ഇന്ത്യയില്‍ ഇന്നൊവേഷന്‍ കുതിപ്പ്; പേറ്റന്റുകളില്‍ വന്‍ വളര്‍ച്ച

പേറ്റന്റ് ഫയലിംഗില്‍ ഇന്ത്യ ഏഴാമതും ട്രേഡ്മാര്‍ക്കില്‍ അഞ്ചാം സ്ഥാനത്തുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു

Update:2024-03-17 18:07 IST

Image : Canva

പേറ്റന്റുകളുടെ കാര്യത്തില്‍ നല്ല വാര്‍ത്തയാണ് കേള്‍ക്കുന്നത്. പ്രതിദിനം ശരാശരി 247 പേറ്റന്റ് അപേക്ഷകള്‍ 2023ല്‍ ഫയല്‍ ചെയ്ത് ഇന്ത്യ, ഇന്നൊവേഷനില്‍ മുമ്പോട്ട് പോകുന്നു എന്നതാണത്. 90,300 പേറ്റന്റ് അപേക്ഷകളാണ് 2023ല്‍ ലഭിച്ചതെന്ന് എസ്.ബി.ഐ റിസര്‍ച്ച്, ഇന്ത്യ പേറ്റന്റ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കുകള്‍ പറയുന്നു. വളര്‍ച്ചാ നിരക്ക് 17 ശതമാനം. രാജ്യത്ത് 8.4 ലക്ഷം പേറ്റന്റ് അപേക്ഷകളാണ് 2023ല്‍ ഡിസംബര്‍വരെ ഫയല്‍ ചെയ്തിരിക്കുന്നത്.
അതേസമയം ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യ ബഹുദൂരം പിന്നിലാണ്. പ്രതിവര്‍ഷം 6,95,400 രാജ്യാന്തര പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിക്കുന്ന ചൈന ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാമതാണ്. യു.എസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മ്മനി എന്നിവയാണ് തൊട്ടുപിന്നില്‍.
ഇന്ത്യയുടെ തിളക്കം
പേറ്റന്റ് ഫയലിംഗില്‍ ഇന്ത്യ നിലവില്‍ ഏഴാം സ്ഥാനത്തും ട്രേഡ്മാര്‍ക്കില്‍ അഞ്ചാം സ്ഥാനത്തുമാണെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ 50 ശതമാനം വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആകെ ലഭിച്ച അപേക്ഷകളുടെ 88 ശതമാനവും 2021ലെ കണക്കനുസരിച്ച് ആദ്യ പത്ത് രാജ്യങ്ങളില്‍ നിന്നാണ്. ഒരു പുതിയ കണ്ടുപിടിത്തത്തിന് നല്‍കുന്ന പ്രത്യേക അവകാശമാണ് പേറ്റന്റ്. നിലവില്‍ ഇല്ലാത്തതും എന്നാല്‍ ഒരു പുതിയ ചിന്തയ്ക്ക് വഴിവയ്ക്കുന്നതോ അല്ലെങ്കില്‍ ഒരു പ്രശ്‌നത്തിന് സാങ്കേതികമായ പരിഹാരം നല്‍കുന്നതോ ആയിരിക്കണം കണ്ടുപിടിത്തം.
ഇന്ത്യയെ സംബന്ധിച്ച് മറ്റൊരു സ്വാഗതാര്‍ഹമായ കാര്യം പേറ്റന്റ് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം കുറഞ്ഞതാണ്. നേരത്തേതില്‍ നിന്ന് 15 മാസം കാലതാമസം കുറഞ്ഞ് 2023ല്‍ ഇത് ഏകദേശം 53 മാസമായി. കെമിസ്ട്രി, പോളിമര്‍ തുടങ്ങിയ ഏതാനും വിഭാഗങ്ങളില്‍ പേറ്റന്റ് അപേക്ഷ അംഗീകരിക്കുന്നതിനുള്ള ശരാശരി സമയം 30 മാസമാണ്. കമ്പ്യൂട്ടര്‍, ബയോ മെഡിക്കല്‍സ് എന്നിവയിലും കെമിസ്ട്രി, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പോലുള്ള പരമ്പരാഗത മേഖലകളിലും ഇന്ത്യക്കാര്‍ മുന്നിട്ടുനില്‍ക്കുന്നുണ്ടെന്ന് പേറ്റന്റ് അപേക്ഷകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു.
കാര്യങ്ങള്‍ മെച്ചപ്പെട്ട് വരികയാണെങ്കിലും ഇന്നൊവേഷന്‍ രംഗത്ത് ഉയരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വേഗത്തിലാക്കേണ്ടതുണ്ട്.
Tags:    

Similar News