പൊറിഞ്ചു വെളിയത്തിന് ലോട്ടറിയായി രണ്ട് ഓഹരികള്‍, അപ്പര്‍ സര്‍ക്യൂട്ടില്‍ ഈ കേരള ഓഹരി

സ്‌മോള്‍ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നതാണ് കേരളത്തിന്റെ ഈ 'സൂപ്പര്‍സ്റ്റാര്‍' നിക്ഷേപകനെ വ്യത്യസ്തനാക്കുന്നത്

Update: 2024-07-04 11:00 GMT

Image : equityintelligence.com/Porinju Veliyath

പ്രമുഖ നിക്ഷേപകനും പോര്‍ട്ട്‌ഫോളിയോ മാനേജറുമായ പൊറിഞ്ചു വെളിയത്തിന് മികച്ച നേട്ടം നല്‍കി രണ്ട് സമോള്‍ക്യാപ് ഓഹരികള്‍. കേരളം ആസ്ഥാനമായുള്ള ആയുര്‍വേദ ഉത്പന്ന നിര്‍മാതാക്കളായ കേരള ആയുര്‍വേദ ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും അപ്പര്‍സര്‍ക്യൂട്ടിലാണ്. ഇന്ന് ഓഹരി വില സര്‍വകാല റെക്കോഡായ 410 രൂപ തൊട്ടു. ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ നേട്ടം 51.34 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടമാകട്ടെ 286.42 ശതമാനവും.

പൊറിഞ്ചു വെളിയത്തിന് 5.18 ശതമാനം ഓഹരികളാണ് കേരള ആയുര്‍വേദയിലുള്ളത്. മൊത്തം 6.23 ലക്ഷം ഓഹരികളാണ് സ്വന്തമാക്കിയിട്ടുള്ളത്. ഇന്നത്തെ ഓഹരി വില അനുസരിച്ച് പൊറിഞ്ചു വെളിയത്തിന്റെ നിക്ഷേപ മൂല്യം ഏകദേശം 25.54 കോടി രൂപ വരും. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തിലാണ് 4.82 ശതമാനത്തില്‍ നിന്ന് ഓഹരി പങ്കാളിത്തം 5.18 ശതമാനമാക്കി ഉയര്‍ത്തിയത്.

അപ്പര്‍ സര്‍ക്യൂട്ടിൽ കായ 

പൊറിഞ്ചുവെളിയത്തിന് പങ്കാളിത്തമുള്ള മറ്റൊരു ഓഹരിയായ കായ ലിമിറ്റഡ് ഇന്ന് അപ്പര്‍ സര്‍ക്യൂട്ടടിച്ചു. വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍ക്കായി എഫ്.എം.സി.ജി കമ്പനിയായ മാരികോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഇന്ന് 10 ശതമാനം ഉയര്‍ന്ന ഓഹരി 501.45 രൂപയിലെത്തി. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 665.10 കോടി രൂപയുമായി. ഈ വര്‍ഷം ഇതു വരെ 48 ശതമാനത്തിലധികമാണ് കായ ഓഹരികളുടെ നേട്ടം. ഒരു വര്‍ഷക്കാലയളവില്‍ 55 ശതമാനവും.

2024 ജൂണ്‍ 14 വരയുള്ള കണക്കനുസരിച്ച് പൊറിഞ്ചു വെളിയത്തിനും ഇക്വിറ്റി ഇന്റലിജന്‍സിന്റെ ഇടപാടുകാര്‍ക്കുമായി മൊത്തം 8.63 ലക്ഷം ഓഹരികളാണ് കായയിലുള്ളത്. ഇത് കമ്പനിയുടെ മൊത്തം ഓഹരികളുടെ 6.6 ശതമാനം വരും. ഇന്നത്തെ ഓഹരി വിലയനുസരിച്ച് ഏകദേശം 43.23 കോടി രൂപയാണ് ഈ ഓഹരികളുടെ നിക്ഷേപ മൂല്യം.

നിക്ഷേപം ഈ ഓഹരികളിൽ 
2024 മാര്‍ച്ചിലെ കണക്ക് പ്രകാരം ആര്‍.പി.എസ്.ജി വെഞ്ച്വേഴ്‌സ്, ഡ്യൂറോപ്ലൈ ഇന്‍ഡസ്ട്രീസ്, ആരോ ഗ്രീന്‍ടെക്, സെന്റം ഇലക്ട്രോണിക്‌സ്, കൊകുയ കാംലിന്‍, ഓറിയന്റ് ബെല്‍, ഓറം പ്രോപ് ടെക്, അന്‍സാല്‍ ബില്‍ഡ്‌വെല്‍, എയോണ്‍എക്‌സ് ഡിജിറ്റല്‍ ടെക്‌നോളജി, പി.ജി ഫോസില്‍ മാക്‌സ് ഇന്ത്യ തുടങ്ങിയവയാണ് പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള മറ്റ് ഓഹരികള്‍. ഒരു ശതമാനത്തിന് മുകളില്‍ നിക്ഷേപമുള്ള കമ്പനികളാണ്ഇവയെല്ലാം. ഒരു ശതമാനത്തില്‍ താഴെ നിക്ഷേപമുള്ള കമ്പനികളുടെ വിവരങ്ങള്‍ ലഭ്യമല്ല.
Tags:    

Similar News