അമേരിക്കൻ കാറ്റ്! സ്വർണവില ഇന്ന് കീഴ്മേൽ മറിഞ്ഞു; വെള്ളിക്കും വില കുറഞ്ഞു
ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു; ഇന്ന് വില കുറഞ്ഞതോടെ അക്ഷയ തൃതീയ ബുക്കിംഗിന് മികച്ച അവസരം
ആഗോള, ആഭ്യന്തരവിപണികളില്‍ സ്വര്‍ണവില കാഴ്ചവയ്ക്കുന്ന കനത്ത ചാഞ്ചാട്ടം ഇന്നും തുടരുന്നു. ഇന്ന് കേരളത്തില്‍ വില ഗ്രാമിന് 35 രൂപ താഴ്ന്ന് 6,625 രൂപയായി. 280 രൂപ കുറഞ്ഞ് 53,000 രൂപയാണ് പവന്‍വില.
ഇന്നലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കൂടിയിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (April 23) പവന് ഒറ്റയടിക്ക് 1,120 രൂപ കുറഞ്ഞത് ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസമായിരുന്നു. എന്നാല്‍, തൊട്ടടുത്ത ദിവസം വില വീണ്ടും കൂടിയത് തിരിച്ചടിയുമായി.
ഇന്ന് വില ഭേദപ്പെട്ട കുറവ് രേഖപ്പെടുത്തിയത് വിവാഹം ഉള്‍പ്പെടെയുള്ള അത്യാവശ്യ ആവശ്യങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആശ്വാസമാണ്. അടുത്തമാസം 10നാണ് അക്ഷയ തൃതീയ. വിലക്കുറവ് പ്രയോജനപ്പെടുത്തി അക്ഷയ തൃതീയ ബുക്കിംഗിനും ഇന്നത്തെ വില പ്രയോജനപ്പെടുത്താം.
സംസ്ഥാനത്തെ അക്ഷയ തൃതീയ ട്രെന്‍ഡിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വായിക്കുക: അക്ഷയ തൃതീയ ഇങ്ങെത്തി, സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം! (Click here).
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,540 രൂപയായിട്ടുണ്ട്. 22കാരറ്റ് സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ പരിശുദ്ധിയും വിലയും കുറഞ്ഞ 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ആഭരണങ്ങള്‍ക്കും കേരളത്തില്‍ പ്രിയം കൂടിവരുന്നുണ്ടെന്ന് വിതരണക്കാര്‍ പറയുന്നു. കേരളത്തില്‍ പുതിയ ട്രെന്‍ഡും ദൃശ്യമാണ്. വിശദാംശങ്ങള്‍ക്ക്: സ്വര്‍ണക്കുതിപ്പിനിടെ കേരളത്തില്‍ പുത്തന്‍ ട്രെന്‍ഡ്; വിപണി പിടിച്ച് 'കുഞ്ഞന്‍' താരങ്ങള്‍ (Click here).
സംസ്ഥാനത്ത് ഇന്ന് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 87 രൂപയിലാണ് ഇന്ന് വ്യാപാരം. പാദസരം, അരഞ്ഞാണം, പൂജാപാത്രങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിങ്ങനെ വെള്ളിയില്‍ തീര്‍ത്ത ആഭരണങ്ങളും ഉത്പന്നങ്ങളും വാങ്ങുന്നവര്‍ക്ക് വെള്ളിയുടെ വിലയിറക്കം നേട്ടമാണ്.
എന്തുകൊണ്ട് സ്വര്‍ണവിലയില്‍ ഈ അസ്ഥിരത?
മധ്യേഷ്യയിലെ യുദ്ധഭീതി ഒഴിവായതും ഓഹരി-കടപ്പത്ര വിപണികള്‍ നേട്ടത്തിലേറിയതും കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യാന്തര സ്വര്‍ണവിലയെ താഴേക്ക് നയിച്ചിരുന്നു. റെക്കോഡ് വില മുതലെടുത്ത് നിക്ഷേപകര്‍ സ്വാഭാവിക ലാഭമെടുപ്പ് നടത്തിയതും വില കുറയാന്‍ വഴിയൊരുക്കി.
അതേസമയം, ഇന്നലെ വീണ്ടും വില കൂടുകയും ചെയ്തു. എന്നാല്‍, ഇന്ന് വില ഔണ്‍സിന് 2,329 ഡോളറില്‍ നിന്ന് 2,313 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്. അമേരിക്കയുടെ ജനുവരി-മാര്‍ച്ചുപാദ ജി.ഡി.പി വളര്‍ച്ചാക്കണക്ക് ഇന്ന് പുറത്തുവരും. ഉപയോക്തൃവിപണിയുടെ വളര്‍ച്ചാ ട്രെന്‍ഡ് നാളെയും അറിയാം.
ഈ കണക്കുകള്‍ അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ അടുത്ത ധനനയ പ്രഖ്യാപനത്തിനെ സ്വാധീനിച്ചേക്കുന്നവയാണ്. ഈ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കരുതലോടെ നീങ്ങുന്നതാണ് ഇന്ന് സ്വര്‍ണവില കുറയാനിടയാക്കിയത്.