ഫ്രാഞ്ചൈസി മേഖലയില്‍ വരാനിരിക്കുന്നത് വലിയ മാറ്റങ്ങള്‍

Update:2018-07-24 17:12 IST

സ്ഥിരമായ പ്രകടനം നടത്തുന്ന ചെറിയ സംരംഭങ്ങള്‍ ഫ്രാഞ്ചൈസി ബിസിനസിലൂടെ വിപുലീകരണം സാധ്യമാക്കുകയും അത് അവരെ മികച്ചൊരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിലൂടെ വിപുലീകരണത്തിനുള്ള ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുകയും ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു.

എന്തൊക്കെയായാലും പുതിയ മേഖലകള്‍ തുറന്നും പഴയ മേഖലകള്‍ ഇല്ലാതായും ഇന്‍ഡസ്ട്രി വളരുകയാണ്. മൊബീല്‍ ഇന്‍ഡസ്ട്രി, ലാപ്‌ടോപ്പ് സെയ്ല്‍സ് & സര്‍വീസ്, ഹോം അപ്ലയന്‍സസ്, ബ്യൂട്ടി & സ്പാ, ക്ലോത്തിംഗ്, കിഡ്‌സ് വെയര്‍, ഫുഡ് ഇന്‍ഡസ്ട്രി തുടങ്ങിയവ പുതിയ വിപണി സാഹചര്യത്തില്‍ കൂടുതലായി വന്നു കൊണ്ടിരിക്കുന്നു. ഒഴിച്ചു കൂടാനാവാത്തതും ആവശ്യക്കാര്‍ ഏറെയുള്ളതുമാണ് ഈ മേഖലകള്‍. നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത വന്നിട്ടുണ്ട്.

സിസോ സര്‍ട്ടിഫിക്കേഷന്‍, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയവ ഉദാഹരണം. ബിഗ് ഡാറ്റ, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ കോഴ്‌സുകളിലൂടെ കംപ്യൂട്ടര്‍ പഠന മേഖല പതിയെ ഉയര്‍ന്നു വരുന്നുണ്ട്. കേരളം ആസ്ഥാനമായുള്ള നെറ്റ്‌വര്‍ക്ക് സിസ്റ്റംസ്, കാഡ് സെന്ററുകള്‍ എന്നിവയെല്ലം ഈ മേഖലയില്‍ നിന്നുള്ളവരും നൈപുണ്യ വികസന പരിശീലന പരിപാടികളിലൂടെ നേട്ടം ഉണ്ടാക്കാന്‍ കഴിയുന്നവരുമാണ്.

സലൂണ്‍ ഇന്‍ഡസ്ട്രിയില്‍ ബ്ലോസം കൊച്ചാറിന്റെ അരോമ മാജിക് ഫ്രാഞ്ചൈസി രംഗത്ത് പുതിയ ആശയങ്ങളുമായി വരുന്നുണ്ട്. ഗ്രീന്‍ സലൂണ്‍ എന്ന ആശയമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. തികച്ചും പരിസ്ഥിതി സൗഹൃദമായ സമീപനത്തിലൂടെ ഇന്റീരിയര്‍ ഡിസൈനിംഗിലും ഇവര്‍ പുതുമകള്‍ അവതരിപ്പിക്കുന്നു.

നിരവധി ബ്രാന്‍ഡുകള്‍

ഇന്ന് നിരവധി ബ്രാന്‍ഡുകള്‍ ഫ്രാഞ്ചൈസി അവസരങ്ങളുമായി വരുന്നുണ്ട്. അവയില്‍ ഭൂരിഭാഗത്തിനും 35 ശതമാനത്തിലേറെ വാര്‍ഷിക വളര്‍ച്ചയും കൈവരിക്കാനായിട്ടുണ്ട്. പുതിയ മോഡലുകള്‍ ഉരുത്തിരിഞ്ഞു വരികയും ഫീ ഘടനയില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

ഒന്നിച്ചു നീങ്ങാന്‍ പ്രയാസമുള്ള രണ്ടു ബ്രാന്‍ഡുകളുടെ കൂടിച്ചേരലിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. അവ ഒരേ ഇന്‍ഡസ്ട്രിയില്‍ ഉള്ളതോ ഒരേ മേഖലയില്‍ പെട്ടതോ അല്ല. എന്നിട്ടും അവര്‍ യോജിച്ചു.

ചൈന്നെ ആസ്ഥാനമായുള്ള കാഡ് ട്രെയ്‌നിംഗ് സ്ഥാപനമായ കാഡ് സെന്ററിനെ കുറിച്ച് നമുക്കറിയാം. രാജ്യത്താകമാനം 600 ലേറെ സെന്ററുകള്‍ ഇവര്‍ക്കുണ്ട്. യുഎസ്എയിലടക്കം 24 ലേറെ രാജ്യങ്ങളിലും കമ്പനിയുടെ സാന്നിധ്യമുണ്ട്. എട്ടു വര്‍ഷത്തിലേറെ കാലം ഇതിന്റെ ഫ്രാഞ്ചൈസിംഗ് വിഭാഗത്തെ നയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഫ്രാഞ്ചൈസ് പങ്കാളിക്ക് കൂടുതല്‍ പണം ലഭ്യമാക്കുന്ന തരത്തില്‍ ഫ്രാഞ്ചൈസി അനുകൂല സമീപനത്തിലൂടെ ഈ ബ്രാന്‍ഡിനെ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ വ്യാപിപ്പിക്കുകയും ബ്രാന്‍ഡിനെ ഏറെ കാലം നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യമാണ് എനിക്കു്ണ്ടായിരുന്നത്.

ബ്രാന്‍ഡ് ഉടമകളായ ചെയര്‍മാന്‍ ആര്‍ പാര്‍ത്ഥസാരഥിയുടെയും മാനേജിംഗ് ഡയറക്റ്റര്‍ എസ് കെ സെല്‍വന്റെയും മഹത്തായ വീക്ഷണം അവരുടെ ബിസിനസ് പങ്കാളികളുടെ വളര്‍ച്ച ഉറപ്പു വരുത്തുകയും ഐറ്റി മേഖലയിലാകെ പടര്‍ന്ന പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാല്‍ പ്രാപ്തമാക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു പുതിയ വഴിത്തിരിവില്‍ എത്തുന്നത്.

ഇന്ത്യയിലെ സലൂണ്‍ രംഗത്തു ണ്ടായ ഒരു വലിയ വിപ്ലവത്തിന്റെ ഭാഗമായിരുന്നു ഞാന്‍. ഏറ്റവും മികച്ച സലൂണ്‍ ബ്രാന്‍ഡുകളായ ഗ്രീന്‍ ട്രെന്‍ഡ്‌സ്, ലൈംലൈറ്റ് സലൂണ്‍സ് എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

അസംഘടിതമായ സലൂണ്‍ മേഖലയെ സംഘടിതമാക്കിയ ഒരു പുതിയ റീറ്റെയ്ല്‍ മോഡലും ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുണ്ട്. നാച്വറല്‍സ് പോലുള്ള ബ്രാന്‍ഡുകളാണ് ഇത് സാധ്യമാക്കിയത്, സി കെ കുമാരവേല്‍, വീണ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് അഞ്ഞൂറിലേറെ നാച്വറല്‍സ് സലൂണുകള്‍ ഇന്ത്യയിലുണ്ട്.

പാര്‍ട്ണര്‍ഷിപ്പിലൂടെ നേട്ടം

ഈ ബ്രാന്‍ഡുകളെക്കുറിച്ച് കൂടുതല്‍ മനസിലായപ്പോള്‍ എനിക്ക് തോന്നിയ ഒരു ആശയം ഞാന്‍ എസ് കെ സെല്‍വനുമായി പങ്കുവെച്ചു സലൂണ്‍ മേഖലയില്‍ ജീവനക്കാരുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ഈ രംഗത്ത് ആവശ്യമായ വിദ്യാഭ്യാസ പരിശീലനം നല്‍കുന്ന ഒരു സ്ഥാപനം ആരംഭിക്കുക എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം. രാജ്യത്തെ മികച്ച പരിശീലന കേന്ദ്രങ്ങളിലൊന്നായ കാഡ് സെന്ററിന് ഈ മേഖലയില്‍ ഒരു വെര്‍ട്ടിക്കല്‍ ആരംഭിക്കാന്‍ കഴിയും എന്ന് എനിക്ക് തോന്നി. പിന്നീട് കാഡ് സെന്ററിന്റെ വാര്‍ഷിക ഫ്രാഞ്ചൈസി മീറ്റിംഗില്‍ സി കെ കുമാരവേല്‍ പങ്കെടുക്കുമ്പോഴാണ് ഈ ആശയം കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ മീറ്റിംഗിലെ വളരെ പോസിറ്റിവായ അന്തരീക്ഷത്തിലാണ് നാച്വറല്‍സും കാഡ് സെന്ററും വളരെ ലളിതമായ ഒരു മോഡലിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

മറ്റേത് മേഖലയിലും പോലെ അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഫ്രാഞ്ചൈസി ഫീസും ഓരോ ബില്ലിലും 15 ശതമാനം റോയല്‍റ്റിയുമാണ് സലൂണുകള്‍ പൊതുവെ ചാര്‍ജ് ചെയ്യുന്നത്. എന്നാല്‍ ഈ രണ്ട് ബ്രാന്‍ഡുകള്‍ ഒരുമിച്ചപ്പോള്‍ ഒരു പുതിയ രീതി തന്നെ നിലവില്‍ വന്നു. എപ്പോഴും പങ്കാളിക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാന്‍ സഹായിക്കുക എന്നതാണ് കാഡ് സെന്ററിന്റെ നയം. 12 മാസത്തേയ്ക്ക് ഒരു നിശ്ചിത തുക നല്‍കി ബ്രാന്‍ഡ് അവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതായത് ഒരു വര്‍ഷത്തേയ്ക്ക് വാടക നല്‍കി എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നതുപോലെ. നാച്വറല്‍സും കാഡ് സെന്ററും ഒരുമിച്ച് പ്രവര്‍ത്തിച്ചതും ഇങ്ങനെ തന്നെ, ബ്രാന്‍ഡിന്റെ പേര് ഉപയോഗിക്കുന്നതിനു ഒരു വര്‍ഷം ഒരു നിശ്ചിത തുക ഫ്രാഞ്ചൈസി ഫീ ആയി നല്‍കിയാല്‍ മതിയായിരുന്നു. ഇത് ഫ്രാഞ്ചൈസി രംഗത്തുണ്ടായ വളരെ പ്രധാനമായ ഒരു മാറ്റമാണ്.

മനോഭാവം പ്രധാനം

ഒരു മികച്ച ലീഡര്‍ഷിപ്പ് ടീമും സ്ഥിരമായ ഫ്രാഞ്ചൈസി മാനേജര്‍മാരും ഫ്രാഞ്ചൈസികളെ വിജയിപ്പിക്കാനുള്ള മനസുമാണ് ഇവിടെ പ്രധാനം. അല്ലാതെ സ്വന്തം നിലനില്‍പ്പിനുവേണ്ടി പങ്കാളികളെ ഉപയോഗപ്പെടുത്തുന്നതല്ല. മികച്ച ഫ്രാഞ്ചൈസി പങ്കാളിത്തത്തിനായി എഫ്ജി എന്ന പേരില്‍ ഒരു പ്രത്യേക ബ്രാന്‍ഡ് തന്നെ കാഡ് സെന്ററിനുണ്ട്. ഒരു ടെക്‌നോളജി കമ്പനിക്ക് സലൂണ്‍ മേഖലയില്‍ എന്ത് ചെയ്യാന്‍ കഴിയും എന്നത് സ്വാഭാവികമായ ചോദ്യം. ഫ്രാഞ്ചൈസി രംഗത്ത് ഒരു മികച്ച ഉദാഹരണം തന്നെയാണ് കാഡ് സെന്റര്‍. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭിക്കുന്ന രീതിയില്‍ നാച്വറല്‍സിന്റെ ഫ്രാഞ്ചൈസി സെന്റ

റുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കാഡ് സെന്ററിന് കഴിയുന്നു.

ഇന്ത്യയിലെ ഫ്രാഞ്ചൈസിംഗ് മേഖലയില്‍ ഇനി വരുന്ന വര്‍ഷങ്ങളില്‍ ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഈ പാര്‍ട്ട്ണര്‍ഷിപ്പിനു കഴിയും. പല ബ്രാന്‍ഡുകള്‍ക്കും ഇത് പിന്തുടരാവുന്നതാണ്.

ആയുര്‍വേദത്തിനും സാധ്യത

കേരളത്തിലെ ആയുര്‍വേദ രംഗത്തിനും ഇനി ഇത്തരം സാധ്യതകള്‍ ഏറെയാണ്. ഇന്‍ഷ്വറന്‍സ് കവറേജ് കിട്ടുന്നതുകൊണ്ട് സൗഖ്യ ചികിത്സാ മാര്‍ഗങ്ങള്‍ക്കും കൂടുതല്‍ അവസരങ്ങളുണ്ട്.ഈ രംഗത്തേയ്ക്ക് കൂടുതല്‍ ഫ്രാഞ്ചൈസര്‍മാരെ ആകര്‍ഷിച്ച് കേരളം ഒരു പുതിയ മാതൃക തന്നെ സൃഷ്ടിക്കും. അടുത്ത അഞ്ച് പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുവ സംരംഭകര്‍ക്ക് മികച്ച ഫ്രാഞ്ചൈസി മോഡലുകള്‍ സ്വീകരിക്കാനും 'മേക്ക് ഇന്‍ ഇന്ത്യ' ബ്രാന്‍ഡുകള്‍ സൃഷ്ടിക്കാനും കഴിയുമെന്നുറപ്പ്. ചോലയില്‍ ഗ്രൂപ്പിന് ചെന്നൈയിലുള്ള സഞ്ജീവനം ക്ലിനിക് നല്‍കുന്നത് വാല്യൂ ഫോര്‍ മണി ചികിത്സാരീതികളാണ്. മറ്റൊരു ബ്രാന്‍ഡ് തിരുവനന്തപുരത്ത് നിന്നുള്ള Adara ആണ്. ബാംഗ്ലൂരിലും തിരുവനന്തപുരത്തും തിരുവല്ലയിലും ഗോര്‍ഗാവിലും ഇവര്‍ക്ക് സ്റ്റോറുകളുണ്ട്.

ഫിറ്റ്‌നസ്, വെല്‍നസ് സെന്ററുകള്‍ക്ക് ഇന്ന് ഏറെ അവസരങ്ങളുണ്ട്. സുംബാ, സല്‍സ, ഏറോബിക്‌സ് എന്നിങ്ങനെ വ്യത്യസ്തമായ പല ഇനങ്ങളും ഇവയുടെ ഭാഗമാണിപ്പോള്‍. ഡയഗ്‌നോസ്റ്റിക് മേഖലയാണ് മറ്റൊന്ന്. തൈറോകെയര്‍, മെട്രോപോളിസ്, ഭാരത് സ്‌കാന്‍സ്, മെഡി ഓള്‍, യൂ ടെക്ക് കെയര്‍ തുടങ്ങി അനവധി സംരംഭങ്ങള്‍ ഈ രംഗത്തുണ്ട്. പല സംസ്ഥാനങ്ങളിലും ഇവയ്ക്ക് സാന്നിധ്യമുണ്ട്. അതോടൊപ്പം ഇത്തരം സെന്ററുകള്‍ക്ക് ഹോസ്പിറ്റലുകളില്‍ ഇടം ലഭിക്കുന്നത് ഒരു നല്ല ഫ്രാഞ്ചൈസി നിക്ഷേപ അവസരമായി കാണാം.

വി സ്റ്റാര്‍, ജോക്കി തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പം സംരംഭകര്‍ക്ക് ഏറെ അവസരങ്ങളൊരുക്കി പല പുതിയ കമ്പനികള്‍ രംഗത്തെത്തുന്നത് വസ്ത്ര റീറ്റെയ്ല്‍ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാകും. സലൂണ്‍ പോലെ മള്‍ട്ടി ബ്രാന്‍ഡ് ക്ലോത്തിങ്, വാച്ച് ഷൂ സ്റ്റോറുകള്‍, ഭക്ഷ്യ മേഖല എന്നിവയില്‍ നിക്ഷേപങ്ങളുണ്ടാകും. ഗേമിങ്, എന്റര്‍ടെയ്ന്‍മെന്റ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്ന നാളുകളാണിനി വരാനിരിക്കുന്നത്. കാലിഡോസോണ്‍, ക്രിക്കറ്റ് ഫീവര്‍ തുടങ്ങിയ പല കമ്പനികളും വിആര്‍ ടെക്‌നോളജി ഉപയോഗിച്ച് ഏറെ ശ്രദ്ധ നേടുന്നുണ്ടിപ്പോള്‍.

ഒരു പാട് മാറ്റങ്ങള്‍ ഇനി റീറ്റെയ്ല്‍ മേഖലയില്‍ പ്രതീക്ഷിക്കാം, ഫ്രാഞ്ചൈസി സൗഹൃദമായ, ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന, ഇന്നോവേഷന്‍സ് കൊണ്ടുവരുന്ന ബ്രാന്‍ഡുകള്‍ മാത്രമേ ഇനി നിലനില്‍ക്കുകയുള്ളൂ. മറ്റുള്ളവ ഇല്ലാതാകും, അല്ലെങ്കില്‍ വലിയ കമ്പനികളുടെ ഭാഗമാകും. ഇനി സാധ്യതകളുടെ കാലമാണ് വരുന്നത് എന്ന് തിരിച്ചറിയുക.

Similar News