സാമ്പത്തിക തിരിമറി: ചൈനീസ് കമ്പനികളായ എം.ജി. മോട്ടോറിനും വിവോയ്ക്കുമെതിരെ കേന്ദ്ര അന്വേഷണം

വിവോയ്ക്കെതിരെ അന്വേഷണവുമായി ഇ.ഡി

Update:2023-11-10 17:09 IST

Image courtesy: MG Motor

സാമ്പത്തിക തിരിമറി ആരോപണങ്ങള്‍ നേരിടുന്ന ചൈനീസ് കമ്പനികളായ എം.ജി. മോട്ടോര്‍, വിവോ എന്നിവയ്ക്കെതിരെ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ആരോപണവുമായി ബന്ധപ്പെട്ട് 2022ലെ കേസിലെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ (RoC) കണ്ടെത്തലുകളെ തുടര്‍ന്നാണ് എം.ജി മോട്ടോറിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണം നടത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ചില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടത്തിയ മുന്‍ അന്വേഷണത്തില്‍ എം.ജി മോട്ടോര്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രസക്തമായ എല്ലാ വിവരങ്ങളും നല്‍കിയിരുന്നതായി കമ്പനിയുടെ വക്താവ് പറഞ്ഞു. 2019-20 വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രവര്‍ത്തന നഷ്ടത്തിന് വിശദീകരണം ആവശ്യപ്പെട്ട് എം.ജി മോട്ടോറിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തില്‍ നിന്ന് മുമ്പ് നോട്ടീസ് ലഭിച്ചിരുന്നു. ചൈനയുടെ എസ്.എ.ഐ.സി മോട്ടോര്‍ ഈ വര്‍ഷമാദ്യം ഇന്ത്യയിലെ എം.ജി മോട്ടോറിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

കള്ളപ്പണം വെളുപ്പിച്ചതായി ആരോപണമുള്ള സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയ്‌ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രത്യേകം അന്വേഷണം നടത്തിയേക്കും. വിവോയുമായി ബന്ധപ്പെട്ട 2022ലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു ചൈനീസ് പൗരന്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News