ശ്രീകാന്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ സിഎഫ്ഒ
നിലവില്‍ കമ്പനിയുടെ ജോയിന്റ് സിഎഫ്ഒയാണ് അദ്ദേഹം
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പുതിയ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറായി (CFO) ശ്രീകാന്ത് വെങ്കിട്ടാചാരിയെ നിയമിച്ചതായി കമ്പനി അറിയിച്ചു. ജൂണ്‍ 1 മുതല്‍ ശ്രീകാന്ത് പുതിയ ചുമതലയേല്‍ക്കും.
റിലയന്‍സിനൊപ്പം
ശ്രീകാന്ത് വെങ്കടാചാരി കഴിഞ്ഞ 14 വര്‍ഷമായി റിലയന്‍സിനൊപ്പമാണ്. നിലവില്‍ കമ്പനിയുടെ ജോയിന്റ് സിഎഫ്ഒയാണ് അദ്ദേഹം. ഫോറെക്‌സ് ട്രേഡിംഗിലും ഡെറിവേറ്റീവുകളിലും രണ്ട് പതിറ്റാണ്ടോളം അദ്ദേഹം സിറ്റി ഗ്രൂപ്പിനൊപ്പമായിരുന്നു. പിന്നീട് വിപണി മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ചു.
മുതിര്‍ന്ന ഉപദേശകനാകും
കമ്പനിയില്‍ 2005 മുതല്‍ സിഎഫ്ഒ ആയിരുന്ന അലോക് അഗര്‍വാളിന്റെ പിന്‍ഗാമിയായാണ് ശ്രീകാന്ത് വെങ്കിട്ടാചാരി എത്തുന്നത്. അലോക് അഗര്‍വാള്‍ ഇനി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ മുതിര്‍ന്ന ഉപദേശകന്റെ (senior advisor) ചുമതല ഏറ്റെടുക്കും. 1993ല്‍ റിലയന്‍സില്‍ ചേര്‍ന്ന 65 കാരനായ അഗര്‍വാള്‍ കമ്പനിയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി.