വിൽപ്പന നടക്കുന്നില്ല, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധിയേറുന്നു

Update: 2020-09-18 03:30 GMT

പുതിയ പദ്ധതികള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ നിര്‍ത്തിവെക്കുന്നു. നിലവിലുള്ളവ തന്നെ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ. കേരളത്തില്‍ പല ഹോട്ടലുകളും റിസോര്‍ട്ടുകളും വില്‍ക്കാനിട്ടിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന കൊമേഴ്‌സ്യല്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ എണ്ണത്തിലാകട്ടെ വന്‍വര്‍ദ്ധന.... റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് പ്രതിസന്ധി പിടിമുറുക്കുകയാണ്.

''തുടക്കത്തില്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍പ്പേര്‍ തിരിച്ചുവരുമെന്നും ഡിമാന്റ് കൂടുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും അതൊന്നുമുണ്ടായില്ല. റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് പോലും അന്വേഷണങ്ങള്‍ വളരെ കുറഞ്ഞു. വാങ്ങാനുള്ള തീരുമാനം ആളുകള്‍ മാറ്റിവെക്കുന്നതുകൊണ്ട് കച്ചവടം നടക്കുന്നത് വളരെ കുറവാണ്. കൊമേഴ്‌സ്യല്‍ രംഗത്താകട്ടെ പ്രതിസന്ധി വളരെ രൂക്ഷമാണ്. ഇത് എത്രകാലം ഇങ്ങനെ പോകുമെന്നോ ഇനിയും രൂക്ഷമായ അവസ്ഥയാണോ വരുന്നതെന്നോ പറയാനാകാത്ത സ്ഥിതിയാണ്.'' ആല്‍ബീസ് പ്രോപ്പര്‍ട്ടീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ബിജു തോമസ് പറയുന്നു.

കോവിഡിനെ തുടര്‍ന്നുണ്ടായ കടുത്ത സാമ്പത്തികപ്രതിസന്ധി എല്ലാ ബിസിനസ് മേഖലകളെയും ബാധിച്ചപ്പോള്‍ കേരളത്തിലങ്ങോളമിങ്ങോളമായി ഒഴിഞ്ഞുകിടക്കുന്നത് നിരവധി കെട്ടിടങ്ങള്‍. ബിസിനസ് പ്രതിസന്ധിയിലായതുകൊണ്ട് കമ്പനികള്‍ തങ്ങളുടെ ഓഫീസുകളുടെ എണ്ണം കുറയ്ക്കുകയും നിരവധി ബിസിനസുകളും ഷോപ്പുകളും പൂട്ടിപ്പോവുകയും ചെയ്തതോടെ ഒഴിഞ്ഞുകിടക്കുന്ന കൊമേഴ്‌സ്യല്‍ കെട്ടിടങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ടായി. റെസിഡന്‍ഷ്യല്‍ മേഖലയിലും കനത്ത തിരിച്ചടിയായി.

മിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ കൊടുത്തതോടെ പ്രൊഫഷണലുകള്‍ നാട്ടിലേക്ക് തിരിച്ചുപോയി. ചിലര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ നഗരങ്ങളിലുള്ള നിരവധി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. വനിതകള്‍ക്കായുള്ള ഹോസ്റ്റലുകളിലും ആളില്ലാത്ത അവസ്ഥയാണ്. ഐടി പാര്‍ക്കുകള്‍ക്ക് അടുത്തുള്ള ഫ്‌ളാറ്റുകള്‍ക്കും ഹോസ്റ്റലുകള്‍ക്കുമാണ് ഏറ്റവുമധികം തിരിച്ചടിയായിരിക്കുന്നത്.

അതുപോലെ നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും വില്‍പ്പനയ്ക്കിട്ടിരിക്കുകയാണ്. ഈ അവസരം മുതലാക്കി പുറത്തുനിന്നുള്ള ചില ബിസിനസ് ഗ്രൂപ്പുകള്‍ ഇവ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചെറിയ ഹൗസ് പ്ലോട്ടുകള്‍ക്കും ചെറിയ ഫ്‌ളാറ്റുകള്‍ക്കുമാണ് കുറച്ചെങ്കിലും അന്വേഷണങ്ങളുണ്ട്. എന്നാല്‍ വില്‍പ്പന നടക്കുന്നത് കുറവാണ്.

കേരളത്തിലേക്ക് പുതിയ റിയല്‍ എസ്റ്റേറ്റ് പദ്ധതികളൊന്നും വരാത്ത അവസ്ഥയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബില്‍ഡര്‍മാര്‍ പുതിയ പ്രോജക്റ്റുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അനുമതി കിട്ടിയ പദ്ധതികളുടെ നിര്‍മാണവും തുടങ്ങുന്നില്ല. അതുകൊണ്ടുതന്നെ സ്ഥലവില കുത്തനെ താഴേക്ക് പോകുന്ന സാഹചര്യമാണ്. ചില മേഖലകളില്‍ സ്ഥലവില പകുതിയോളം വരെ താഴാനിടയുണ്ട്.

കെട്ടിടങ്ങള്‍ ഒഴിഞ്ഞുകിടക്കുന്നു

കോവിഡ് പ്രതിസന്ധി മൂലം ബംഗലൂരുവില്‍ 50,000 ഷോപ്പുകള്‍ അടച്ചുപൂട്ടിയെന്നാണ് കണക്ക്. മറ്റുപല ബിസിനസുകളും അടച്ചുപൂട്ടലിന്റെ വക്കിലുമാണ്. കേരളത്തിലെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെങ്കിലും പ്രതിസന്ധി രൂക്ഷമാണ്. പല സംരംഭകരും എങ്ങനെയെങ്കിലും ഓണം വരെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ്. ഓണത്തിന് കാര്യമായ ബിസിനസ് കിട്ടിയില്ലെങ്കില്‍ ഇവയുടെ ഭാവി ചോദ്യചിഹ്നമായേക്കും.

വില്‍പ്പന കുറഞ്ഞതോടെ നിലനില്‍ക്കാനാകാതെ കേരളത്തിലെ നിരവധി ഷോപ്പുകള്‍ പൂട്ടിപ്പോയ അവസ്ഥയിലാണ്. നിലനില്‍ക്കുന്നവ തന്നെ തങ്ങളുടെ സ്‌പേസ് കുറച്ച് വാടകച്ചെലവ് ലാഭിക്കുന്നു. കമ്പനികളാകട്ടെ തങ്ങളുടെ നഗരങ്ങളിലുള്ള ഓഫീസുകളുടെ എണ്ണം കുറച്ചുകൊണ്ട് ചെലവുചുരുക്കല്‍ നടപടികളിലാണ്. മറ്റുചിലര്‍ നഗരത്തിലെ വാടകകൂടിയ ഓഫീസുകള്‍ വിട്ട് ചെറുപട്ടണങ്ങളിലേക്ക് ചേക്കേറുന്നു.

ഇപ്പോള്‍ ഒഴിഞ്ഞുപോകുന്ന കെട്ടിടങ്ങളിലേക്ക് പുതിയ ആളുകള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വരുന്നില്ല. ആരും പുതിയതൊന്നും തുടങ്ങാനുള്ള മാനസികാവസ്ഥയിലല്ലെന്ന് കെട്ടിടഉടമകള്‍. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഈ മേഖലയ്ക്ക് അടുത്ത കാലത്തെങ്ങും ഒരു തിരിച്ചുവരവ് ഉണ്ടാകാനിടയില്ലെന്ന് ഇവര്‍ പറയുന്നു.

പരമാവധി ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം കൊടുത്തശേഷം ആവശ്യമില്ലാത്ത ഓഫീസുകളുടെ എണ്ണം കുറച്ച് വാടകയടക്കമുള്ള ചെലവുകള്‍ ലാഭിക്കുകയാണ് സ്ഥാപനങ്ങള്‍. ഐടി മേഖലയിലടക്കം നിരവധി ഓഫീസുകള്‍ കേരളത്തില്‍ അടച്ചുപൂട്ടിക്കഴിഞ്ഞു.

വര്‍ക് ഫ്രം ഹോം റെസിഡന്‍ഷ്യല്‍ മേഖലയിലും പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ജോലി ചെയ്യാന്‍ ഓഫീസില്‍ പോകേണ്ടെന്ന സാഹചര്യവും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസവും ആയതോടെ നഗരത്തില്‍ വലിയ വാടക കൊടുത്ത് നില്‍ക്കേണ്ട ആവശ്യം ഇല്ലാതെയായി. അതോടെ പലരും വാടകവീടുകള്‍ ഉപേക്ഷിച്ച് തങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപോയി. എവിടെയിരുന്നാലും ജോലിയും നടക്കും, കുട്ടികളുടെ വിദ്യാഭ്യാസവും നടക്കും. ഇതോടെ കേരളത്തിലെ നഗരങ്ങളില്‍ നിരവധി വീടുകളും ഫ്‌ളാറ്റുകളും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണിപ്പോള്‍. വീടിന്റെ ഒരു നില വാടകയ്ക്ക് കൊടുത്ത് ആ വരുമാനം കൊണ്ട് ജീവിച്ചിരുന്ന മുതിര്‍ന്ന പൗരന്മാര്‍ അടക്കമുള്ളവരെയാണ് ഈ കടുത്ത പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.

ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി

''വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ ഡിമാന്റ് വല്ലാതെ കുറഞ്ഞിട്ടുണ്ട്. പല പ്രോജക്റ്റുകളും പൂര്‍ത്തീകരിക്കാനാകാതെ കിടക്കുകയാണ്. ഷോപ്പുകളിലാണെങ്കില്‍ വില്‍പ്പനയും നടക്കുന്നില്ലാത്തതിനാല്‍ അവര്‍ക്ക് വാടക നല്‍കാനുള്ളത് പോലും കിട്ടുന്നില്ല. പ്രശ്‌നം മനസിലാക്കി ഏതാനും മാസങ്ങള്‍ വാടക ഒഴിവാക്കി കൊടുത്തിരുന്നു. പക്ഷെ എത്രനാള്‍ അതിന് സാധിക്കും. കെട്ടിടങ്ങളുടെ വാടകവരുമാനം കൊണ്ട് മുന്നോട്ടുപോകുന്ന ചെറുകിടകെട്ടിട ഉടമകളുടെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്. 60 വര്‍ഷമായി ബിസിനസിലുള്ള ഞാന്‍ ഇതുപോലൊരു പ്രതിസന്ധി ഇതുവരെ കണ്ടിട്ടില്ല.'' സ്‌മോള്‍ സ്‌കെയ്ല്‍ ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ രക്ഷാധികാരിയായ ഷെവലിയാര്‍ സിഇ ചാക്കുണ്ണി പറയുന്നു. 

ലോക്ഡൗണിന് ശേഷം അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയെല്ലാ ഷോപ്പുകളുടെയുംതന്നെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ടെക്‌സ്റ്റൈല്‍, ഫുട്‌വെയര്‍, സ്‌റ്റേഷനറി, റെസ്റ്റോറന്റ്, ഫര്‍ണിച്ചര്‍, ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത പ്രഹരമാണ് കോവിഡ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്. നിരവധി ഷോപ്പുകള്‍ പൂട്ടിപ്പോയി.

''കഴിഞ്ഞവര്‍ഷത്തേതില്‍ നിന്ന് ഈ വര്‍ഷം 80 ശതമാനത്തോളം ബിസിനസ് കുറഞ്ഞിരിക്കുകയാണ്. ആകെ ലഭിക്കുന്ന 20 ശതമാനം ബിസിനസ് കൊണ്ട് വാടകയ്ക്കും മറ്റ് ചെലവുകളും നടത്താന്‍ വ്യാപാരികള്‍ക്ക് കഴിയുന്നില്ല. കേരളത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളും മാളുകളും പലതും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. ആരും തന്നെ പുതിയതായി വരുന്നുമില്ല.'' മെട്രന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഷാജുദ്ദീന്‍ പി.പി പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News