''മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കും''

Update:2018-10-03 16:21 IST

കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനയിലൂടെ മാത്രമേ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടാന്‍ സാധിക്കുകയുള്ളൂ. ഇതിനായി മികച്ച ടെക്‌നോളജി വേണം. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ശക്തമായ ശൃംഖല വേണം. ഇവ ഒരുക്കി കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നു നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. രാജു നാരായണ സ്വാമി ഐഎഎസ്.

മൂല്യവര്‍ധിത നാളികേര ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിനും കയറ്റുമതിക്കുമായി അഗ്രോപാര്‍ക്ക്, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതി കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും കണ്ടുമനസിലാക്കാന്‍ മികച്ച സൗകര്യം എന്നിവയെല്ലാം സജ്ജമാക്കി യുവതലമുറയെ കൂടി ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഇദ്ദേഹം വിഭാവനം ചെയ്യുന്നത്. അഴിമതിക്കെതിരായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ

ഡോ. രാജു നാരായണ സ്വാമി, ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും നിയമനങ്ങളും സുതാര്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി ശ്രമങ്ങള്‍ പലതും നടന്നിട്ടുണ്ടെങ്കിലും അതിന്റെ മെച്ചം പൂര്‍ണമായും കര്‍ഷകര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. താങ്കള്‍ എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?

ഏറ്റവും മികച്ച സാങ്കേതിക വിദ്യ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് ശ്രമം. ഒപ്പം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എങ്ങനെ നിര്‍മിക്കാമെന്ന് അറിയാനുള്ള സൗകര്യം ബോര്‍ഡ് സജ്ജമാക്കുന്നുണ്ട്. ഇതോടൊപ്പം ഈ രംഗത്തെ സംരംഭകര്‍ക്ക്, കയറ്റുമതി അധിഷ്ഠിതമായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അഗ്രോപാര്‍ക്കും സജ്ജമാക്കുന്നുണ്ട്. സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ഫയലില്‍ ഒതുങ്ങാതെ താഴെ തട്ടിലേക്ക് അതായത് കര്‍ഷകരിലേക്കും സംരംഭകരിലേക്കും എത്തിക്കാനാണ് കൂട്ടായി പരിശ്രമിക്കുന്നത്.

നാളികേര കര്‍ഷകരുടെ വരുമാന വര്‍ധനവിനായി നടത്തുന്ന ശ്രമങ്ങളെന്തൊക്കെയാണ്?

നാളികേര വികസന ബോര്‍ഡിന്റെ എല്ലാ പദ്ധതികളുടെയും കേന്ദ്രബിന്ദു കര്‍ഷകരുടെ വരുമാന വര്‍ധനയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനയിലൂടെയല്ലാതെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കില്ല. അതുപോലെ തന്നെ കര്‍ഷകര്‍ക്കായി നടപ്പാക്കി വരുന്ന പദ്ധതികള്‍ എത്രമാത്രം ഫലപ്രദമാണ്, കാലോചിതമാണ് എന്നെല്ലാം പഠിക്കേണ്ടിയിരിക്കുന്നു. ബോര്‍ഡ് സ്ഥാപിക്കപ്പെട്ടതു മുതല്‍ ഇന്നുവരെ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഇംപാക്ട് സറ്റഡി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നടപ്പാക്കി വരുന്ന പദ്ധതികള്‍ ശാസ്ത്രീയമായി അവലോകനം ചെയ്ത് കാലോചിതമായി പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. ഇതൊരു ദീര്‍ഘകാല നടപടിക്രമമാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം തന്നെ 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ്. ബോര്‍ഡും ഊന്നല്‍ നല്‍കുന്നത് ഇതിനാണ്.

ഇക്കാര്യങ്ങള്‍ കുറച്ചു കൂടി വിശദമാക്കാമോ?

തീര്‍ച്ചയായും. നിലവില്‍ ഒട്ടനവധി മൂല്യ വര്‍ധിത നാളികേര ഉല്‍പ്പന്നങ്ങളുണ്ട്. പാക്കേജ്ഡ് കോക്കനട്ട് ഡ്രിങ്കിംഗ് വാട്ടര്‍ അതിലൊന്നാണ്. നീര, കോക്കനട്ട് മില്‍ക്ക്, കോക്കനട്ട് മില്‍ക്ക് പൗഡര്‍, ഡെസിക്കേറ്റഡ് കോക്കനട്ട്, കോക്കനട്ട് ഐസ്‌ക്രീം, കുക്കീസ്, കോക്കനട്ട് സോപ്പ്, കോക്കനട്ട് വിനിഗര്‍, നീരയില്‍ നിന്നെടുക്കുന്ന ഹണി, ഷുഗര്‍ എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നീണ്ട നിരയുണ്ട്.

ഗുണമേന്മ മുഖമുദ്രയാക്കിയുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യ വേണം. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് ശക്തമായ ശൃഖല വേണം. ഇന്ത്യയില്‍ 18 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും മാര്‍ക്കറ്റിംഗ് ശക്തമാക്കാന്‍ പദ്ധതിയുണ്ട്. അതുപോലെ തന്നെ നാളികേര കൃഷിക്ക് വേരോട്ടമില്ലാത്ത, എന്നാല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൃഷി വ്യാപകമാക്കാനും വ്യക്തമായ റോഡ് മാപ്പ് തയ്യാറാക്കി കഴിഞ്ഞു. അതത് സംസ്ഥാന സര്‍ക്കാരുകളുടെ പൂര്‍ണമായ സഹകരണത്തോടെയാണ് ബോര്‍ഡ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. നാളികേര ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് എയര്‍പോര്‍ട്ടുകള്‍, റെയ്ല്‍വേ സ്‌റ്റേഷനുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ബോര്‍ഡിന്റെ മറ്റ് പദ്ധതികള്‍ എന്തൊക്കെയാണ്?

നിലവില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളും ബജറ്റ് വകയിരുത്തലും ഇതിനകം നടന്നു കഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ ആറുമാസത്തിനുള്ളില്‍ ഒരു ഫീല്‍ഡ് ഓഫീസ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. അവിടത്തെ സര്‍ക്കാരിന്റെ പരിപൂര്‍ണ സഹകരണത്തോടെയാകും അത്. ഒപ്പം അവിടെ സെയ്ല്‍സ് ഔട്ട്‌ലെറ്റ് സ്ഥാപിക്കാനുള്ള നീക്കമുണ്ട്. ബോര്‍ഡിന്റെ പൂര്‍ണമായ സാങ്കേതിക സഹകരണവും 50 ശതമാനം സാമ്പത്തിക സഹകരണവും ഇതില്‍ ഉണ്ടാകും.

വരാവലില്‍ കയറ്റുമതി ലക്ഷ്യമിട്ട് കേര അഗ്രോ പാര്‍ക്ക് സ്ഥാപിക്കും.

പാക്കേജ്ഡ് കോക്കനട്ട് ഡ്രിങ്കിംഗ് വാട്ടര്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ക്കാവും പാര്‍ക്കില്‍ പ്രാമുഖ്യം നല്‍കുക. തമിഴ്‌നാട്ടിലെ ദളി ഫാമില്‍ സമുന്നതമായ ടെക്‌നോളജി, മികവുറ്റ പാക്കേജിംഗ് എന്നിവയെല്ലാം ഒരുക്കി കര്‍ഷകര്‍ക്ക് എങ്ങനെയാണ് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാകുകയെന്ന് വ്യക്തമാക്കികൊടുക്കും.

കൃഷിയിടത്തെ എങ്ങനെ ഒരു സംരംഭമാക്കി മാറ്റാമെന്നതിനുള്ള മാതൃകയാകും ഇവിടം. ഇതിനായുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സിന് ഒന്നാം ഗഡുവായി മൂന്നു കോടി അനുവദിച്ചു കഴിഞ്ഞു. ഏഷ്യ പസഫിക് കോക്കനട്ട് കമ്മ്യുണിറ്റി എന്ന രാജ്യാന്തര സംഘടനയായിരിക്കും ഇതിന്റെ സാങ്കേതിക മേല്‍നോട്ടം വഹിക്കുക.

സിഐഐ, ഫിക്കി എന്നിവയുടെ സഹകരണത്തോടെ ബയര്‍ - സെല്ലര്‍ മീറ്റുകള്‍ സംഘടിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ കൃഷി വൈഞ്ജാനിക് കേന്ദ്രത്തില്‍ നിന്ന് സ്ഥലം ലീസിനെടുത്ത് നേഴ്‌സറി ആരംഭിക്കും. മോട്ടിഹാരിയില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ വീക്ഷണത്തോടൊപ്പം ചേര്‍ന്ന് ഏഴ് നോര്‍ത്ത് ഈസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലും ബോര്‍ഡ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. ഇംഫാലിലെ കേന്ദ്ര സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെയാവും ഇത് നടപ്പാക്കുക. മുറ്റത്തൊരു തെങ്ങ് എന്ന പദ്ധതി ത്രിപുരയില്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.

കര്‍ണാടക തുങ്കൂര്‍ ജില്ലയിലെ ടിപ്ടുര്‍ താലൂക്കിലെ ഒരു ഗ്രാമം ബോര്‍ഡ് ദത്തെടുക്കുകയാണ്. ഇതൊരു പൈലറ്റ് പദ്ധതിയാണ്. ഇവിടെ തെങ്ങിന് രോഗങ്ങളും കീടങ്ങളും ഏറെയുള്ള മേഖലയാണ്. പുതുതായി ഫണ്ടുകളൊന്നും വകയിരുത്താതെ നിലവിലുള്ള പദ്ധതികള്‍ കൃത്യമായി നടപ്പാക്കി മാതൃകാഗ്രാമമാക്കി ഇതിനെ മാറ്റും. ഒപ്പം ഒരു പ്ലാന്റ് ക്ലിനിക്കും സ്ഥാപിക്കും.

2020-21ലെ പദ്ധതികളില്‍ ജലസംരംക്ഷണം, പാരമ്പര്യേതര ഊര്‍ജ്ജം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കും. തമിഴ്‌നാട്ടിലെ വരള്‍ച്ചാബാധിതമായ ഒരു പ്രദേശത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ ജല സംരംക്ഷണ പദ്ധതി ആവിഷ്‌കരിക്കും. ആന്ധ്രയിലേ വേഗേവാഡ ഫാമില്‍ പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തിനുള്ള സംവിധാനം ഒരുക്കും. ബോര്‍ഡിലെ നിയമനങ്ങള്‍ സുതാര്യമാക്കും. ഓഫീസ് പൂര്‍ണമായും ഇ - ഓഫീസാക്കും.

Similar News