ആഗോള തലത്തില്‍ സ്വാധീനം ചെലുത്തിയ യുവാക്കളുടെ പട്ടികയില്‍ ബൈജുരവീന്ദ്രനും

Update: 2020-09-04 12:17 GMT

പ്രമുഖ യുഎസ് മാഗസിന്‍ ഫോര്‍ച്യൂണ്‍ പുറത്തിറക്കിയ, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ 40 വയസില്‍ താഴെയുള്ള 40 സംരംഭകരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് പതിനൊന്നു പേര്‍. മലയാളിയും ബൈജൂസ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രനും പട്ടികയിലിടം നേടി. സാമ്പത്തികം, സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം, രാഷ്ട്രീയം, മാധ്യമം-വിനോദ മേഖലകളില്‍ നിന്നുള്ളവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുകേഷ് അംബാനിയുടെ മക്കളും ജിയോ ബോര്‍ഡ് ഡയറക്റ്റര്‍മാരുമായ ഇഷ അംബാനി, ആകാശ് അംബാനി, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അദാര്‍ പൂനവാല, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഷവോമിയുടെ ഇന്ത്യന്‍ മേധാവി മനുകുമാര്‍ ജെയ്ന്‍, ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫാര്‍മഈസിയുടെ സ്ഥാപകരായ ധവല്‍ ഷാ, ധര്‍മില്‍ സേത്ത്, സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് അക്ഷയ് നഹേത, ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമായ ടിഡി അമേരിട്രേഡിന്റെ ഡിജിറ്റല്‍ അസറ്റ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജര്‍ ടെക്‌നോളജി (ഡിഎല്‍ടി) ഹെഡ് സുനന്യ തുതേജ, മാവ്‌റിക് വെഞ്ച്വേഴ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അംബര്‍ ഭട്ടാചാര്യ, എസിഎല്‍യു ചീഫ് പ്രോഡക്റ്റ് ആന്‍ഡ് ഡിജിറ്റല്‍ ഓഫീസര്‍ ദീപ സുബ്രഹ്മണ്യം എന്നിവരും പട്ടികയിലിടം നേടി.

39 കാരനായ ബൈജു രവീന്ദ്രന്‍ ഇന്ത്യയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിലൊരാളാണ്. ബില്യണ്‍ ഡോളര്‍ കമ്പനിയായ ബൈജൂസ് ആപ്പിന് കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുന്ന എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ആപ്പിന് മാര്‍ച്ച് മാസത്തില്‍ മാത്രം 60 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. തന്റെ എജ്യുക്കേഷന്‍ ടെക്‌നോളജി കമ്പനിയിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം എളുപ്പമാക്കാന്‍ ബൈജു രവീന്ദ്രന് കഴിഞ്ഞുവെന്ന് മാഗസിന്‍ വിലയിരുത്തുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News