തണുപ്പ് കാരണം നാലാം പാദത്തില്‍ വൈദ്യുതി ഉപഭോഗം കൂടും

ജലം, കാറ്റ് എന്നിവയില്‍ നിന്നുള്ള സംയുക്ത ഊര്‍ജ ഉല്‍പ്പാദനം 50 ശതമാനം ഇടിഞ്ഞു

Update:2023-01-18 12:55 IST

നടപ്പ് സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഊര്‍ജ ആവശ്യകത 6-7 ശതമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസില്‍ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷിക്കുന്ന കടുത്ത ശീത തരംഗവും ചില സാമ്പത്തിക പ്രവര്‍ത്തനങ്ങളും മൂലവുമാണ് ഈ വര്‍ധനവുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ക്രിസില്‍ റിപ്പോര്‍ട്ട് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം മുഴുവന്‍ ഊര്‍ജ ആവശ്യകത 9-10 ശതമാനം എന്ന ദശാബ്ദത്തിലെ ഉയര്‍ന്ന വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അതായത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരും.

വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി വൈദ്യുതി കമ്പനികള്‍ ഇന്ന് ഹ്രസ്വകാല വൈദ്യുതി വിപണിയെ ആശ്രയിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. മൊത്തത്തിലുള്ള ഉല്‍പാദനത്തിലെ ഹ്രസ്വകാല ഊര്‍ജ വിപണിയുടെ വിഹിതം നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 6.4 ശതമാനമായി ഉയര്‍ന്നു. ഇത് രണ്ടാം പാദത്തില്‍ 5.2 ശതമാനമായിരുന്നു. വീണ്ടും മൊത്തത്തിലുള്ള ഊര്‍ജ ഉല്‍പാദനം തുടര്‍ച്ചയായി കുറഞ്ഞു. ജലം, കാറ്റ് എന്നിവയില്‍ നിന്നുള്ള സംയുക്ത ഊര്‍ജ ഉല്‍പ്പാദനം 50 ശതമാനം ഇടിഞ്ഞു. 

കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി എക്സ്ചേഞ്ചുകളിലെ എല്ലാ വിപണി വിഭാഗങ്ങളിലും യൂണിറ്റിന് 12 രൂപയെന്ന വില പരിധി അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരാന്‍ ഡിസംബര്‍ 28-ന് അറിയിച്ചിരുന്നു. വേനലിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ കമ്പനികളോടും അവരുടെ മൊത്തം ആവശ്യത്തിന്റെ 6 ശതമാനം വരെ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ കല്‍ക്കരി ഉല്‍പ്പാദനം വര്‍ധിച്ചിട്ടുണ്ടെങ്കിലും വരുന്ന പാദത്തില്‍ ഊര്‍ജ ആവശ്യകത നേരിടാന്‍ ഇത് പര്യാപ്തമല്ലെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചിരുന്നു. 

Tags:    

Similar News