7-ഇലവന്റെ 100 ഫ്രാഞ്ചൈസികള്‍ തുറക്കാന്‍ റിലയന്‍സ്, സ്റ്റോറുകള്‍ വരുന്നത് എവിടെയൊക്കെ?
മെയ് അവസാനത്തോടെ ഗ്രേറ്റര്‍ മുംബൈയില്‍ 15 സ്റ്റോറുകള്‍ തുറക്കും
ടെക്‌സാസിലെ ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ കണ്‍വീനിയന്‍സ് സ്റ്റോറുകളുടെ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ശൃംഖലയായ 7-ഇലവന്റെ ഇന്ത്യയിലെ മാസ്റ്റര്‍ ഫ്രാഞ്ചൈസി സ്വന്തമാക്കി റിലയന്‍സ് റീട്ടെയില്‍. രാജ്യത്തെ 100 നഗരങ്ങളില്‍ 7-ഇലവന്റെ സ്റ്റോറുകള്‍ തുറക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മെയ് അവസാനത്തോടെ ഗ്രേറ്റര്‍ മുംബൈയില്‍ 15 സ്റ്റോറുകള്‍ തുറക്കും. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ 50 സ്റ്റോറുകള്‍ തുറക്കാനും അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ മികച്ച 100 നഗരങ്ങളില്‍ 7-ഇലവന്‍ സ്റ്റോറുകള്‍ ആരംഭിക്കാനുമാണ് റിലയന്‍സ് പദ്ധതിയിടുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 7-ഇലവനുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റിലയന്‍സ് റീട്ടെയ്‌ലിന്, ഇന്ത്യയിലെ 7-ഇലവന്റെ വിപുലീകരണം ശക്തമാക്കാനുള്ള പദ്ധതികളുണ്ട്. നിലവില്‍ 11 സ്റ്റോറുകള്‍ റിലയന്‍സ് റീട്ടെയില്‍ തുറന്നിട്ടുണ്ട്. ഗുഡ്ഗാവ്, പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവയുള്‍പ്പെടെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് 7-ഇലവന്‍ സ്റ്റോറുകള്‍ തുറക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നത്.
95 വര്‍ഷത്തെ പാരമ്പര്യമുള്ള 7-ഇലവന് 18 രാജ്യങ്ങളിലായി 78,000-ലധികം സ്റ്റോറുകളുണ്ട്. ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടെയാണിത്.