ഇന്ത്യയില്‍ നാലാമത്തെ ഡാറ്റ സെന്റര്‍ തുറക്കാന്‍ മൈക്രോസോഫ്റ്റ്
2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കും
ടെക്‌നോളജി മേഖലയിലെ വമ്പന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ഇന്ത്യയിലെ നാലാമത്തെ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ തുറക്കുന്നു. ഹൈദരാബാദിലാകും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡാറ്റ സെന്റര്‍ തുറക്കുകയെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാല്‍ എത്ര തുക ഇതിനായി നിക്ഷേപിക്കുമെന്നോ കാംപസിന്റെ വലിപ്പമോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 2025 ഓടെ പ്രവര്‍ത്തനം തുടങ്ങാനാണ് പദ്ധതി. തെലങ്കാനയില്‍ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി മൈക്രോസോഫ്റ്റ് 15 വര്‍ഷത്തിനുള്ളില്‍ 15000 കോടി രൂപയാകും ചെലവഴിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. തെലങ്കാനയില്‍ എത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ (FDI)മാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.
2015 ലാണ് മൈക്രോസോഫ്റ്റ് ആദ്യമായി ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ തുറക്കുന്നത്. ഇപ്പോള്‍ മുംബൈ, പൂന, ചെന്നൈ എന്നിവിടങ്ങളില്‍ ഡാറ്റ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഡാറ്റ സെന്റര്‍ തുറക്കുന്നതോടെ മൈക്രോസോഫ്റ്റ് ക്ലൗഡ്, ഡാറ്റ സൊലൂഷന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രൊഡക്റ്റിവിറ്റി ടൂള്‍സ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനാകും. ക്ലൗഡ് മേഖലയില്‍ ഏകദേശം 10 ശതകോടി ഡോളറിന്റെ അവസരങ്ങളാണ് അടുത്ത രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും 20 ശതമാനം വളര്‍ച്ചഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ 4.5 ലക്ഷം മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് എന്‍ജിനീയര്‍മാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഡാറ്റ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് ആനന്ദ് മഹേശ്വരി പറയുന്നു.