ഇനി സൂപ്പർമാർക്കറ്റ് വീട്ടിലെത്തും, 'ബിഗ് ബാസ്‌കറ്റ്' കൊച്ചിയിൽ

Update: 2019-05-15 08:01 GMT

ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ്‌ ബാസ്കറ്റിന്റെ സേവനം ഇനി മുതൽ കൊച്ചി നഗരത്തിലും. ബിഗ് ബാസ്‌കറ്റിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഓർഡർ നൽകിയാൽ സാധങ്ങൾ ഇനി വീട്ടിലെത്തും.

3000 ലേറെ ബ്രാൻഡുകളുടെ 22,000 ലധികം ഉൽപ്പന്നങ്ങൾ ബിഗ് ബാസ്കറ്റിൽ ലഭ്യമാണ്. പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, സൗന്ദര്യ വർധക ഉത്പന്നങ്ങൾ എന്നിവ ഇതിലുൾപ്പെടും. കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചതോടെ ഇന്ത്യയിലിപ്പോൾ 26 നഗരങ്ങളിൽ ബിഗ് ബാസ്കറ്റിന് സാന്നിധ്യമുണ്ട്.

പുതിയ സാമ്പത്തിക വർഷം ബിഗ് ബാസ്‌ക്കറ്റ് കൊച്ചിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നെന്ന വാർത്ത മാർച്ചിൽ ധനം ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. കോച്ചിയിൽ നടന്ന ധനം റീറ്റെയ്ൽ ആൻഡ് ബ്രാൻഡ് സമ്മിറ്റ് & അവാർഡ് നൈറ്റ് ഉദ്‌ഘാടനം ചെയ്യവെയാണ് കേരളത്തിലേക്ക് പ്രവേശിക്കാൻ ബിഗ് ബാസ്കറ്റ് ഒരുങ്ങുന്നതായി, സിഇഒയും സഹസ്ഥാപകനുമായ ഹരി മേനോൻ അറിയിച്ചത്.

കൊച്ചിയിലേക്കുള്ള കാൽവയ്‌പ്പ് ബിഗ്‌ബാസ്കറ്റിന് വളരെ വലിയ വളർച്ച നേടാൻ സഹായിക്കുമെന്ന് ഇന്നു നടന്ന വാർത്താ സമ്മേളനത്തിൽ ഹരി മേനോൻ പറഞ്ഞു. ഉപയോക്താക്കളുടെ സംതൃപ്തിയിലുള്ള ശ്രദ്ധയും പ്രവർത്തന മികവും നവീന സാങ്കേതിക വിദ്യയുമാണ് ബിഗ് ബാസ്കറ്റിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ഫ്രഷ് ആയ പഴങ്ങളും പച്ചക്കറികളും മറ്റ് ഉൽപ്പന്നങ്ങളും ഫാർമേഴ്‌സ് കണക്ട് പദ്ധതിയിലൂടെ ബിഗ് ബാസ്കറ്റ് നേരിട്ട് വാങ്ങി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ഹരി മേനോൻ ചൂണ്ടിക്കാട്ടി.

ആദ്യത്തെ 2000 ഉപഭോക്താക്കൾക്ക് ആദ്യ 2 മാസത്തെ എല്ലാ ഓർഡറുകളിലും 10 ശതമാനം ക്യാഷ് ബാക്ക് ഓഫർ കമ്പനി നൽകും. നാല് വ്യത്യസ്ത വിതരണ സമയങ്ങൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 1200 രൂപയ്ക്കു മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡെലിവറി സൗജന്യമായിരിക്കും.

ഈയിടെ കഴിഞ്ഞ ഫണ്ടിംഗ് റൗണ്ടിന് ശേഷം ബിഗ് ബാസ്കറ്റ് ഇന്ത്യയിലെ യൂണികോൺ നിരയിലേക്ക് ഉയർത്തപ്പെട്ടിരുന്നു.

Similar News