കോവിഡിന് ശേഷവും മികച്ച വളര്‍ച്ചയോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്
ഡാബര്‍, മാരിക്കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇമാമി തുടങ്ങിയ എഫ്എംസിജി കമ്പനികളുടെ നിരവധി ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനായി വിറ്റഴിച്ചത്
കോവിഡിന് ശേഷവും വലിയ വളര്‍ച്ചയോടെ തന്നെ മുന്നോട്ട് പോകുകയാണ് ഓണ്‍ലൈന്‍ ഷോപ്പിംഗെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 2022-ല്‍ സ്മാര്‍ട്ട്ഫോണുകള്‍, ഇലക്ട്രോണിക്സ്, നിത്യോപയോഗ സാധനങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ ഓണ്‍ലൈനായി വാങ്ങുന്നത് വര്‍ധിച്ചു. മൊത്തം ഉപഭോഗത്തിന്റെ വലിയൊരു വിഹിതം ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ നിന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
എഫ്എംസിജി കമ്പനികളും
റീറ്റെയ്ല്‍ ശൃംഖലകളും മാളുകളും കോവിഡിന് മുമ്പുള്ളതിനേക്കാള്‍ ഉയര്‍ന്ന വില്‍പ്പനയിലേക്ക് എത്തിയിട്ടും ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ വസ്തുക്കള്‍ വാങ്ങുന്നത് തുടരുന്നതായി പെട്ടന്ന് വിറ്റഴിയുന്ന നിത്യോപയോഗ വസ്തുക്കളുടെ (FMCG) കമ്പനികള്‍ അഭിപ്രായപ്പെട്ടു.
ഡാബര്‍, മാരിക്കോ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ഇമാമി തുടങ്ങിയ എഫ്എംസിജി കമ്പനികളുടെ നിരവധി ഉല്‍പ്പന്നങ്ങളാണ് ഓണ്‍ലൈനായി വറ്റഴിച്ചത്. വന്‍ കിഴിവുകള്‍, പ്രത്യേക ആനുകൂല്യങ്ങള്‍, എളുപ്പത്തിലുള്ള പണമടയ്ക്കല്‍, വേഗത്തിലുള്ള ഡെലിവറി തുടങ്ങിയ ഉപഭോക്തൃ മുന്‍ഗണനകള്‍ ഓണ്‍ലൈനില്‍ വളരുകയാണെന്ന് കൗണ്ടര്‍പോയിന്റിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രാചിര്‍ സിംഗ് പറഞ്ഞു.
ഗൃഹോപകരണ വിഭാഗം
സ്മാര്‍ട്ട്ഫോണുകളുടെ ഓണ്‍ലെന്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 49 ശതമാനമായിരുന്നു. 2021 ല്‍ ഇത് 48 ശതമാനവും 2019-ല്‍ ഇത് 41 ശതമാനവുമായിരുന്നെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. 2022 ല്‍ ഗൃഹോപകരണ വിഭാഗത്തിലെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ടെലിവിഷനുകള്‍ 34 ശതമാനവും, വാഷിംഗ് മെഷീനുകള്‍ 21 ശതമാനവും, വാട്ടര്‍ പ്യൂരിഫയറുകള്‍ 45 ശതമാനവും, വാക്വം ക്ലീനറുകള്‍ 81 ശതമാനവുമാണ് വിറ്റഴിച്ചത്.