പതഞ്ജലിക്കെതിരെ സ്വരം കടുപ്പിച്ച് സുപ്രീം കോടതി; ബാബാ രാംദേവും ബാലകൃഷ്ണയും നേരിട്ട് ഹാജരാകണം
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് എതിരെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉത്തരവ്
ബാബാ രാംദേവിനോടും ആചാര്യ ബാലകൃഷ്ണയോടും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് എതിരെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഉത്തരവ്. പതഞ്ജലി ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കെതിരെ ഐ.എം.എ (Indian Medical Association) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. അലോപ്പതി അടക്കമുള്ള ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്തിക്കാട്ടുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി.
പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീംകോടതി മുന്നോട്ട് പോയത്.
മുന്നറിയിപ്പ് നല്‍കിയിട്ടും തെറ്റായ പരസ്യങ്ങള്‍ തുടരുന്നത് കോടതിയെ വെല്ലുവിളിക്കലാണെന്ന് വിമര്‍ശിച്ച സുപ്രീംകോടതി പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയിരുന്നു.
പതഞ്ജലിയുടെ ഉത്പന്നങ്ങള്‍ക്ക് ചില ഗുരുതര രോഗങ്ങള്‍ ഭേദമാക്കാനുള്ള കഴിവുണ്ടെന്ന് പരസ്യങ്ങളിലൂടെ കമ്പനി അവകാശമുന്നയിച്ചിരുന്നു. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങള്‍ പാടില്ലെന്നും തെറ്റിദ്ധാരണ പരത്തുന്ന ഓരോ പരസ്യത്തിനും ഒരു കോടി രൂപ വീതം പിഴ ചുമത്തുമെന്നും കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി പതഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.