ഐടി, ബിപിഓ ജോലിക്കാര്‍ക്ക് എവിടെ ഇരുന്നും ജോലി ചെയ്യാം; പുതിയ നിയമം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രമുഖര്‍

Update: 2020-11-07 12:28 GMT

സര്‍ക്കാര്‍ ഐടി ജോലികള്‍ക്കായുള്ള സമഗ്ര നിര്‍ദേശങ്ങള്‍ പുറത്തുവിട്ടതോടെ രാജ്യത്തെ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോടിക്കണക്കിന് പേര്‍ക്ക് പ്രയോജനകരമാകുന്ന നീക്കങ്ങളുമായി നിരവധി കമ്പനികളും രംഗത്ത്. വിപ്രോയും ആമസോണും അടക്കമുള്ള ഇന്ത്യയിലെ ഐടി പ്രമുഖരെല്ലാം തന്നെ പുതിയ നീക്കത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ബിപിഒ, കെപിഒ (നോളജ് പ്രോസസ് ഔട്ട്സോഴ്‌സിംഗ്), ഐടി-ഇഎസ്, കോള്‍ സെന്റര്‍ ജോലികള്‍ തുടങ്ങിയവയ്ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. ഇതോടെ രാജ്യത്തെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്ക് ജോലി ലഭ്യത വര്‍ധിക്കുമെന്നും വ്യവസായ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

ഐടി വ്യവസായത്തിന് ശക്തമായ പ്രചോദനം നല്‍കുകയും ലോകത്തെ ഏറ്റവും മത്സരാധിഷ്ഠിത ഐടി കേന്ദ്രമായി ഇന്ത്യയെ മാറ്റുകയും ചെയ്യുകയെന്നതാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് നാസ്‌കോം വൈസ് പ്രസിഡന്റ് കെ എസ് വിശ്വനാഥന്‍ വ്യക്തമാക്കി. ആഗോള ഐടി മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് എവിടെ ഇരുന്നും ജോലി ചെയ്യാം എന്നത് പുതിയ പ്രതിസന്ധി സമയത്ത് അവസരങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയാണ്. നഗരങ്ങളിലേക്ക് തിരികെ കുടിയേറിപ്പാര്‍ക്കാനോ വിദേശ രാജ്യങ്ങളിലേക്ക് എത്തിപ്പെടാന്‍ കഴിയാത്തവര്‍ക്കോ ഇത് അനുഗ്രഹമാകുമെന്ന് സ്റ്റാര്‍ടെക് പ്രസിഡന്റ് രാജീവ് അഹൂജ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ ഐടി മേഖലയെ തന്നെ പുതിയ തലത്തിലേക്ക് എത്തിക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി പറഞ്ഞു. രാജ്യത്ത് ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള ഐടി വൈദഗ്ധ്യം നേടിയ ഉദ്യോഗാര്‍ത്ഥികളിലേക്ക് കൂടി തൊഴില്‍ അവസരങ്ങളെത്തും. പതിനായിരക്കണക്കിന് വരുന്ന ആളുകള്‍ക്ക് ഉടനടി തൊഴില്‍ ലഭ്യമായിക്കഴിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് നേരിട്ട് വീട്ടിലിരുന്ന് തന്നെ തൊഴിലില്‍ പ്രവേശിക്കാമെന്നത് പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുന്നത് കൂടിയാണ്.

ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി രാജ്യത്ത് പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നീക്കങ്ങള്‍ വരും ദിവസങ്ങളിലുമുണ്ടാവുമെന്ന് ആമസോണ്‍ ഇന്ത്യ തലന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു. ബിപിഓ, ബിപിഎം മേഖലയില്‍ വിപ്ലവകരമായ ചുവടുവെപ്പാണിതെന്ന് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലെകാനി അഭിപ്രായപ്പെട്ടു.

പുതിയ തീരുമാനം എന്താണ്?

കമ്പനികള്‍ക്ക് ജീവനക്കാരുടെ വീട്ടിലിരുന്നുള്ള ജോലി അല്ലെങ്കില്‍ ഇന്ത്യയില്‍ എവിടെയിരുന്നുമുള്ള ജോലി നയങ്ങള്‍ എളുപ്പമാക്കുന്നതിനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ് പുതിയ ഐടി തൊഴില്‍ നിയമം. കൊവിഡ് -19 വ്യാപനത്തോടെ ജീവനക്കാരെ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ ഐടി, ബിപിഒ കമ്പനികളെ നിര്‍ബന്ധിതരാക്കിയ ഈ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്.
ഐടി ജോലിക്കാര്‍ക്ക് ഇനി ഓഫീസില്‍ പോകുകയേ വേണ്ട, ഇന്ത്യയില്‍ എവിടെ ഇരുന്നും ജോലി ചെയ്യാം.  പുതിയ നിയമങ്ങള്‍ ഒഎസ്പികള്‍ക്കുള്ള (other service providers) രജിസ്‌ട്രേഷന്‍ ആവശ്യകതകളെ ഇല്ലാതാക്കി. അതേസമയം ഡാറ്റയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിപിഒ വ്യവസായം ഈ നിയമ പരിധിയില്‍ നിന്ന് നീക്കം ചെയ്തു. കമ്പനികള്‍ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം നയങ്ങളില്‍ നിന്നും തടയുന്ന നിരവധി ആവശ്യകതകള്‍ സര്‍ക്കാര്‍ പുതിയ നയ പ്രകാരം നീക്കം ചെയ്തു. ഈ പരിഷ്‌കരണത്തോടെ, രാജ്യത്തെ ഐടി നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ ഐടി വ്യവസായത്തിന് പിന്തുണ നല്‍കുന്നതിന്റെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്.

Tags:    

Similar News