റേസര്‍പേ രാജ്യാന്തരതലത്തിലേക്ക്; മലേഷ്യന്‍ കമ്പനിയെ ഏറ്റെടുത്തു
റേസര്‍പേ ഏറ്റെടുക്കുന്ന നാലാമത്തെ സ്റ്റാര്‍ട്ടപ്പ് ആണിത്
രാജ്യത്തെ പ്രമുഖ ഫിന്‍ടെക് കമ്പനിയായ റേസര്‍പേ രാജ്യാന്തരതലത്തിലേക്ക്. മലേഷ്യന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് കര്‍ലെകി (Curlec)ന്റെ ഭൂരിഭാഗം ഓഹരികളും ലേസര്‍പേ സ്വന്തമാക്കി. എന്നാല്‍ തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
മലേഷ്യയില്‍ ഇ കൊമേഴ്‌സ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മുന്നേറ്റം പ്രയോജനപ്പെടുത്താനാകും എന്ന പ്രതീക്ഷയിലാണ് രാജ്യാന്തര തലത്തിലേക്കുള്ള റേസര്‍പേയുടെ ആദ്യ ചുവടുവെപ്പ്. 2021 ല്‍ 21 ശതകോടി ഡോളറിന്റെ ഇ കൊമേഴ്‌സ് വിപണിയായ മലേഷ്യ 2025 ആകുമ്പോഴേക്കും 35 ശതകോടി ഡോളറിന്റെ വിപണിയാകുമെന്നാണ് കണക്കുകൂട്ടുന്നത്.
വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ വിപണിയിലെ ഏഴു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം തെക്കു കിഴക്കന്‍ ഏഷ്യയിലേക്കുള്ള ചുവടുവെപ്പില്‍ പ്രയോജനകരമാകുമെന്ന് റേസര്‍പേ സഹസ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഹര്‍ഷില്‍ മാഥൂര്‍ പറയുന്നു.
സാക് ല്യൂ, സ്റ്റീവ് കൂഷ്യ എന്നവര്‍ ചേര്‍ന്ന് 2018 ലാണ് കര്‍ലെകിന് തുടക്കമിട്ടത്. നിരവധി നിക്ഷേപകരെ ആകര്‍ഷിക്കാനായ കമ്പനി വലിയ വളര്‍ച്ച നേടുന്നുമുണ്ട്. റേസര്‍പേ ഏറ്റെടുക്കുന്ന നാലാമത്തെ സ്റ്റാര്‍ട്ടപ്പ് ആണ് ഇത്. രാജ്യാന്തരതല തലത്തില്‍ ആദ്യത്തേതും.
കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്ന ടെറ ഫിന്‍ലാബ്‌സ്, പേ റോള്‍ & എച്ച് ആര്‍ മാനേജ്‌മെന്റ് സൊലൂഷന്‍ നല്‍കുന്ന ഒപ്ഫിന്‍, തേര്‍ഡ് വാച്ച് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളെയാണ് റേസര്‍പേ മുമ്പ് ഏറ്റെടുത്തിരുന്നത്.
ഫേസ്ബുക്ക്, ഒല, സൊമാറ്റോ, സ്വിഗ്ഗി, ക്രെഡ് തുടങ്ങി നിരവധി ദേശായ രാജ്യാന്തര കമ്പനികള്‍ റേസര്‍പേയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. 60 ശതകോടി ഡോളറിന്റെ ഇടപാടുകളാണ് 2021 ഡിസംബര്‍ വരെ കമ്പനി നടത്തിയിട്ടുള്ളത്.