സ്ത്രീ ശാക്തീകരണത്തിന് നൂതന പദ്ധതിയുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്, പിന്തുണയുമായി വിദ്യാ ബാലനും

Update:2020-04-29 17:42 IST

'വനിതകള്‍ മാറ്റത്തിന് കാരണക്കാരാകൂ' എന്ന നൂതന വനിതാശാക്തീകരണ പദ്ധതിയുമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വനിതകള്‍ക്ക് സ്വന്തമായി സംരംഭം തുടങ്ങാനും അത് കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങാകാനും വിധമുള്ള പരിപാടിക്കാണ് ഗ്രൂപ്പ് തുടക്കമിട്ടിരിക്കുന്നത്.

ആദ്യഘട്ടമായി വനിതകള്‍ നിര്‍മിക്കുന്ന ഒരു ലക്ഷം മാസ്‌കുകള്‍ക്ക് ഗ്രൂപ്പ് ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ''#WomenBeTheChange എന്നത് ഒരു നൂതനമായ പദ്ധതിയാണ്. ഞങ്ങളുടെ മൈക്രോഫിനാന്‍സ് സംരംഭത്തിലൂടെ 20 ലക്ഷം വനിതകളിലേക്ക് ഞങ്ങള്‍ സേവനം എത്തിക്കുന്നുണ്ട്. സ്ത്രീകളുടെ നിശ്ചയദാര്‍ഢ്യവും സംരംഭകത്വ മികവും സ്വന്തം കുടുംബത്തിന്റെ ഉപജീവനമാര്‍ഗം ഉറപ്പാക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും ഞങ്ങള്‍ക്ക് നേരിട്ടറിയാവുന്ന കാര്യമാണ്. ഈ കോവിഡ് കാലത്ത് വനിതകള്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതി അവതരിപ്പിക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിനുകൂടി ഉപകരിക്കണമെന്ന ലക്ഷ്യമാണ് ഞങ്ങള്‍ക്കുള്ളത്,'' മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്ററും മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററുമായ തോമസ് മുത്തൂറ്റ് പറയുന്നു.

ഇതിനെ പിന്തുണച്ച് ബോളിവുഡ് നടിയും പത്മ പുരസ്‌കാര ജേതാവുമായ വിദ്യ ബാലന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മാസ്‌ക് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന വനിതകളെ പ്രകീര്‍ത്തിച്ചുകൊണ്ട്, ഈ വനിതകളാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തൂണുകളെന്നും രാജ്യത്തിന്റെ ഊര്‍ജ്ജസ്വലമായ ഭാവിയുടെ വക്താക്കളെന്നും വിദ്യാ ബാലന്‍ പറയുന്നു.

ശശി തരൂര്‍ എം പി, ക്രിക്കറ്റ് താരം പൃഥ്വി ഷാ എന്നിവരും സംരംഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News