റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്സില്‍ ₹8,000 കോടി നിക്ഷേപിക്കാന്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി
ഈ നിക്ഷേപം റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിനെ ഒരു ലോകോത്തര സ്ഥാപനമായി വികസിപ്പിക്കും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡില്‍ (ആര്‍.ആര്‍.വി.എല്‍) ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (ക്യു.ഐ.എ) 8,278 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനി അറിയിച്ചു. റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡ് 2020 ല്‍ വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് നടത്തിയ ധനസമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു.
റീറ്റെയ്ല്‍ മേഖലയുടെ പരിവര്‍ത്തനം
ഈ നിക്ഷേപം റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിനെ ഒരു ലോകോത്തര സ്ഥാപനമായി വികസിപ്പിക്കും. ഇത് ഇന്ത്യന്‍ റീറ്റെയ്ല്‍ മേഖലയുടെ പരിവര്‍ത്തനത്തിന് കാരണമാകുമെന്നും ആര്‍.ആര്‍.വി.എല്‍ ഡയറക്ടര്‍ ഇഷ മുകേഷ് അംബാനി പറഞ്ഞു. ക്യു.ഐ.എയുടെ നിക്ഷേപം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലേയും റിലയന്‍സിന്റെ റീറ്റെയ്ല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളിലേയും പ്രതീക്ഷയിലുള്ള അംഗീകാരമാണെും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അതിവേഗം വളരുന്ന റീട്ടെയില്‍ വിപണിയില്‍ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള നൂതന കമ്പനികളെ പിന്തുണയ്ക്കാന്‍ ക്യു.ഐ.എ പ്രതിജ്ഞാബദ്ധമാണെന്ന് ക്യു.ഐ.എ സി.ഇ.ഒ മന്‍സൂര്‍ ഇബ്രാഹിം അല്‍ മഹ്‌മൂദ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലുതും 27 കോടി ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതും അതിവേഗം വളരുന്നതുമായ റീറ്റെയ്ല്‍ ബിസിനസാണ് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ചേഴ്സ് ലിമിറ്റഡ്. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍, ഫാര്‍മ തുടങ്ങി വിവിധ മേഖലകളിലെ ഉത്പ്പന്നങ്ങള്‍ 18,500 ല്‍ അധികം സ്റ്റോറുകളിലൂടെയും ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും കമ്പനി വിറ്റഴിക്കുന്നുണ്ട്.