രാജ്യത്ത് പുതിയ പദ്ധതികളുടെ നിക്ഷേപത്തില്‍ വര്‍ധന
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് കുറവാണിത്;
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ആദ്യപാദത്തിലെ സ്വകാര്യമേഖലയിലെ പുതിയ പദ്ധതി നിക്ഷേപങ്ങള്‍ ഉയര്‍ന്നു. കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ 23.7 ശതമാനം വര്‍ധനവാണ് ജൂണ്‍ പാദത്തിലെ പുതിയ പദ്ധതി നിക്ഷേപങ്ങളിലുണ്ടായത്. നിക്ഷേപങ്ങള്‍ 23.7 ശതമാനം ഉയര്‍ന്ന് 3.64 ലക്ഷം കോടി രൂപയായി. എന്നിരുന്നാലും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തെ അപേക്ഷിച്ച് 38.5 ശതമാനം കുറവാണിത്.
2022 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍, പദ്ധതി നിക്ഷേപങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ 130.2 ശതമാനം ഉയര്‍ന്ന് 5.91 ലക്ഷം കോടി രൂപയായിരുന്നു. ബ്രിക്ക് വര്‍ക്ക് റേറ്റിംഗ്‌സാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. നേരത്തെ, കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ പുതിയ പദ്ധതികള്‍ക്കുള്ള നിക്ഷേപങ്ങള്‍ ക്രമാനുഗതമായി കുറഞ്ഞിരുന്നു.
അതേസമയം, റഷ്യ-ഉക്രെയ്ന്‍ യുദ്ധം മൂലമുള്ള അനിശ്ചിതത്വങ്ങളും തുടര്‍ച്ചയായ ചിപ്പ് ക്ഷാമവും പലിശനിരക്ക് വര്‍ധനവും നിക്ഷേപ വികാരത്തെ തളര്‍ത്തി. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പ്രഖ്യാപിച്ച പുതിയ പ്രോജക്ടുകളുടെ എണ്ണത്തില്‍ ഇത് പ്രതിഫലിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.
സര്‍ക്കാര്‍ നിര്‍ദേശിച്ച പുതിയ പദ്ധതികളുടെ എണ്ണം 59 ആണ്, മൂലധനച്ചെലവ് 32,700 കോടി രൂപ. അതേസമയം ഇക്കാലയളവില്‍ 188 പുതിയ പദ്ധതികളാണ് സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ചത്. 3.3 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതിനായി നടത്തിയത്. നേരത്തെ, മാര്‍ച്ച പാദത്തില്‍ സ്വകാര്യ മൂലധന ചെലവ് 3.9 ലക്ഷം കോടി രൂപയായിരുന്നപ്പോള്‍ സര്‍ക്കാരിന്റേത് 2.1 ലക്ഷം കോടി രൂപയായിരുന്നു.