പുതിയ നീക്കവുമായി റിലയന്‍സ്, ഏറ്റെടുത്തത് ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍

റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡ് ഇപ്പോള്‍ ഇന്ത്യന്‍ ഫാഷന്‍ ലേബലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്

Update:2022-04-20 12:54 IST

ഫാഷന്‍ രംഗത്തെ ഏറ്റെടുക്കല്‍ തുടര്‍ന്ന് റിലയന്‍സ് (Reliance) ബ്രാന്‍ഡ്സ് ലിമിറ്റഡ് (ആര്‍ബിഎല്‍). രാജ്യത്തെ മുന്‍നിര കൊട്ടൂറിയര്‍മാരായ അബു ജാനി സന്ദീപ് ഖോസ്ലയുടെ (എജെഎസ്‌കെ) 51 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയത്. നേരത്തെ റിലയന്‍സ് ബ്രാന്‍ഡ്സ് ഡിസൈനര്‍ രാഹുല്‍ മിശ്രയുമായി സംയുക്ത സംരംഭം ആരംഭിച്ചിരുന്നു.

ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ചിക്കങ്കരി, സര്‍ദോസി, ബന്ധാനി തുടങ്ങിയ കരകൗശല വസ്തുക്കളെ ഫാഷ്‌ന്റെ മുന്‍നിരയിലേക്ക് എത്തിച്ചാണ് ശ്രദ്ധേയമായത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ ശ്വേത ബച്ചനും താന്യ ഗോദ്റെജും ഉള്‍പ്പെടെയുള്ള നിരവധി സെലിബ്രിറ്റികളെ ഇവര്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. 2003-ല്‍ ദേവദാസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡും നേടിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി, ടിഫാനിസ്, ജോര്‍ജിയോ അര്‍മാനി, ബര്‍ബെറി എന്നിവയുള്‍പ്പെടെ 60-ലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി ടൈ-അപ്പുകള്‍ നടത്തുന്ന റിലയന്‍സ് ബ്രാന്‍ഡ്സ് ലിമിറ്റഡ് ഇപ്പോള്‍ ഇന്ത്യന്‍ ഫാഷന്‍ ലേബലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിതു കുമാറിനെ കമ്പനി ഏറ്റെടുക്കുകയും ബോളിവുഡിന്റെ ഗോ-ടു ഡിസൈനറായ മനീഷ് മല്‍ഹോത്രയില്‍ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയുമാണ് ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ റിലയന്‍സിന്റെ ഏറ്റെടുക്കല്‍ ആരംഭിച്ചത്.





Tags:    

Similar News