താഴേക്ക് പതിച്ച് റിലയന്‍സ്, വിപണി മൂലധനം 16.60 ലക്ഷം കോടിയായി; കാരണമെന്ത്?
7.31 ശതമാനം ഇടിഞ്ഞ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2,406 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്
നികുതിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ പുതിയ നടപടിക്ക് പിന്നാലെ ഓഹരി വിപണിയില്‍ താഴേക്ക് പതിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇന്ത്യന്‍ കമ്പനികള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതിക്ക് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റിലയന്‍സിന്റെ ഓഹരികള്‍ ഇന്ന് 8 ശതമാനത്തോളം ഇടിഞ്ഞു. പെട്രോള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം എന്നിവയുടെ കയറ്റുമതിയില്‍ ലിറ്ററിന് 6 രൂപയും ഡീസലിന് 13 രൂപയുമാണ് സര്‍ക്കാര്‍ നികുതി ചുമത്തിയത്. ആഭ്യന്തര വിപണിയുടെ ആവശ്യം നിറവേറ്റുന്നതിനാണ് ഈ നടപടി.
അസംസ്‌കൃത എണ്ണ ഉല്‍പ്പാദകരുടെ 'അപതീക്ഷിത നേട്ടത്തിന്' കേന്ദ്രം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര അസംസ്‌കൃത ഉല്‍പ്പാദനത്തില്‍ ബാരലിന് 23,230 രൂപ അധിക സെസ് ഏര്‍പ്പെടുത്തി. ഉയര്‍ന്ന അന്താരാഷ്ട്ര എണ്ണവിലയില്‍ നിന്ന് ഉല്‍പ്പാദകര്‍ക്ക് ലഭിക്കുന്ന അപതീക്ഷിത നേട്ടത്തില്‍നിന്നുള്ള ലാഭം എടുത്തുകളയാനാണ് ഈ നീക്കം.
ഇന്ന് 7.31 ശതമാനത്തിന്റെ ഇടിവോടെ 2,406 രൂപയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് വിപണിയില്‍ വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികള്‍ ഇടിവിലേക്ക് വീണതോടെ കമ്പനിയുടെ വിപണി മൂലധനം 16.60 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഈ ഓഹരി ഏപ്രില്‍ 29-ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2,855 രൂപയിലെത്തിയപ്പോള്‍ വിപണി മൂലധനം 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിരുന്നു. കേന്ദ്രത്തിന്റെ ഈ നീക്കത്തിനു പിന്നാലെ ഒഎന്‍ജിസിയുടെ ഓഹരികള്‍ 13.30 ശതമാനം താഴ്ന്ന് 131.40 രൂപയിലെത്തി.