ഓണ്‍ലൈന്‍ ഔഷധ വിപണിയിലേത് അതിവേഗ മുന്നേറ്റം

Update: 2019-10-22 05:52 GMT

ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഔഷധ വിപണി അതിവേഗം മുന്നേറുന്നതായി വിദേശ നിക്ഷേപക സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ട്. പരമ്പരാഗത റീട്ടെയില്‍ ഔഷധ വിതരണ ശൃംഖല അസംഘടിതമായി തുടരുന്നതാണ് ഓണ്‍ലൈന്‍ വിപണിക്ക് നേട്ടമാകുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

രാജ്യത്തെ ഓണ്‍ലൈന്‍ ഔഷധ വിപണി മൂല്യം നിലവിലെ 50 കോടി ഡോളറില്‍ നിന്ന് 2022 ല്‍ 370 കോടി ഡോളറില്‍ ( 26,300 കോടി രൂപ) എത്തുമെന്നാണു വിലയിരുത്തുന്നത്. നിലവില്‍ മൊത്തം വില്പനയുടെ 2-3 ശതമാനമാണ് ഇ-ഔഷധ വിപണിയുടെ പങ്ക്. പക്ഷേ, പ്രതിവര്‍ഷം ശരാശരി 63 ശതമാനം വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നു. ഉയര്‍ന്ന ഡിസ്‌കൗണ്ടുകളും പ്രചാരണങ്ങളുമാണ് നേട്ടത്തിനു കാരണം.

ഓണ്‍ലൈന്‍ വിപണിയുടെ മികച്ച വളര്‍ച്ച, പരമ്പരാഗത വിതരണ ശൃംഖലയിലുള്ളവരെയും ആകര്‍ഷിക്കുന്നുണ്ടെന്നും സി.എല്‍.എസ്.എ വ്യക്തമാക്കി. നെറ്റ്മെഡ്സ്, ഫാര്‍മ ഈസി, മെഡ്ലൈഫ് തുടങ്ങിയവയാണ് ഇ-ഔഷധി വിപണിയിലെ പ്രമുഖര്‍. 3,500ഓളം റീട്ടെയില്‍ ഔട്ട്ലെറ്റുകളുള്ള അപ്പോളോ ഫാര്‍മസിയും ഇ-വിപണിയിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഇ-വിപണിയിലെ കമ്പനികള്‍ ഇതിനകം ഏകദേശം 3,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മരുന്നുകളുടെ ഓണ്‍ലൈന്‍ വിപണിക്കെതിരെ പരമ്പരാഗത റീട്ടെയില്‍ വിതരണക്കാരുടെ പ്രതിഷേധം ഉയരുന്നുണ്ട്.റീട്ടെയില്‍ വിപണിയുടെ വിതരണ ശൃംഖല ഇപ്പോഴും അസംഘടിതമാണ്. ഇന്ത്യന്‍ റീട്ടെയില്‍ ഔഷധ വിപണിയുടെ മൂല്യം ഇപ്പോള്‍ 2,000 കോടി ഡോളറാണ് . പ്രതിവര്‍ഷം 10-12 ശതമാനമാണ് വളര്‍ച്ച. 2025ല്‍ മൂല്യം 3,?00 കോടി ഡോളറില്‍ (2.50 ലക്ഷം കോടി രൂപ) എത്തുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 80,000ഓളം വിതരണക്കാരും എട്ടര ലക്ഷം മെഡിക്കല്‍ സ്റ്റോറുകളും രാജ്യത്തുണ്ടെന്നാണ് കണക്ക്.

Similar News