സൈലത്തിന്റെ 50% ഓഹരികള്‍ ഏറ്റെടുക്കാന്‍ ഫിസിക്‌സ് വാല; ഇടപാട് മൂല്യം ₹500 കോടി

ഓഹരി ഏറ്റെടുക്കല്‍ മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും

Update:2023-06-19 21:59 IST

Image : Physics Wallah and Xylem

കേരളത്തിലെ പ്രമുഖ എഡ്‌ടെക് ഫ്‌ളാറ്റ്‌ഫോമായ സൈലം (Xylem) ലേണിംഗിന്റെ 50 ശതമാനം ഓഹരികള്‍ നോയിഡ ആസ്ഥാനമായ എഡ്‌ടെക് (EdTech) ആപ്പായ ഫിസിക്‌സ് വാല (Physics Wallah) ഏറ്റെടുക്കും. 500 കോടി രൂപ നിക്ഷേപത്തോടെ അടുത്ത മൂന്നുവര്‍ഷം കൊണ്ടാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക.

ഏറ്റെടുക്കുന്നതില്‍ സൈലത്തിന്റെ പുതിയ (Fresh) ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ ഓഹരിയായും പണമായും കൈവശം വച്ചിട്ടുള്ള പങ്കാളിത്തവും ഉള്‍പ്പെടും. നിക്ഷേപത്തിന്റെ ഒരുഭാഗം സൈലത്തിന്റെ ലേണിംഗ് മോഡല്‍ വിപുലപ്പെടുത്താനാകും ഉപയോഗിക്കുക.
ഏറ്റെടുക്കലുകള്‍ ധാരാളം
ജി.എസ്.വി വെഞ്ച്വേഴ്‌സും വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റലും പിന്തുണയ്ക്കുന്ന ഫിസിക്‌സ് വാല കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന ഏറ്റെടുക്കലുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് സൈലത്തിന്റേത്. യു.എ.ഇ ആസ്ഥാനമായ കെ12 ഓണ്‍ലൈന്‍, ഗള്‍ഫ് മേഖലകളില്‍ പ്രവാസികള്‍ക്കായി പരീക്ഷാ പരിശീലനം നല്‍കുന്ന ഓഫ്‌ലൈന്‍ സ്റ്റാര്‍ട്ടപ്പായ നോളജ് പ്ലാനറ്റ് എന്നിവയെയും അടുത്തിടെ ഏറ്റെടുത്തിരുന്നു. ഐന്യൂറോണ്‍, ആള്‍ട്ടിസ് വോര്‍ടെക്‌സ്, പ്രിപ് ഓണ്‍ലൈന്‍, ഫ്രീ കോ എന്നിവയെയും ഫിസിക്‌സ് വാല ഏറ്റെടുത്തിട്ടുണ്ട്.
ലക്ഷ്യം ദക്ഷിണേന്ത്യ
ദക്ഷിണേന്ത്യയിലേക്കും സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫിസിക്‌സ് വാല സൈലത്തെ ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിന് ശേഷവും സൈലത്തെ സ്വതന്ത്ര ബ്രാന്‍ഡായി നിലനിറുത്തിയേക്കും. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ വിപുലീകരണത്തിന് നേതൃത്വം നല്‍കുക സൈലം സ്ഥാപകനായ ഡോ. അനന്തുവായിരിക്കും.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സൈലത്തിന്റെ വരുമാനം മുന്‍ വര്‍ഷത്തെ 150 കോടിയില്‍ രൂപയില്‍ നിന്ന് 300 കോടി രൂപയായി ഉയര്‍ത്തുമെന്ന് ഡോ. അനന്തു വ്യക്തമാക്കിയിട്ടുണ്ട്. സൈലം ലേണിംഗ് 30 യൂട്യൂബ് ചാനലുകളിലൂടെ 30 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ക്ലാസുകള്‍ നല്‍കുന്നു. വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഈടാക്കിയുള്ള ക്ലാസുകളും നല്‍കുന്നുണ്ട്. കേരളത്തില്‍ ഓഫ്‌ലൈന്‍, ഹൈബ്രിഡ് സെന്ററുകളിലൂടെ 30,000 വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും നല്‍കുന്നു. 1400 ഓളം ജീവനക്കാരാണ് സൈലത്തിലുള്ളത്.
ഫിസിക്‌സ് വാലയുടെ ലാഭം
അലക് പാണ്ഡെ, പ്രദീക് മഹേശ്വരി എന്നിവര്‍ സ്ഥാപിച്ച ഫിസിക്സ് വാല കഴിഞ്ഞവര്‍ഷം യുണീകോണ്‍ പദവി സ്വന്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ 60 കേന്ദ്രങ്ങളിലൂടെയും 53 യൂട്യുബ് ചാനലുകളിലൂടെയും ഫിസിക്സ് വാല ഓഫ്‌ലൈന്‍, ഹൈബ്രിഡ് പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. 2021-22 സാമ്പത്തിക വര്‍ഷപ്രകാരം 232.48 കോടി രൂപയാണ് ഫിസിക്‌സ് വാലയുടെ വരുമാനം. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 9 മടങ്ങ് അധികമാണിത്. വെറും 6.93 കോടി രൂപയായിരുന്ന ലാഭം 97.8 കോടി രൂപയായും ഉയര്‍ന്നു.
Tags:    

Similar News