ലിഥിയം അയണ്‍ ബാറ്ററിക്കായി സെല്‍ മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ഓല
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഇ-സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി സെല്ലുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നാണ് ഓല ഇറക്കുമതി ചെയ്യുന്നത്.
ലിഥിയം അയണ്‍ ബാറ്ററിക്കായുള്ള സെല്‍ മാനുഫാക്ചറിംഗ് പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് ഓലയെന്ന് റിപ്പോര്‍ട്ടുകള്‍.
മാനുഫാക്ചറിംഗ് യൂണിറ്റ് സജ്ജമാക്കുന്നതോടെ ലി-അയണ്‍ ബാറ്ററിയുടെ ആദ്യത്തെ കുറച്ച് ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ ഒരാളായി ഓല മാറും. നിലവില്‍ ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളുള്‍പ്പെടെ വിവിധ സാമഗ്രികള്‍ ഇറക്കുമതി ചെയ്താണ് രാജ്യത്ത് ഉപയോഗപ്പെടുത്തുന്നത്.
ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഇ-സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്ന ലി-അയണ്‍ (ലിഥിയം അയണ്‍) ബാറ്ററിയുടെ സെല്ലുകള്‍ ഓല ദക്ഷിണ കൊറിയയില്‍ നിന്നാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ബാറ്ററികള്‍ കൂടെ സജ്ജമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകാനുള്ള ലക്ഷ്യത്തിലേക്ക് കൂടിയാണ് ഓല ഇവി നിര്‍മാണം നീങ്ങുന്നത്.
ബെംഗളുരുവില്‍ സജ്ജമാകുന്ന ബാറ്ററി പ്ലാന്റില്‍ ഇ സ്‌കൂട്ടറുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കും. ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നും 85 ശതമാനത്തോളം ബാറ്ററികള്‍ ശേഖരിച്ചാണ് ഇപ്പോള്‍ ഇന്ത്യയുള്‍പ്പെടുന്ന രാജ്യങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണം നടക്കുന്നത്.
ഓല പുതിയ നിര്‍മാണ പ്ലാന്റുമായി രംഗത്തെത്തുമ്പോള്‍ ഈ രംഗത്ത് ഇന്ത്യ പ്രധാന കയറ്റുമതിക്കാരാകാനും സാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.