ഐ.ഐ.ടി ബോംബെയ്ക്ക് നിലേകനിയുടെ ₹ 315 കോടി സംഭാവന

രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും വലിയ സംഭാവന

Update:2023-06-20 16:09 IST

Image:IIT Bombay/linkedin

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലേക്ക് 315 കോടി രൂപ (38.5 മില്യണ്‍ ഡോളര്‍) സംഭാവന നല്‍കി പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നന്ദന്‍ നിലേകനി. രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ഇത്തരത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 

ലക്ഷ്യങ്ങളേറേ

ശതകോടീശ്വരനായ നന്ദന്‍ നിലേകനി മുമ്പ് 85 കോടി രൂപ ഐ.ഐ.ടി ബോംബെയ്ക്ക് സംഭാവനയായി നല്‍കിയിട്ടുണ്ട്. ഇതോടെ സ്ഥാപനത്തിന് നല്‍കിയ മൊത്തം സംഭാവന 400 കോടി രൂപയിലെത്തി (49 മില്യണ്‍ ഡോളര്‍). ഐ.ഐ.ടി ബോംബെയുടെ ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പ് പരിതസ്ഥിതിയെ സഹായിക്കുന്നതോടൊപ്പം ഉയര്‍ന്നുവരുന്ന മേഖലകളില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ സംഭാവനയെന്ന് ഇതുമായി ബന്ധപ്പെട്ട കരാറില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗ്രീന്‍ എനര്‍ജി, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വിവിധ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഐ.ഐ.ടി ബോംബെ ഉദ്ദേശിക്കുന്നതായി അറിയിച്ചിട്ടുണ്ട്. തനിക്ക് ഇത്രയധികം പിന്തുണ നല്‍കിയ സ്ഥാപനത്തിനോടുള്ള ആദരവാണിതെന്നും നാളെ വരാനിരിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളോടുള്ള പ്രതിബദ്ധത കൂടെയാണിതെന്നും നന്ദന്‍ നിലേകനി പറഞ്ഞു. ഐ.ഐ.ടി ബോംബെയില്‍ 1973ലാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദത്തിനായി നന്ദന്‍ നിലേകനി ചേര്‍ന്നത്. 1981-ല്‍ അദ്ദേഹം ഇന്‍ഫോസിസിന്റെ സഹസ്ഥാപകനായി.

ഇവരുമുണ്ട് കൂടെ

നന്ദന്‍ നിലേകനിയെ പോലെ ഇത്തരത്തില്‍ സംഭാവന നല്‍കിയ ശതകോടീശ്വരന്മാർ ഈ പട്ടികയില്‍ ഇനിയുമുണ്ട്. ഇന്‍ഫോസിസിന്റെ മറ്റൊരു സഹസ്ഥാപകനായ നാരായണ മൂര്‍ത്തി ഇന്ത്യയുടെ സാഹിത്യ പൈതൃകത്തെക്കുറിച്ചുള്ള പഠനത്തിനായി ഹാര്‍വേഡ് സര്‍വകലാശാലയ്ക്ക് 41 കോടി രൂപയിലധികം സംഭാവന നല്‍കിയിട്ടുണ്ട്.

എച്ച്.സി.എല്‍ ലിമിറ്റഡിന്റെ സ്ഥാപകനായ ശിവ് നാടാര്‍ വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കുന്നൊരു ഫൗണ്ടേഷനായി 98 കോടി രൂപയോളം മാറ്റിവച്ചിട്ടുണ്ട്. പ്രേംജി സര്‍വകലാശാല നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് 2019ല്‍ വിപ്രോ ലിമിറ്റഡിന്റെ ചെയര്‍മാന്‍ അസിം പ്രേംജി കമ്പനിയുടെ കോടിക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ സംഭാവന ചെയ്തിരുന്നു.

Tags:    

Similar News