വമ്പന്‍ നീക്കം, പുതിയ രണ്ട് ഏറ്റെടുക്കലുമായി ഇന്ത്യയിലെ അതിവേഗ യൂണികോണ്‍ കമ്പനി

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇടപാടിന്റെ മൂല്യം ഏകദേശം 100 മില്യണ്‍ ഡോളറാണ്

Update: 2022-06-24 05:03 GMT

ഇന്ത്യയിലെ അതിവേഗ യൂണികോണ്‍ കമ്പനിയായ മെന്‍സ ബ്രാന്‍ഡ്സ് പുതിയ ഏറ്റെടുക്കലുമായി രംഗത്ത്. 2021 ല്‍ യൂണികോണായി മാറിയ കമ്പനി കണ്ടന്റ് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ MensXP, ടൈംസ് ഇന്റര്‍നെറ്റില്‍ നിന്നുള്ള iDiva എന്നിവയെയാണ് ഏറ്റെടുക്കാനൊരുങ്ങുന്നത്. ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഈ രണ്ട് കമ്പനികളായും മെന്‍സ ബ്രാന്‍ഡ്സ് ധാരണയായതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉടന്‍ തന്നെ മെന്‍സ ഏറ്റെടുക്കല്‍ പ്രഖ്യാപനവും നടത്തിയേക്കും.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇടപാടിന്റെ മൂല്യം 100 മില്യണ്‍ ഡോളറാണ്. ഈ ഏറ്റെടുക്കലിലൂടെ മെന്‍സ ബ്രാന്‍ഡ്‌സിന് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഇറങ്ങിച്ചെല്ലാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു.
ഡയറക്ട് ടു കണ്‍സ്യൂമര്‍ കമ്പനിയായ മെന്‍സ ബ്രാന്‍ഡ്‌സ് ദിവസങ്ങള്‍ക്ക് മുമ്പ് നോയിഡ പെബിളിലെ ഏറ്റെടുത്തിരുന്നു. 2013ല്‍ അജയ് അഗര്‍വാളും മകള്‍ കോമള്‍ അഗര്‍വാളും ചേര്‍ന്ന് സ്ഥാപിച്ച പെബിള്‍, ഓഡിയോ ഉല്‍പ്പന്നങ്ങള്‍, ഫിറ്റ്‌നസ് വെയറബിളുകള്‍, ചാര്‍ജറുകള്‍, കേബിളുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഇലക്ട്രോണിക് ബ്രാന്‍ഡാണ്. ഇന്ത്യയിലുടനീളം വിപുലമായ ഓഫ്ലൈന്‍ വിതരണ ശൃംഖലയാണ് സ്റ്റാര്‍ട്ടപ്പിനുള്ളത്. Comet, Buds Pro, Crux, Flex Air എന്നിവയാണ് ഇതിന് കീഴിലെ ചില ബ്രാന്‍ഡുകള്‍.
സീരീസ് ബി ഫണ്ടിംഗ് റൗണ്ടിലൂടെ 135 മില്യണ്‍ ഡോളര്‍ സമാഹരിച്ച മെന്‍സ ബ്രാന്‍ഡ്‌സ് 2021 നവംബറിലാണ് യുണികോണ്‍ ക്ലബില്‍ പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം, കിഡ്സ്വെയര്‍ ബ്രാന്‍ഡ് ലില്‍പിക്സ്, ഡെനിം ബ്രാന്‍ഡ് ഹൈ സ്റ്റാര്‍, ജ്വല്ലറി ബ്രാന്‍ഡായ പ്രിയാസി, സ്ത്രീകളുടെ വസ്ത്ര ബ്രാന്‍ഡായ കാരഗിരി എന്നിവ ഉള്‍പ്പെടെ 14 ഡയരക്ട് ടു കണ്‍സ്യൂമര്‍ ബ്രാന്‍ഡുകളെയാണ് മെന്‍സ സ്വന്തമാക്കിയത്.



Tags:    

Similar News