ഗോ ഫസ്റ്റിന്റെ പാപ്പര്‍ ഹര്‍ജി അംഗീകരിച്ചു
കമ്പനിയുടെ നടത്തിപ്പിനായി എന്‍.സി.എല്‍.റ്റി ഇടക്കാല ഉദ്യോഗസ്ഥനെ നിയമിച്ചു
സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പാപ്പരത്തത്തിന് ഹര്‍ജി നല്‍കിയ ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ ആവശ്യം നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.റ്റി) അംഗീകരിച്ചു. പൂര്‍ണ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ നടത്തിപ്പിനായി ഇടക്കാല ഉദ്യോഗസ്ഥനായി(IRP-Interim Resolution Professional) പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ അല്‍വരേസ് ആന്‍ഡ് മാര്‍സലിന്റെ അഭിഷേക് ലാലിനെ നിയമിക്കുകയും ചെയ്തു.
ജീവനക്കാരെ പിരിച്ചുവിടില്ലെന്ന് ഉറപ്പാക്കാന്‍ ഐ.ആര്‍.പിയുമായി സഹകരിക്കാനും കമ്പനിയുടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡയറക്ടര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി. 7000 ജീവനക്കാരാണ് കമ്പനിക്കുള്ളത്. നടത്തിപ്പ് ചെലവുകള്‍ക്കായി ഉടന്‍ തന്നെ അഞ്ച് കോടി രൂപ നിക്ഷേപിക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശ്വാസ നടപടി
പാപ്പരത്തത്തിനുള്ള ഹര്‍ജി അംഗീകരിച്ചതോടെ കമ്പനിയുടെ കടം ഉള്‍പ്പെടെയുള്ള ധനകാര്യതിരിച്ചടവുകള്‍ക്ക് മോറട്ടോറിയം ലഭിച്ചു. ഗോ ഫസ്റ്റിന് വായ്പ നല്‍കിയിട്ടുള്ള ബാങ്കുകള്‍ക്കോ മറ്റ് ഇടപാടുകാര്‍ക്കോ നിയമപരമായി തിരിച്ചുപിടിക്കല്‍ നടപടികളുമായി ഇനി മുന്നോട്ടു പോകാനാകില്ല. അതായത്, പാപ്പരത്തം പൂര്‍ത്തിയാകുന്നതുവരെ ഗോ ഫസ്റ്റിന്റെ എല്ലാ ആസ്തികളും സ്വത്തുക്കളും നിലവിലേതു പോലെ തുടരും.
വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുള്ള വിദേശ കമ്പനികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമാനങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടത്തി വരുന്ന വേളയിലുള്ള നിര്‍ണായകമായ ഉത്തരവ് ഗോഫസ്റ്റിന് ആശ്വാസമാണ്. പാപ്പരത്ത നടപടികള്‍ തുടങ്ങിയാല്‍ അത്തരം തിരിച്ചെടുക്കലുകള്‍ക്ക് വിലക്കുണ്ട്. ജാക്‌സണ്‍ സ്‌ക്വയര്‍ ഏവിയേഷന്‍, എസ്.എം.ബി.സി ഏവിയേഷന്‍ ക്യാപിറ്റല്‍, സി.ഡി.ബി ഏവിയേഷന്റെ ജി.വൈ ഏവിയേഷന്‍ ലീസിംഗ് തുടങ്ങിയവയാണ് ഗോഫസ്റ്റിന്റെ വിദേശ ലീസര്‍മാര്‍.ഇതാദ്യമായാണ് ഒരു വിമാനകമ്പനി കടം തിരിച്ചടയ്ക്കാനും കോണ്‍ട്രാക്റ്റുകള്‍ പുന:ക്രമീകരിക്കാനും പാപ്പരത്ത നിയമത്തെ ആശ്രയിക്കുന്നത്.
ഇടക്കാല നേതൃത്വം വരുന്നത് ഗോ ഫസ്റ്റിന് പ്രതിസന്ധിയില്‍ നിന്ന് പുറത്തുകിടക്കാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തലുകള്‍. കമ്പനിയുടെ പ്രവര്‍ത്തന ക്ഷമത നിലനിര്‍ത്താന്‍ ഈ തീരുമാനം സഹായിക്കും. നിലവില്‍ പ്രവര്‍ത്തന സജ്ജമായ 27 വിമാനങ്ങള്‍ സര്‍വീസ് തുടരുമെന്നാണ് കരുതുന്നത്.
എന്‍ജിന്‍ തകരാര്‍ നഷ്ടമുണ്ടാക്കി
ഈ മാസം ആദ്യമാണ് വാഡിയ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഗോ ഫസ്റ്റ് ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി നിയമം (ഐ.ബി.സി കോഡ് - 2016) അനുസരിച്ച് പാപ്പരത്ത ഹര്‍ജി സമര്‍പ്പിച്ചത്. അമേരിക്കന്‍ കമ്പനിയായ പ്രാറ്റ് ആന്റ് വിറ്റ്‌നി നിര്‍മിക്കുന്ന എഞ്ചിനുകളിലെ പിഴവുമൂലം സര്‍വീസുകള്‍ മുടങ്ങുകയും 10,800 കോടി രൂപയുടെ നഷ്ടം നേരിടുകയും ചെയ്തുവെന്നാണ് ഗോ ഫസ്റ്റ് ആരോപിക്കുന്നത്.
വിവിധ ബാങ്കുകളിലായി 6,521 കോടി രൂപയുടെ ബാധ്യതയാണ് ഗോഫസ്റ്റിനുള്ളത്. ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക്, ഡോയിച്ച് ബാങ്ക്. ആക്‌സിസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ അഞ്ച് ബാങ്കുകള്‍ ചേര്‍ന്നാണ് ഇത്രയും തുക വായ്പ നല്‍കിയിരിക്കുന്നത്. കടം തിരിച്ചടയ്ക്കാതിരിക്കാനല്ല, കടം പുന:ക്രമീകരിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
മെയ് 19 വരെ എല്ലാ സര്‍വീസുകളും കമ്പനി നിര്‍ത്തിവച്ചിരുന്നു. മുന്നറിയിപ്പില്ലാതെ സര്‍വീസ് മുടക്കിയതിനെ തുടര്‍ന്ന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ ഗോഫസ്റ്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ടിക്കറ്റ് വില്‍പ്പനയും ബുക്കിംഗും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.