തീയറ്ററുകള്‍ തുറക്കുന്നു, പക്ഷെ പ്രേക്ഷകര്‍ എത്തുമോ? ഒടിടി വില്ലനോ?

തിയേറ്ററുകള്‍ തുറക്കുമ്പോള്‍ സിനിമ കാണാന്‍ പ്രേഷകര്‍ വരുമോയെന്ന സംശയം ബാക്കി. ഒടിടി വില്ലനാകുമോ?

Update:2021-01-02 13:54 IST

കൊറോണയുടെ പിടിയില്‍ അകപ്പെട്ടു പ്രതിസന്ധിയിലായ പല വ്യവസായങ്ങള്‍ ഉണ്ടെങ്കിലും കേരളത്തില്‍ പൂര്‍ണമായി തന്നെ ദുരിതത്തിലായ ഒരു മേഖലയാണ് സിനിമ തിയറ്ററുകളും അതിന്റെ ഉടമകളും അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളും. ഏകദേശം ഒന്‍പത് മാസങ്ങളായി അടഞ്ഞു കിടക്കുന്ന കേരളത്തിലെ സിനിമ തീയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടെങ്കിലും എത്രത്തോളം പ്രേക്ഷകര്‍ സിനിമാശാലകളിലേക്ക് എത്തുമെന്നതിന്റെ ആശങ്കയിലാണ് തീയറ്റര്‍ ഉടമകള്‍ ഇപ്പോള്‍.

കൂടാതെ കോവിഡിന്റെ സുരക്ഷാ നിര്‍ദേശത്തിന്റെ ഭാഗമായുള്ള 50 ശതമാനം പ്രേക്ഷകര്‍ക്ക് മാത്രം പ്രവേശനമെന്ന വ്യവസ്ഥ മൂലം എത്രത്തോളം ലാഭകരമായി ഈ വ്യവസായം തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയുമെന്ന ഉല്‍ഘണ്ഠയിലാണവര്‍. ഏകദേശം 670 സ്‌ക്രീനുകളാണ് സംസ്ഥാനത്തുള്ളത്. ഇത് വരെ എല്ലാ ജോലികളും പൂര്‍ത്തിയായി റിലീസിന് തയാറായ 85 മലയാളം സിനിമകളാണ് ഉള്ളത്. ഏകദേശം 35 സിനിമകളുടെ ഷൂട്ടിങ്ങും മറ്റു നിര്‍മാണ പ്രവര്‍ത്തങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

28 സിനിമകളാണ് പുതുതായി ചിത്രികരണത്തിനായി തയ്യാറെടുക്കുന്നത്. കൊറോണക്ക് മുമ്പ് തന്നെ പ്രേക്ഷകര്‍ തിങ്ങി നിറഞ്ഞ സിനിമ ശാലകള്‍ റീലിസ് ദിവസം ഒഴിച്ച് അപൂര്‍വ കാഴ്ച്ചയായിരുന്നു മിക്കയിടത്തും. വൈറസിന്റെ വ്യാപനത്തില്‍ ഗണ്യമായ കുറവ് കേരളത്തില്‍ ദൃശ്യമല്ലാത്തതു കൊണ്ട് തീയറ്റര്‍ തുറന്നു കൊടുത്താലും പഴയതു പോലെ സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. വാക്‌സിന്റെ പരീക്ഷണം വിജയമാണെങ്കില്‍ ഈ സാഹചര്യമെല്ലാം അതിജീവിക്കാന്‍ എല്ലാ മേഖലകള്‍ക്കുമാകും.

സിനിമ തീയേറ്ററുകളില്‍ പഴയതു പോലെ കാണികള്‍ എത്തണമെങ്കില്‍ സൂപ്പര്‍ താരങ്ങളടക്കം അഭിനയിച്ച സിനിമകളുടെ ഒരു നിര തന്നെ ആവശ്യമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ റിലീസ് ആകാനുള്ള സൂപ്പര്‍ താര ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവ മോഹന്‍ലാലിന്റെ മരയ്ക്കാര്‍, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയാണ്. ഇവയൊക്കെ ഉടനെ റിലീസിന് എത്താന്‍ സാധ്യതയില്ല. സിനിമ തീയറ്ററിലെ പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും ഇവ എത്തുക.

അതിനിടെ മരക്കാര്‍ മാര്‍ച്ച് 26നു തീയറ്ററില്‍ റിലീസ് ആകുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26നു പുറത്തിറങ്ങാന്‍ ഇരുന്ന ചിത്രമാണ് കൊറോണ മൂലമുണ്ടായ പ്രതിസന്ധി കാരണം ഒരു വര്‍ഷത്തിന് ശേഷം തീയറ്ററില്‍ എത്തുന്നത്. 100 കോടി രൂപ മുടക്കുമുതലില്‍ പുറത്തുവരുന്ന മരക്കാര്‍ തീയറ്ററുകളുടെ പ്രതിസന്ധി മാറ്റാനാണ് സാധ്യത. ഇത് കൂടാതെ ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരം വിജയ് നായകനാകുന്ന മാസ്റ്റര്‍ പൊങ്കലിന് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുണ്ട്. കേരളത്തിലെ തീയറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഇവിടെയും മാസ്റ്റര്‍ റിലീസ് ആകാനുള്ള സാധ്യതയുണ്ട്. ഈ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും ഭാവിയില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ സിനിമ തീയറ്ററില്‍ എത്തുക.

കേരളത്തിലെ പ്രദര്‍ശനശാലകളെ ഉത്സവപ്പറമ്പാക്കി ആദ്യമായി 50 കോടി രൂപ ക്ലബ്ബില്‍ കേറിയ ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ രണ്ടാം പതിപ്പ് പക്ഷെ സിനിമ തീയറ്ററുകളില്‍ എത്തില്ല. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഒടിടി (ഓവര്‍ ദ് ടോപ്) പ്ലാറ്റഫോമായ ആമസോണ്‍ െ്രെപമിലൂടെ ആണ് പുറത്തിറങ്ങുക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു വരികയാണെന്നും ജനുവരി മാസം അവസാനത്തോടെ െ്രെപമിന് കൈമാറുമെന്നും ജിത്തു ജോസഫ് ഒരു ദൃശ്യ മാധ്യമത്തിനോട് പറഞ്ഞു. ഇപ്പോഴത്തെ സൂചനയനുസരിച്ചു ഫെബ്രുവരി മധ്യത്തോടെ ദൃശ്യം 2 െ്രെപമില്‍ എത്താനാണ് സാധ്യത. ഏകദേശം 10 കോടി രൂപ മുടക്കിയ ചിത്രത്തിന് 25 കോടിയോളം രൂപ െ്രെപം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഒടിടി റിലീസിനെ ആദ്യം എതിര്‍ത്ത തിയറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' പ്രസിഡന്റ് കൂടിയായ ആന്റണി പെരുമ്പാവൂരാണു ദൃശ്യത്തിന്റെ നിര്‍മാതാവ് എന്നതാണ് വിരോധാഭാസം. ദൃശ്യം 2 പോലെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഒരു ചിത്രമായിരുന്നു തീയറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ എത്തേണ്ടിയിരുന്നതെന്ന അഭിപ്രായം സിനിമ നിരീക്ഷകര്‍ക്കുണ്ട്. പക്ഷെ മരക്കാര്‍ പോലെ 100 കോടി രൂപയ്ക്കടുത്തു മുടക്കുള്ള ഒരു ചിത്രം കഴിഞ്ഞ ഒമ്പതു മാസമായി പുറത്തിറക്കാന്‍ കഴിയാത്ത ആന്റണി പെരുമ്പാവൂരിനു ഒരു ചിത്രം കൂടി പ്രതിസന്ധിയില്‍ ആകുന്ന ഒരു സാഹചര്യം ഒഴിവാക്കാനാണ് ഒടിടി തീരുമാനമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു.

എന്നാല്‍ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുന്നതിനെതിരെ ഫിലിം ചേമ്പര്‍ വൈസ് പ്രസിഡന്റ് അനില്‍ തോമസ് രംഗത്തെത്തി. 'തിയേറ്റര്‍ ഉടമകള്‍ക്ക് 2021 വഞ്ചനയുടെ വര്‍ഷമായി കണക്കാക്കാം, നിങ്ങളും മോഹന്‍ലാല്‍' എന്ന് അനില്‍ തോമസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

തീയറ്റര്‍ ഉടമകള്‍ അവരുടെ വൈദ്യുതി ബാധ്യത, നികുതി എന്ന കാര്യങ്ങളിലും അനുകൂലമായ തീരുമാനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഏകദേശം 6 ലക്ഷം രൂപയുടെ വൈദ്യുത ബില്‍ കുടിശിക ഓരോ തീയറ്ററിനുമുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഇത് കൂടാതെ അടഞ്ഞു കിടന്ന ഒന്‍പതു മാസം തിയറ്റര്‍ കേടുപാടു കൂടാതെ നോക്കാന്‍ 10 ലക്ഷത്തോളം രൂപ ഓരോ തിയറ്റര്‍ ഉടമയ്ക്കും മുടക്കേണ്ടി വന്നു. കോവിഡ് നിബന്ധനകളനുസരിച്ച് തിയറ്ററുകള്‍ തുറക്കും മുമ്പേ അണുമുക്തമാക്കണം. സാനിറ്റൈസേഷന്‍ നടപടികള്‍ ഓരോ പ്രദര്‍ശനത്തിന്റെ ഇടയിലും വേണ്ടിവരും. പേപ്പര്‍ ടിക്കറ്റുകള്‍ക്കും മാറ്റം വന്നേക്കാം. ഈ നടപടികളെല്ലാം തീയറ്റര്‍ ഉടമകളുടെ ഭാരം കൂട്ടുകയേ ഉള്ളുവെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

ഒരു ചെറിയ തീയറ്റര്‍ ഉടമക്ക് പോലും തന്റെ തീയറ്റര്‍ അടഞ്ഞു കിടക്കുന്ന കാലയളവില്‍ ഏകദേശം 75,000 രൂപയുടെ ചിലവ് വരുമെന്ന് പ്രമുഖ തീയറ്റര്‍ ഉടമയും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. തന്റെ ആറു തീയറ്ററുകള്‍ കേടുപാടു കൂടാതെ സൂക്ഷിക്കാനും, വൈദുതി ചിലവുകളടക്കം ഏകദേശം മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ പ്രതിമാസം ചിലവു വരുന്നുണ്ടെന്നു ബഷീര്‍ പറഞ്ഞു. എന്നാല്‍ വൈദ്യുത നിരക്കില്‍ ഉള്ള ഇളവുകളടക്കം തങ്ങള്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് ഇത് വരെ അനുകൂലമായ നടപടി സര്‍ക്കാര്‍
കൈക്കൊണ്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

'സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റീലിസ് ചെയ്താല്‍ പ്രേക്ഷകര്‍ തീയറ്ററില്‍ എത്തും. ദ്രിശ്യം 2 തീയറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ പ്രേക്ഷകര്‍ വരാന്‍ സാധ്യതയുള്ള ഒരു ചിത്രമായിരുന്നു. മരക്കാര്‍ റിലീസ് ആകുമ്പോള്‍ തീയറ്ററില്‍ പ്രേക്ഷക തിരക്ക് ഉണ്ടാകാന്‍ വളരെയധികം സാധ്യതയുണ്ട്,' ബഷീര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ അനുമതി സ്വാഗതാര്‍ഹമാണെന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' ജനറല്‍ സെക്രട്ടറി എം.സി.ബോബി ഒരു മാധ്യമത്തോട് പറഞ്ഞു. സംഘടനയുടെ യോഗം ചൊവ്വാഴ്ച്ച കൂടി പ്രദര്‍ശനം സംബന്ധിച്ച നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെയ്ക്ക് തീയറ്ററുകള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റ് പല ചിത്രങ്ങളും ഓടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയാണ്. സൈജു കുറുപ്പിനെയും മിയയെയും മുഖ്യ കഥാപാത്രങ്ങളാക്കി പ്രൊഫസര്‍ പ്രകാശ് പോള്‍ സംവിധാനം ചെയ്ത 'ഗാര്‍ഡിയന്‍' ആണ് പുതുവര്‍ഷത്തില്‍ അങ്ങനെ ആദ്യം പുറത്തിറങ്ങുന്ന ചിത്രം. െ്രെപം റീല്‍സ് പ്ലാറ്റ്‌ഫോം വഴിയാണ് ഗാര്‍ഡിയന്‍ പുറത്തിറങ്ങുന്നത്. സൂരജ് വെഞ്ഞാറമൂട് നായകനാകുന്ന വാക്ക്, കോണ്‍ഫെഷന്‍സ് ഓഫ് കുക്കു, സുമേഷ് & രമേശ് എന്നീ ചിത്രങ്ങളും െ്രെപം റീല്‍സ് വഴി ഈ മാസം പുറത്തിറങ്ങും.

എന്നാല്‍ പുതിയ പരീക്ഷണങ്ങളും സാധ്യതകളുമെല്ലാം സിനിമക്ക് ഗുണകരമായി മാറുമെന്ന് ചില സാങ്കേതിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.തമി എന്ന മലയാളം സിനിമയുടെ സംവിധായകന്‍ കെ ആര്‍ പ്രവീണ്‍ പറഞ്ഞു: 'സിനിമ ഇപ്പോഴുള്ള സ്‌ട്രെക്ചറില്‍നിന്ന് മാറാനിടയുണ്ട്. തീയേറ്ററിനായും ഒടിടി, ചാനല്‍ റിലീസാനായുമൊക്കെ ഒരുക്കുന്ന ചിത്രങ്ങളെന്ന രണ്ട് വേര്‍തിരിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിതരണക്കാരെ ലഭിക്കാതെ തീയേറ്റര്‍ റിലീസാക്കാന്‍ കഴിയാതെ പെട്ടിയിലിരിക്കുന്ന കുഞ്ഞ് സിനിമകള്‍ ഇനിയങ്ങോട്ട് തിരിച്ചുവരുമെന്ന് തോന്നുന്നു. അത്തരം സിനിമകള്‍ക്ക് ഒരു നല്ലകാലമാകും ഇത് എന്ന് കരുതുന്നു.'

'അത്തരത്തില്‍ രണ്ട് തരത്തില്‍ സിനിമ വഴിപിരിയും. തീയേറ്റര്‍ ഫോക്കസ് ചെയ്ത് ബിഗ് ബജ്റ്റ്, ഷുവര്‍ ഷോട്ട് ചിത്രങ്ങളും ഡിജിറ്റല്‍ റിലീസ് എന്ന അക്കരപച്ച ലക്ഷ്യമിട്ട് നിര്‍മ്മാണ ചിലവ് കുറഞ്ഞ പരീക്ഷണ ചിത്രങ്ങളും ഉണ്ടാകും.'

ആളുകള്‍ മറ്റു മേഖലകളില്‍ എന്ന പോലെ സിനിമ തീയറ്ററുകളില്‍ എത്തുമെന്ന് പ്രവീണ്‍ അഭിപ്രായപ്പെടുന്നു: 'ആളുകള്‍ തീയേറ്ററിലേക്ക് തിരിച്ചുവരുമോ എന്ന ചര്‍ച്ച ഗഹനമായി സിനിമാ മേഖലയിലുണ്ട്. കൊവിഡിന് ശേഷം ഹോട്ടുലുകള്‍ നിറഞ്ഞുകവിഞ്ഞ് തുടങ്ങിയില്ലേ, റോഡിലൊക്കെ, ബസിലൊക്കെ എന്താണോ സ്ഥിതി അത് തന്നെയാകും തീയേറ്ററില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു.'
പുതിയ പ്രവണത ആത്യന്തികമായി സിനിമാ എന്ന വ്യവസായത്തിന് കരുത്തു പകരുമെന്ന് ഈ യുവ സംവിധായകന്‍ വിശ്വസിക്കുന്നു.

'സിനിമ എങ്ങും പോയിട്ടില്ല, സിനിമ ഇപ്പോഴും നിലനില്‍ക്കുന്നു. ആളുകള്‍ ശക്തമായി ഡിജിറ്റല്‍ പ്ലാറ്റ്!ഫോമില്‍ സിനിമ കണ്ട് തുടങ്ങി. പ്രായം ചെന്നവരൊക്കെ ഒടിടിയില്‍ പഴയ ചിത്രങ്ങള്‍ വരെ തിരഞ്ഞെടുത്ത് കാണുന്നുണ്ട്. സിനിമയിലെ തൊഴില്‍ മേഖലയെ കൊവിഡ് ബാധിച്ചെങ്കിലും സിനിമയെ തൊടാന്‍ പോലും ആയിട്ടില്ല,' അദ്ദേഹം പറഞ്ഞു.


Tags:    

Similar News