നെസ്‌ലെക്ക് ആശ്വാസം, മാഗ്ഗി നൂഡില്‍സ് കേസില്‍ അനുകൂല വിധി
അന്യായ വ്യാപാരം ആരോപിച്ച് കേന്ദ്രം 2015ല്‍ നല്‍കിയ കേസ് ഉപഭോക്തൃ കോടതി തള്ളി
ബഹുരാഷ്ട്ര കമ്പനിയായ നെസ്‌ലെയുടെ മാഗ്ഗി നൂഡില്‍സ് അന്യായ വ്യാപാരം നടത്തി എന്ന കേസില്‍ കമ്പനിക്ക് അനുകൂലമായ വിധിയുമായി ഉപഭോക്തൃ കോടതി. അപകടകരമായതും ഭക്ഷ്യയോഗ്യവുമല്ലാത്ത നൂഡില്‍സ് വിറ്റു എന്നായിരുന്നു കമ്പനിക്ക് എതിരെയുള്ള ആരോപണം.
കേന്ദ്ര സര്‍ക്കാര്‍ 2015ലാണ് ദേശിയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുമ്പാകെ നെസ്‌ലെക്ക് എതിരെ കേസ് നല്‍കിയത്. കേസില്‍ സര്‍ക്കാര്‍ 288.55 കോടി രൂപയുടെ നഷ്ടപരിഹാരവും നാശനഷ്ടങ്ങള്‍ക്ക് 355.41 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് 2015 ജൂണില്‍ മാഗ്ഗി നൂഡില്‍സ് ദേശിയ വ്യാപകമായി ആറു മാസത്തേക്ക് നിരോധിച്ചിരുന്നു.
നൂഡില്‍സ് സാമ്പിളുകളില്‍ ചില രാസവസ്തുക്കള്‍ അനുവദനീയമായതിലും അധികം കണ്ടത്തിയതിനെ തുടര്‍ന്നാണ് നിരോധന ഉത്തരവ് അന്ന് പ്രഖ്യാപിച്ചത്. 38,000 ടണ്‍ മാഗ്ഗി നൂഡില്‍സാണ് കടകളില്‍ നിന്നും ഫാക്ടറിയിലെ ശേഖരത്തില്‍ നിന്നുമായി നശിപ്പിച്ചത്. പിന്നീട് 2015 നവംബറില്‍ മാഗ്ഗി നൂഡില്‍സ് വിപണിയില്‍ തിരിച്ചെത്തി. നിലവില്‍ അനുകൂല വിധി വന്ന ശേഷം നെസ്‌ലെ ഓഹരിയില്‍ കാര്യമായ ചലനം ഉണ്ടായിട്ടില്ല.