റസ്റ്റോറന്റുകളും മാളുകളും കൊറോണ ഭീതിയില്‍; റീറ്റെയ്ല്‍ രംഗത്ത് കനത്ത നഷ്ടം

Update: 2020-03-10 12:15 GMT

സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും ഷോപ്പിംഗ് മാളുകളും സിനിമ തിയേറ്ററുകളും കഫേകളുമെല്ലാം പിടിച്ചു നില്‍പ്പിന്റെ പാതിയിലായിരുന്നു. എന്നാല്‍ കോവിഡ് ഭീതി റീറ്റെയ്ല്‍ മേഖലയെ പിടിച്ചുലയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് എവിടെ നിന്നും ലഭ്യമാകുന്നത്. ഇന്ത്യയിലാകമാനം മാളുകളുടെയും റസ്‌റ്റോറന്റുകളുടെയും ബിസിനസില്‍ മാത്രം 15 മുതല്‍ 25 ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. മാളുകളിലേക്കുള്ള ആളുകളുടെ സന്ദര്‍ശനം കുറഞ്ഞതും സിനിമാ തിയേറ്ററുകള്‍ അടച്ചതും ഇതിനു പ്രധാന കാരണമായി.

ജനങ്ങള്‍ ധാരാളമായി വരാനിടയുള്ള സ്ഥലങ്ങളില്‍ അതീവ ജാഗ്രത ഉണ്ടായിരിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പുറത്തു വന്നതും വിവിധ സ്ഥലങ്ങളിലെ കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 25 ശതമാനം വരെയാണ് കഴിഞ്ഞ രണ്ടാഴ്ചയിലെ സെയ്ല്‍സ് ഇടിവ് വന്നതെന്നും ഇങ്ങനെ പോയാല്‍ സ്ഥിതി മോശമാകുമെന്നും കെഎഫ് സി ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്റര്‍ സമിര്‍ മേനോന്‍ പറയുന്നു.

കഫെകളും ലഘുഭക്ഷണശാലകളും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ് കേരളത്തിലും ദൃശ്യമാകുന്നത്. ഇരിപ്പിടങ്ങള്‍ക്കായി കാത്തു നിന്നിരുന്ന റസ്റ്റോറന്റുകളില്‍ പലതിലും ഒന്നോ രണ്ടോ പേരെയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന പക്ഷിപ്പനിയുടെ വാര്‍ത്തയും ഫ്രൈഡ് ചിക്കന്‍ ബ്രാന്‍ഡുകളുടെയും കോള്‍ഡ് സ്‌റ്റോറേജുകളുടെയും ഫ്രോസണ്‍ ഫുഡ് ബ്രാന്‍ഡുകളുടെയും സെയ്‌ലിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളുടെയും ഹോട്ടലുകളുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ സൂപ്പര്‍, ഹൈപ്പര്‍ മാര്‍ട്ടുകളുടെ കാര്യത്തിലും സംഗതി വിഭിന്നമല്ല.

കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെ പ്രമുഖ മാളില്‍ വന്ന ഉപഭോക്താക്കളുടെ എണ്ണത്തില്‍ കനത്ത ഇടിവുണ്ടായതായി അവിടുത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആലപ്പുഴ, മൂന്നാര്‍ ഫോര്‍ട്ട് കൊച്ചി തുടങ്ങി കേരളത്തില്‍ അധികമായി വിദേശികളെത്തുന്ന പ്രദേശങ്ങളിലെ റസ്റ്റോറന്റുകള്‍ക്കാണ് കൂടുതലും സെയ്ല്‍സ് ഇടിവ് നേരിടുന്നതെന്നാണ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ അറിയുന്നത്.

വിനോദ സഞ്ചാരം കുടുക്കില്‍

വിനോദ സഞ്ചാര കേന്ദ്രങ്ങളായ കോടനാട് ആനവളര്‍ത്തല്‍ കേന്ദ്രം അടച്ചിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ഹോട്ടലുകളിലെ പൂളുകള്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഔദ്യോഗികമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

ഇ കൊമേഴ്‌സിന് നല്ലകാലം

പൊതുസ്ഥലങ്ങളിലും ആളുകള്‍ കൂടുന്ന ഇടങ്ങളിലും സന്ദര്‍ശനം ഒഴിവാക്കണമെന്നതിനാല്‍ ഡിജിറ്റല്‍ ബിസിനസിന് ഇത് നല്ലകാലമായിരിക്കുകയാണ്. ലുലു വെബ്‌സ്റ്റോറില്‍ നിന്നു കഴിഞ്ഞ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നേരത്തെ തന്നെ റീറ്റെയ്ല്‍ വെബ്‌സ്റ്റോറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ജയലക്ഷ്മി പോലുള്ള വസ്ത്ര വ്യാപാര ശാലകളിലും ഓണ്‍ലൈന്‍ സെയ്ല്‍സില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൊമാറ്റോ, ഊബര്‍ ഈറ്റ്‌സ് പോലുള്ള ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും സെയ്ല്‍സ് വര്‍ധിച്ചിരിക്കുകയാണ്. കൊറോണ പ്രതിസന്ധിയിലും കൂടുതല്‍ പേരെ ആകര്‍ഷിക്കാനും നിലവിലുള്ള ഉപഭോക്താക്കളെ നിലനിര്‍ത്തുവാനും ഓഫറുകളും ഇവര്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News