ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍
ജസ്റ്റ് ഡയലിന്റെ 40.98 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയത്
ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഏറ്റെടുക്കല്‍ ചട്ടങ്ങള്‍ക്കനുസൃതമായി ജസ്റ്റ് ഡയല്‍ ലിമിറ്റഡിന്റെ നിയന്ത്രണം ഏറ്റെടുത്തതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവില്‍ ജസ്റ്റ് ഡയല്‍ ലിമിറ്റഡില്‍ 40.98 ശതമാനം ഓഹരികളും കൈവശം വയ്ക്കുന്നത് റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സാണ്.
നേരത്തെ, 2021 ജൂലൈ 20 ന്, 1,020 രൂപ നിരക്കില്‍ ജസ്റ്റ് ഡയലിന്റെ 1.31 കോടി ഓഹരികള്‍ റിലയന്‍സ് റീറ്റെയ്‌ലേഴ്‌സ് കമ്പനിയുടെ സിഇഒ വിഎസ്എസ് മണിയില്‍ സ്വന്തമാക്കിയിരുന്നു. ജസ്റ്റ് ഡയലിന്റെ ഓഹരികളുടെ 15.63 ശതമാനത്തോളമായിരുന്നു അത്. തുടര്‍ന്ന്, സെപ്റ്റംബര്‍ ഒന്നിന് 1,022.25 രൂപ നിരക്കില്‍ ജ്‌സറ്റ് ഡയലിന്റെ 2.12 കോടി ഓഹരികള്‍ കൂടി റിലയന്‍സ് സ്വന്തമാക്കി. 25.35 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയത്. ഇതോടെയാണ് 40.98 ശതമാനം പങ്കാളിത്തവുമായി റിലയന്‍സ് ജസ്റ്റ് ഡയലിന്റെ നിയന്ത്രണം ഏറ്റെടുത്തത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനവും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള എല്ലാ റീറ്റെയ്ല്‍ കമ്പനികളുടെയും ഉടമസ്ഥത കമ്പനിയുമായ റിലയന്‍സ് റീറ്റെയ്ല്‍ വെഞ്ച്വേഴ്‌സ്, 2021 മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 157,629 കോടി രൂപയുടെ ഏകീകൃത വിറ്റുവരവും 5,481 കോടി രൂപയുടെ അറ്റാദായവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഈ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ജസ്റ്റ് ഡയലിന്റെ ഓഹരി വിലയും ഉയര്‍ന്നു. രണ്ട് ദിവസത്തിനിടെ നാല് ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. 990 രൂപയാണ് ജസ്റ്റ് ഡയലിന്റെ ഒരു ഓഹരിയുടെ ഇന്നത്തെ (03-08-2021, 2.52) വില.