വന്‍ ബജറ്റ് ഹിന്ദിപടങ്ങള്‍ പൊട്ടി; പി.വി.ആര്‍ ഇനോക്‌സ് ₹130 കോടി നഷ്ടത്തില്‍

70 തീയറ്ററുകള്‍ അടച്ചു പൂട്ടുന്നു, ചെലവു ചുരുക്കല്‍ പദ്ധതികള്‍ ആവ്ഷ്‌കരിച്ചു

Update: 2024-05-15 10:18 GMT

രാജ്യത്തെ മുന്‍നിര മള്‍ട്ടിപ്ലെക്‌സ് ചെയിനായ പി.വി.ആര്‍ ഐനോക്‌സ് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ 130 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. വമ്പന്‍ ബജറ്റ് ഹിന്ദി പടങ്ങള്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടതാണ് പി.വി.ആറിനെ ബാധിച്ചത്. എന്നിരുന്നാലും മുന്‍ വര്‍ഷം 333 കോടി രൂപയായിരുന്ന നഷ്ടം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു. നിരീക്ഷകര്‍ കണക്കാക്കിയിരുന്നത് 118 കോടി രൂപയുടെ നഷ്ടമാണ്.

ബോക്‌സ് ഓഫീസ് ഉണര്‍ന്നില്ല
2023-24 സാമ്പത്തിക വര്‍ഷം തുടക്കം മുതലെ വളരെ മന്ദഗതിയിലായിരുന്നു കമ്പനിയുടെ വളര്‍ച്ച. ഹിന്ദി സിനിമകള്‍ ശരാശരി പ്രകടനം പോലും കാഴ്ചവയ്ക്കാതിരുന്നതും ഫുട്‌ബോള്‍, സിനിമ എന്നിവയില്‍ നിന്നുള്ള പരസ്യ വരുമാനം കുറഞ്ഞതും ആദ്യ പാദത്തില്‍ പി.വി.ആറിന്റെ വരുമാനത്തെ ബാധിച്ചു.
രണ്ടാം പാദത്തില്‍ ഷാരൂഖ് ഖാനിന്റെ ജവാന്‍, സണ്ണി ഡിയോളിന്റെ ഗദാര്‍ 2 എന്നിവ ബോക്‌സോഫീസിനെ ഉണര്‍ത്തിയത് നേരിയതോതില്‍ പി.വി.ആറിനും ഗുണമായി. എന്നാല്‍ ആ ഉണര്‍വ് പിന്നീടങ്ങോട്ട് നിലനിര്‍ത്താന്‍ സാധിക്കാതെ വന്നതോടെ മൂന്നാം പാദം വീണ്ടും മോശമായി. ലാഭം 20 ശതമാനം ഇടിഞ്ഞ് 12.8 കോടിയായി. ഇതിന്റെ തുടര്‍ച്ചയാണ് നാലാം പാദത്തിലും കണ്ടത്.
തീയറ്ററുകള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഋതിക റോഷന്‍-ദീപിക പദുക്കോണ്‍ ജോഡികളുടെ ബിഗ് ബജറ്റ് സിനിമയായ ഫൈറ്ററിന് കാണികളെ രസിപ്പിക്കാനായില്ല. ബോക്‌സ് ഓഫീസില്‍ 300 കോടി പ്രതീക്ഷിച്ച പടം നേടിയത് വെറും 200 കോടി മാത്രം. പടത്തിന്റെ മൊത്തം ചെലവായ 250 കോടി രൂപ പോലും ലഭിച്ചില്ല, ഇത് വീണ്ടും പി.വി.ആറിന് തിരിച്ചടിയായി.
സ്‌ക്രീനുകള്‍ അടച്ചു പൂട്ടും
ലാഭം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി തീയറ്ററുകള്‍ അടച്ചു പൂട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുകയാണ് പി.വി.ആര്‍. ഐനോക്‌സ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 85 സ്‌കീനുകള്‍ അടച്ചു പൂട്ടിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം 70 ഓളം സ്‌ക്രീനുകള്‍ അടച്ചു പൂട്ടാനാണ് പദ്ധതിയിടുന്നത്.
അതേ സമയം തന്നെ വലിയ വിപുലീകരണത്തിനും കമ്പനി ഒരുങ്ങുന്നുണ്ട്. ദക്ഷിണേന്ത്യയിലും മറ്റുമായി ഈ വര്‍ഷം 120 സ്‌ക്രീനുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
കൂടാതെ ചെലവഴിക്കല്‍ മുന്‍വര്‍ഷത്തേക്കാല്‍ 25 ശതമാനം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ് പരമാവധി ഉയര്‍ത്താനായി റെന്റല്‍ എഗ്രിമെന്റുകള്‍ പുനഃപരിശോധിക്കാനും ചെലവുചുരുക്ക മാര്‍ഗങ്ങള്‍ അവലംബിക്കാനുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
പ്രവര്‍ത്തന വരുമാനവും ടിക്കറ്റ് നിരക്കും
കമ്പനിയുടെ പ്രവര്‍ത്തന വരുമാനം മുന്‍വര്‍ഷത്തെ 1,143.2 കോടി രൂപയില്‍ നിന്ന് 1,256.4 കോടിയായി. മൂന്നാം പാദത്തില്‍ വരുമാനം 1,545.9 കോടി രൂപയായിരുന്നു. പി.വി.ആര്‍ ഐനോകിസിന്റെ ശരാശരി ടിക്കറ്റ് നിരക്ക് നാലാം പാദത്തില്‍ 233 രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ 239 രൂപയായിരുന്നു. തൊട്ട് മുന്‍പാദത്തില്‍ 271 രൂപയും.
പാദഫല പ്രഖ്യാപനത്തിനു ശേഷം പി.വി.ആര്‍ ഐനോക്‌സ് ഓഹരികള്‍ ഇന്നലെ 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും 0.88 ശതമാനം ഇടിവിലാണ് ഓഹരിയുള്ളത്.
Tags:    

Similar News