിക്കും.

മുഴുവൻ സമയ-സ്ഥിരം തൊഴിലുകൾ ഭാവിയിൽ ഇല്ലാതാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വരും കാലത്ത് കമ്പനികൾ താൽക്കാലിക ജീവനക്കാരെയും, കരാറടിസ്ഥാനത്തിൽ നിയമിക്കുന്ന സ്പെഷ്യലിസ്റ്റുകളെയും ഫ്രീലാൻസർമാരെയും ആയിരിക്കും കൂടുതൽ താല്പര്യപ്പെടുക. ബാക്കിയുള്ള ജോലി ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യും. ഇതോടെ സ്ഥിരം ജീവനക്കാർ എന്ന വിഭാഗം പതിയെ ഇല്ലാതാകുമെന്ന് 'ഫ്യൂച്ചർ ഓഫ് ജോബ്സ്' എന്ന റിപ്പോർട്ട് പറയുന്നു.

യന്ത്രങ്ങൾക്കും മനുഷ്യർക്കുമിടയിൽ തൊഴിൽ വിഭജിക്കുമ്പോൾ സ്വാഭാവികമായും മനുഷ്യർക്ക് പുതിയ നൈപുണ്യങ്ങൾ നേടേണ്ടതായി വരും. അതായത് ജോലി നിലനിർത്തണമെങ്കിലോ പുതിയ തൊഴിൽ നേടണമെങ്കിലോ ഇനി യന്ത്രങ്ങളോട് മത്സരിക്കേണ്ടി വരുമെന്ന് ചുരുക്കം.

നിലവിലുള്ള തൊഴിലുകളിൽ 42 ശതമാനം ജോലികളും 2022 ഓടെ യന്ത്രങ്ങൾ കയ്യേറും. നിലവിൽ 29 ശതമാനം ജോലികളേ യന്ത്രവൽക്കരിക്കപ്പെട്ടിട്ടുള്ളൂ. ഇപ്പോൾ 71 ശതമാനം ജോലികളും ചെയ്യുന്നത് മനുഷ്യരാണ്. 2022 ൽ ഇത് 58 ആയി ചുരുങ്ങും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ എന്നിവയുടെ സ്വാധീനം മൂലം ഏകദേശം 7.5 കോടി തൊഴിലുകൾ മാറ്റങ്ങൾക്ക് വിധേയമാകും. അതേസമയം, മനുഷ്യർ ഭയക്കേണ്ട ഒരു അവസ്ഥയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും അവ ഇല്ലാതാക്കിയതിനേക്കാൾ 5.8 കോടി അധികം ജോലികൾ 2022 ഓടെ സൃഷ്ടിക്കും.

Similar News