റിയല്‍റ്റി പ്രോജക്ടുകളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി മാക്രോടെക് ഡെവലപ്പേഴ്സ്

വിവിധ പ്രോജക്ടുകള്‍ക്കായി 2023 സാമ്പത്തിക വര്‍ഷത്തില്‍ 3,800 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി

Update: 2022-05-09 06:32 GMT

2023 സാമ്പത്തിക വര്‍ഷത്തില്‍ റിയല്‍റ്റി പ്രോജക്ടുകളില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി മാക്രോടെക് ഡെവലപ്പേഴ്സ്. വിവിധ പ്രോജക്ടുകള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 3,800 കോടി രൂപ നിക്ഷേപിക്കുമെന്ന് മാക്രോടെക് എംഡി അഭിഷേക് ലോധ പറഞ്ഞു. അടുത്ത മാര്‍ച്ചോടെ 10,000 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നതിനാലാണ് മാക്രോടെക് ഡെവലപ്പേഴ്സ് ഈ സാമ്പത്തിക വര്‍ഷം 3,800 കോടി രൂപ നിക്ഷേപിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 2,500 കോടി രൂപ സമാഹരിച്ച് കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി ലോധ ബ്രാന്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

'കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിര്‍മാണത്തിനായി ഞങ്ങള്‍ ഏകദേശം 2,600 കോടി രൂപ ചെലവഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങളുടെ നിര്‍മാണ ചെലവ് 3,800 കോടി രൂപയാണ്' അഭിഷേക് ലോധ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നടപ്പാക്കുന്ന പദ്ധതികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ധനയും പുതിയ ലോഞ്ചുകളുമാണ് നിര്‍മാണ ചെലവ് വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതികളുടെ വിതരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 6,000 ഹൗസിംഗ് യൂണിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും 2022-23 ല്‍ 10,000 യൂണിറ്റുകളാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതോടെ തങ്ങളുടെ സെയില്‍സ് ബുക്കിംഗ് മുന്‍വര്‍ഷത്തെ 9,024 കോടിയില്‍ നിന്ന് 27 ശതമാനം വര്‍ധിപ്പിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം 11,500 കോടി രൂപയായി ഉയര്‍ത്തുകയാണ് മാക്രോടെക് ഡെവലപ്പേഴ്സ് ലക്ഷ്യമിടുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ മേഖലയിലും പൂനെയിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനി അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബെംഗളൂരു വിപണിയി സാന്നിധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ്.

Tags:    

Similar News