അദാനിക്ക് പിന്നാലെ വേദാന്തയ്‌ക്കെതിരെയും ആരോപണം

ഓഹരിയെ റിപ്പോര്‍ട്ട് ബാധിച്ചില്ല, വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു

Update:2023-09-01 12:26 IST

അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ആഗോള സംഘടനയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (OCCRP) വീണ്ടും രംഗത്ത്. പ്രമുഖ എണ്ണ ഖനന കമ്പനിയായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിനെതിരെയാണ് പുതിയ ആരോപണം.

സർക്കാരിനെ സ്വാധീനിച്ചു 

2021ല്‍ കോവിഡിന്റെ സമയത്ത് പാരിസ്ഥിതിക നിയന്ത്രണങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 2021 ജനുവരിയില്‍ വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ മുന്‍ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറിന് ഇത് സംബന്ധിച്ച കത്ത് നല്‍കിയാതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

പാരിസ്ഥിതിക അനുമതികള്‍ നേടണമെന്ന നിബന്ധന ഒഴിവാക്കിയാല്‍ മൈനിംഗ് കമ്പനികള്‍ക്ക് ഉത്പാദനം 50 ശതമാനത്തോളം ഉയര്‍ത്താമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സഹായിക്കുമെന്നും ഗവണ്‍മെന്റിന് വരുമാനവും വന്‍തോതില്‍ തൊഴില്‍ ലഭ്യതയും ഉറപ്പാക്കാമെന്നുമാണ് കത്തിൽ പറയുന്നത്. കൂടാതെ വേദാന്തയുടെ എണ്ണ വിഭാഗമായ കെയിന്‍ ഇന്ത്യ സര്‍ക്കാര്‍ ലേലം ചെയ്ത ഓയില്‍ ബ്ലോക്കുകളിലെ പര്യവേക്ഷണ ഡ്രില്ലിംഗിനുള്ള പൊതു ഹിയറിംഗുകള്‍ ഇല്ലാതാക്കുന്നതിനെ സ്വാധീനിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

നിഷേധിച്ച്‌ വേദാന്ത

രാജ്യത്തിന്റെ വികസനത്തിനും എണ്ണയുള്‍പ്പെടെയുള്ള പ്രകൃതിവിഭവങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി തുടര്‍ച്ചയായ നിവേദനങ്ങള്‍ സമര്‍പ്പിക്കാറുണ്ടെന്നാണ് ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ടിനെ നിഷേധിച്ച വേദാന്ത ഗ്രൂപ്പ് പ്രതികരിച്ചത്. എന്നാൽ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനുള്ള  കമ്പനിയുടെ ശ്രമം വിജയകരമായിരുന്നുവെന്ന് പറയാം. കാരണം ഈ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ വരുത്തിയിരുന്നു.

അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷവും വേദാന്ത ഓഹരികള്‍ 1.46 ശതമാനം ഉയര്‍ന്ന് 235.70 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

ഒ.സി.സി.ആര്‍.പി റിപ്പോർട്ടിന്  ശേഷം ഇടിവ് രേഖപ്പെടുത്തിയ അദാനി ഗ്രൂപ്പ് ഓഹരികളും ഇന്ന് നേട്ടത്തിലാണ്.

Tags:    

Similar News