സോണി ഇന്ത്യയുമായി ലയിക്കാന്‍ തീരുമാനമായതായി സീ എന്റര്‍ട്ടെയ്ന്‍മെന്റ്; ഇടപാട് 1.57 ബില്യണ്‍ ഡോളറിന്റേത്
52.93 ശതമാനം ഓഹരികളും സോണി സ്വന്തമാക്കും. ഇന്ത്യന്‍ ചാനല്‍ വ്യവസായ രംഗത്തെ ഞെട്ടിച്ചുള്ള ലയനം.
സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് ഇന്ത്യയില്‍ (SPNI) ലയിക്കാന്‍ തീരുമാനമായതായി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (ZEEL). ബുധനാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. 1.57 ബില്യണ്‍ ഡോളറിന്റേതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ട്.
ലയനത്തിന് ശേഷം, സോണി 52.93% നിയന്ത്രണ ഓഹരികളുള്ള ഭൂരിഭാഗം ഓഹരിയുടമയാകുകയും ചെയ്യും. അതേസമയം, നിലവിലെ സീലിന്റെ ഓഹരിയുടമകള്‍ക്ക് ശേഷിക്കുന്ന 47.07 ശതമാനം ഓഹരികള്‍ സ്വന്തമായിരിക്കും. എന്നാല്‍ സോണി ഇന്ത്യയായിരിക്കും ചാനല്‍ കമ്പനിയുടെ നിയന്ത്രണാധികാരികള്‍.
ലയനത്തിന് ZEEL ബോര്‍ഡ് അംഗീകാരം നല്‍കി. ലയനത്തിന് ശേഷവും പുനീത് ഗോയങ്ക വരുന്ന അഞ്ച് വര്‍ഷത്തേക്ക് കൂടി ലയിച്ച കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി തുടരുമെന്നും കമ്പനി പറഞ്ഞു. അതേസമയം ഡയറക്റ്റര്‍മാരില്‍ പരമാവധിയും തീരുമാനിക്കപ്പെടുക സോണിയുടെ നേതൃത്വത്തിലായിരിക്കും.
ലയിപ്പിച്ച സ്ഥാപനം ഇപ്പോഴും ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനിയായി തുടരുമെന്നും സീല്‍ ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു. രണ്ട് കമ്പനികളും നോണ്‍-ബൈന്‍ഡിംഗ് കരാറില്‍ ഏര്‍പ്പെടുകയും അവരുടെ ലീനിയര്‍ നെറ്റ്വര്‍ക്കുകള്‍, ഡിജിറ്റല്‍ അസറ്റുകള്‍, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാം ലൈബ്രറികള്‍ എന്നിവ സംയോജിപ്പിക്കുകയും ചെയ്യും. ഇതിനായി ടേം ഷീറ്റ് ഫയല്‍ ചെയ്തു.
ടേം ഷീറ്റിന് 90 ദിവസത്തെ കാലാവധിയാണുള്ളത്. ഈ സമയത്തിനുള്ളില്‍ ഉടമ്പടി പ്രകാരം ഇരു സ്ഥാപനങ്ങളും പരസ്പരശ്രദ്ധ പുലര്‍ത്തുകയും കൃത്യമായ കരാറുകള്‍ അന്തിമമാക്കുകയും ചെയ്യുമെന്നും സീ എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.
സിഇഒ പുനിത് ഗോയങ്ക ഉള്‍പ്പെടെയുള്ള ചിലരെ ബോര്‍ഡില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള മാനേജ്‌മെന്റ് പുന:സംഘടനയ്ക്കായി ഉന്നത നിക്ഷേപകരില്‍ നിന്ന് സീ ടിവി സമ്മര്‍ദ്ദത്തിലായിരുന്നു. രാജി ആവശ്യപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവ വികാസമെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ എന്റര്‍ട്ടെയ്ന്‍മെന്റ് ചാനലുകളിലൊന്നായ സോണിയുമായി മലയാളമുള്‍പ്പെടെ വിവിധ ഭാഷകളിലായി എന്റര്‍ട്ടെയ്ന്‍മെന്റ് വിഭാഗങ്ങളുള്ള ചാനല്‍ ലയിക്കുന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.