വില കൂട്ടിയാലും കുറച്ചാലും ശിക്ഷ കര്‍ഷകന്! റബര്‍ ബില്‍ ഭേദഗതിയില്‍ ഇന്നുകൂടി അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം

കൂടിയ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകനെ ജയിലിലടയ്ക്കും എന്ന് പറയുന്ന സര്‍ക്കാര്‍ ഏകാധിപത്യ രാജ്യങ്ങളില്‍ പോലും അപൂര്‍വ്വമായിരിക്കും

Update: 2022-01-21 06:45 GMT

നിലവിലെ റബര്‍ ബോര്‍ഡ് ആക്ടിന് പകരമായി കേന്ദ്രം കൊണ്ടുവരുന്ന കരട് ബില്ലിന്മേല്‍ ഇന്ന് കൂടി അഭിപ്രായങ്ങള്‍ അറിയിക്കാം. നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച ശേഷം റബര്‍( പ്രൊമോഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ബില്‍-2022 താമസിയാതെ നിലവില്‍ വരും. ബില്ലില്‍ റബറിനെ വ്യവസായ ഉല്‍പ്പന്നമായാണ് കേന്ദ്രം പരിഗണിക്കുന്നത്.

ഭേദഗതി നിലവില്‍ വന്നാല്‍ റബ്ബറിന്റെ ഉയര്‍ന്ന വില നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിനായിരിക്കും. സര്‍ക്കാര്‍ തീരുമാനിക്കുന്ന വിലയ്ക്ക് മുകളില്‍ റബര്‍ വില്‍ക്കാനോ വാങ്ങാനോ ആവില്ല. ഉയര്‍ന്ന വിലയ്‌ക്കൊപ്പം റബറിന്റെ കുറഞ്ഞ വിലയും സര്‍ക്കാര്‍ തീരുമാനിക്കും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ വിലയില്‍ താഴെയോ, കൂടിയ വിലയ്ക്ക് മുകളിലോ ഉള്ള റബര്‍ വില്‍പ്പന, ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം കുറ്റകരമാണ്. ഇത്തരം നടപടികള്‍ക്ക് റബര്‍ ബില്‍-2022 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം.
കുറഞ്ഞ വില കര്‍ഷകര്‍ക്ക് ഗുണകരമായേക്കാം. എന്നാല്‍ ബില്ലിന്റെ കരടില്‍ കുറഞ്ഞ താങ്ങുവില എന്ന് സര്‍ക്കാര്‍ പറയുന്നില്ല. നിശ്ചയിക്കുന്നതിലും താഴേക്ക് വില ഇടിഞ്ഞാല്‍ സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കുമോ എന്നും വ്യക്തമല്ല. അതിനാല്‍ കുറഞ്ഞ വിലയ്ക്ക് പകരം കുറഞ്ഞ താങ്ങുവില എന്ന വാക്ക് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പിസി സിറിയക് പറയുന്നു. ടയറിന്, ഉയര്‍ന്ന വില സര്‍ക്കാര്‍ നിശ്ചയിക്കുന്നില്ല. അതുകൊണ്ട് തന്നെ റബറിനും ഉയര്‍ന്ന വില നിശ്ചയിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയര്‍ന്ന വില നിശ്ചയിക്കുന്നത് മേഖലയിലെ കോര്‍പറേറ്റുകളെ സഹായിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്. മാര്‍ക്കറ്റ് വില കുത്തനെ ഉയര്‍ന്നാല്‍, അതിന്റെ നേട്ടം കര്‍ഷകരിലേക്ക് എത്താന്‍ ബില്ലിലെ വ്യവസ്ഥകള്‍ തടസമാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ ഉല്‍പ്പന്നം വില്‍ക്കുന്ന കര്‍ഷകന്, വില ഉയരുന്നത് നോക്കി നില്‍ക്കാന്‍ മാത്രമെ സാധിക്കു. കര്‍ഷകരെ ഇടനിലക്കാരില്‍ നിന്ന് സംരംക്ഷിക്കാനെന്ന പേരില്‍ കാര്‍ഷിക ഭേദഗതികള്‍ അവതരിപ്പിച്ച കേന്ദ്രത്തിന്റെ റബര്‍ ബില്ലിലെ നയങ്ങളും ചോദ്യം ചെയ്യപ്പേടേണ്ടതാണ്.
നിശ്ചയിക്കുന്നതിലും കൂടിയ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കര്‍ഷകനെ ജയിലിലടയ്ക്കും എന്ന് പറയുന്ന സര്‍ക്കാര്‍ ഏകാധിപത്യ രാജ്യങ്ങളില്‍ പോലും അപൂര്‍വ്വമായിരിക്കും. ഇപ്പോള്‍ തന്നെ പുതു തലമുറ റബര്‍ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടാത്തതും തൊഴിലാളി ക്ഷാമവും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതിനിടയില്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ റബര്‍ കര്‍ഷകര്‍ക്ക് മേല്‍ അമിത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിലപാട് മേഖലയുടെ തകര്‍ച്ച ഊട്ടിഉറപ്പിക്കുന്ന ഒന്നാകും.


Tags:    

Similar News