മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരിവില വ്യാഴാഴ്ച രണ്ടു മാസത്തെ താഴ്ന്ന നിലയിലാണ്. മോർണിംഗ് സെഷനിൽ 3 ശതമാനമാണ് വിലയിടിവ് രേഖപ്പെടുത്തി 1,272.30 രൂപയിലെത്തി.
രാജ്യാന്തര ബ്രോക്കറേജ് കമ്പനിയായ മോർഗൻ സ്റ്റാൻലി കമ്പനിയുടെ സ്റ്റോക്കിനെ 'ഡൗൺഗ്രേഡ്' ചെയ്തതാണ് കാരണം. രണ്ടു വർഷത്തെ തിളക്കമാർന്ന പ്രകടനത്തിന് ശേഷമാണ് ഈ ഡൗൺഗ്രേഡ് ഉണ്ടായിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
മോർഗൻ സ്റ്റാൻലി RIL സ്റ്റോക്കിനെ ‘overweight’ എന്നതിൽ നിന്ന് ‘equal-weight’ എന്ന ഗ്രേഡിലേക്കാണ് തരം താഴ്ത്തിയത്. ഓഹരി വില ടാർഗറ്റ്: 1,349/ഷെയർ.
മെയ് 3 മുതൽ ഇന്നുവരെ ഏകദേശം 10 ശതമാനം ഇടിവാണ് RIL ഓഹരികളിൽ ഉണ്ടായിരിക്കുന്നത്. ഒരാഴ്ചകൊണ്ട് 88,000 കോടി രൂപയാണ് മാർക്കറ്റ് ക്യാപ്പിൽ (mcap) കമ്പനിക്കുണ്ടായ നഷ്ടം.
റിലയൻസിന്റെ എനർജി ബിസിനസ് പ്രതിസന്ധികൾ നേരിടാൻ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൗൺഗ്രേഡ്. കമ്പനിയുടെ ഉയരുന്ന കടവും നിക്ഷേപകരെ ആശങ്കപ്പെടുത്തുണ്ട്.
കഴിഞ്ഞയാഴ്ച റിലയൻസ് ഓഹരികൾ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. 9 ലക്ഷം കോടി മാർക്കറ്റ് ക്യാപിന് തൊട്ടരികെയെത്തിയതിനു ശേഷമായിരുന്നു ഇടിവ് സംഭവിച്ചത്.
ജനുവരി-മാർച്ച് പാദം, കമ്പനി തങ്ങളുടെ റീറ്റെയ്ൽ, ടെലികോം ബിസിനസുകളുടെ പിൻബലത്തിൽ മികച്ച കൺസോളിഡേറ്റഡ് പ്രോഫിറ്റ് നേടിയിരുന്നു.