നഷ്ടമോ അതെന്നതാ; എഡ്‌ടെക് വമ്പന്മാരോട് ഫിസിക്‌സ് വാല ചോദിക്കുന്നു
2013ല്‍ 'ഫിസിക്സ് വാല' എന്ന പേരില്‍ തുടങ്ങിയ യുട്യൂബ് ചാനലാണ് ഇന്ന് കാണുന്ന യുണീകോണ്‍ കമ്പനിയായി വളര്‍ന്നത്
കോവിഡ് മൂലം വിദ്യാഭ്യാസം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ നേട്ടം കൊയ്തത് എഡ്‌ടെക് കമ്പനികളാണ്. എന്നാല്‍ സ്‌കൂളുകള്‍ തുറന്നതും ഫണ്ടിംഗിലെ മാന്ദ്യവും ഈ കമ്പനികളെയൊക്കെ വലിയ നഷ്ടത്തിലാക്കി. ബൈജൂസ്, അണ്‍അക്കാദമി ഉള്‍പ്പടെയുള്ള മേഖലയിലെ പ്രമുഖരെല്ലാം കോടികളുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നഷ്ടം മൂലം ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ ഈ കമ്പനികളൊക്കെ തന്നെയാണ് മുന്‍പന്തിയില്‍.
ഇവിടെയാണ് ഫിസിക്‌സ് വാല (Physics Wallah) എന്ന എഡ്‌ടെക് കമ്പനി വ്യത്യസ്തമാവുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം യുണീകോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ഫിസിക്‌സ് വാലയുടെ 2021-22ലെ ലാഭം 97.8 കോടി രൂപയായിരുന്നു. കമ്പനിയില്‍ നിന്ന് ലഭിച്ച ഡോക്യുമെന്റിന്റെ അടിസ്ഥാനത്തില്‍ മണികണ്‍ട്രോള്‍ ആണ് ഫിസിക്‌സ് വാലയുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വലിയ ലാഭമാണോ എന്ന് ചോദിക്കുന്നവര്‍ മുന്‍വര്‍ഷം ഇതേ കാലയളവിലെ ഇവരുടെ നേട്ടം ഒന്ന് പരിശോധിക്കണം. വെറും 6.93 കോടി രൂപയായിരുന്നു 2020-21ലെ ഫിസിക്‌സ് വാലയുടെ ലാഭം.
ഒരു വര്‍ഷം കൊണ്ട് ലാഭത്തില്‍ ഉണ്ടായത് 14 ഇരട്ടിയുടെ വര്‍ധനവാണ്. ഇക്കാലയളവില്‍ ഫിസിക്‌സ് വാലയുടെ വരുമാനം ഉയര്‍ന്നത് 24.6 കോടിയില്‍ നിന്ന് 232.5 കോടി രൂപയിലേക്കാണ്. 103.16 കോടി രൂപയായിരുന്നു കമ്പനിയുടെ ചെലവ്. അതില്‍ ജീവനക്കാര്‍ക്കായി മുടക്കിയത് 42.18 കോടി രൂപയാണ്. ഈ വര്‍ഷം ജിഎസ്‌വി വെഞ്ചേഴ്‌സില്‍ നിന്നും വെസ്റ്റ് ബ്രിഡ്ജ് ക്യാപിറ്റലില്‍ നിന്നുമായി 100 മില്യണ്‍ ഡോളര്‍ സമാഹരിച്ച ഫിസിക്‌സ് വാലയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറാണ്.
അടുത്തിടെ സിഎന്‍എന്‍ ബിറ്റ്‌സ് ടു ബില്യണ്‍ ഷോയില്‍ ഫിസിക് വാല അലഖ് പാണ്ഡെ പറഞ്ഞത് 2022-23ല്‍ വരുമാനം 1,200 കോടി രൂപയില്‍ എത്തുമെന്നാണ്. ഓഫ് ലൈന്‍ കോച്ചിംഗിലേക്ക് കടന്ന ഫിസിക്‌സ് വാലയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് കോട്ടയില്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഫിസിക്സ് വാല എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മൂപ്പതുകാരന്‍ അലഖ് പാണ്ഡെ, ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്യുന്നത് 2020ല്‍ ആണ്. മറ്റ് ആപ്പുകളില്‍ നിന്ന് ഫിസിക്സ് വാല പ്ലാറ്റ്ഫോമിനെ വ്യത്യസ്തമാക്കുന്നത് പാണ്ഡെയുടെ ടീച്ചിംഗ് രീതിയും കുറഞ്ഞ ഫീസും തന്നെയാണ്. 2013ല്‍ പാണ്ഡെ 'ഫിസിക്സ് വാല' എന്ന പേരില്‍ തുടങ്ങിയ യുട്യൂബ് ചാനലാണ് ഇന്ന് കാണുന്ന യുണീകോണ്‍ കമ്പനിയായി വളര്‍ന്നത്.