പാപ്പരത്ത വക്കിലുള്ള കമ്പനികളിലേറെയും ഉല്‍പാദന മേഖലയില്‍

Update: 2019-08-12 12:11 GMT

ഇന്ത്യയിലെ ഉല്‍പാദന മേഖല താരതമ്യേന ഏറ്റവും കൂടുതല്‍ പാപ്പരത്ത നിയമനടപടികള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിതെന്ന് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി ബോര്‍ഡ് (ഐ.ബി.ബി.ഐ) തയ്യാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക്-ഇന്‍-ഇന്ത്യ മുന്നേറ്റാഹ്വാനം ഉണ്ടായിരുന്നിട്ടും പ്രകടമായി നില്‍ക്കുന്ന ഈ പ്രവണത ഉല്‍പാദന മേഖലയിലെ ബലഹീനതയുടെ സൂചകമാണെന്ന അഭിപ്രായമാണ് വിദഗ്ധര്‍ക്കുള്ളത്.

കമ്പനികളുമായി ബന്ധപ്പെട്ട പാപ്പരത്ത നിയമ പ്രക്രിയകള്‍ നിര്‍ദ്ദേശിക്കുന്ന ഇന്ത്യന്‍ ബാങ്ക്‌റപ്റ്റ്‌സി കോഡ് (ഐ.ബി.സി) നിലവില്‍ വന്നത് 2016 ലാണ്. അതേത്തുടര്‍ന്ന് സമര്‍പ്പിക്കപ്പെട്ട കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസലൂഷന്‍ പ്രോസസ് (ഐ.ആര്‍.പി) അപേക്ഷകളില്‍ 42 ശതമാനവും ഉല്‍പാദന മേഖലയില്‍ നിന്നു വന്നതാണ്. ഇക്കാലത്ത് മൊത്തം 899 ഐ.ആര്‍.പികളാണു ഫയല്‍ ചെയ്തത്.

നോട്ടു നിരോധനത്തെത്തുടര്‍ന്നാണ് പാപ്പരത്ത നിയമനടപടികളിലേക്കു കമ്പനികള്‍ നീങ്ങാനുള്ള സാഹചര്യം തീവ്രമായതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.തുടര്‍ന്ന് ജി.എസ്.ടിയുമായി ബന്ധപ്പെട്ട കുരുക്കുകളും ഉപഭോക്തൃ വിരക്തിയും വിനയായി. വിപണിയിലെ പണലഭ്യത മൂലം വന്നുപെട്ട പ്രതിസന്ധിയും കമ്പനികളെ
സാമ്പത്തികക്കുഴപ്പങ്ങളിലേക്കു നയിച്ചു.

ഉല്‍പ്പന്ന മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കോട്ടമുണ്ടായത് ടെക്‌സ്‌റ്റൈല്‍സ്, ലെതര്‍, വസ്ത്ര കമ്പനികള്‍ക്കാണ്. ഇത്തരം കമ്പനികളില്‍ നിന്നായി 151 പാപ്പരത്ത  അപേക്ഷകളാണു വന്നതെന്ന് ഐ.ബി.ബി.ഐ ഡാറ്റ വെളിപ്പെടുത്തുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷം ഏറ്റവും കൂടുതല്‍ പ്രശ്‌ന ബാധിതമായ മേഖലയാണിത്.
ഇതുവരെ സമര്‍പ്പിച്ച മൊത്തം ഐ.ആര്‍.പികളുടെ എണ്ണം 2,162.

2016 മുതല്‍ 421 ഐ.ആര്‍.പി അപേക്ഷകള്‍ ഫയല്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് മേഖലയാണ് ഉയര്‍ന്ന തോതിലുള്ള പാപ്പരത്ത നടപടികള്‍ക്കു സാക്ഷ്യം വഹിച്ച മറ്റൊരു പ്രധാന മേഖല. മൊത്തം കേസുകളില്‍ ഇതുവരെ 8 % മാത്രമാണ് തീര്‍പ്പായത്. ബാക്കിയുള്ളവ പാപ്പരത്ത നിയമ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലാണ്.

പാപ്പരത്ത നടപടികളൊഴിവാക്കിയുള്ള കമ്പനികളുടെ പുനര്‍ജീവന നിരക്ക് മുന്‍കാലങ്ങളില്‍ 26% വരെ കുറവായിരുന്നു.അതേസമയം, ഇന്ത്യന്‍ ബാങ്ക്‌റപ്റ്റ്‌സി കോഡ് നിലവില്‍ വന്നശേഷം, നിരക്ക് 43% ആയി ഉയര്‍ന്നു.പക്ഷേ, ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ പുനര്‍ജീവന നിരക്ക് 14% മാത്രം.

ഐ.ബി.സി പ്രക്രിയ സമയബന്ധിതമാണെങ്കിലും, വലിയ കേസുകള്‍  പലതും വ്യവഹാരം പോലുള്ള വിവിധ കാരണങ്ങളാല്‍ വല്ലാതെ ഇഴയാനിടയുണ്ട്. എന്നിരുന്നാലും, 300 ദിവസത്തെ പരമാവധി കാലാവധി മുമ്പത്തെ നിയമ പ്രക്രിയയേക്കാള്‍ (ഡി.ആര്‍.ടി, സര്‍ഫേസി) വളരെ മികച്ചതു തന്നെ. ഒരു പതിറ്റാണ്ടായാലും പ്രക്രിയ പൂര്‍ത്തിയാകുമായിരുന്നില്ല-പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ്‌സ് ഏജന്‍സിയായ ' കെയര്‍ റേറ്റിംഗ്‌സ് 'തയ്യാറാക്കിയ നിരീക്ഷണക്കുറിപ്പില്‍ പറയുന്നു.

Similar News