വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ വേണ്ടെന്ന് വെച്ചേക്കുമെന്ന് റിപ്പോർട്ട്

Update:2019-02-05 11:41 IST

അമേരിക്കൻ റീറ്റെയ്ൽ ഭീമനായ വാൾമാർട്ട് ഇന്ത്യയുടെ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തിട്ട് ആറു മാസം തികയുന്നതേ ഉള്ളൂ. ഏറ്റെടുക്കൽ നടപടികളും നേതൃമാറ്റങ്ങളും കഴിഞ്ഞ്‌ കമ്പനി നിലയുറപ്പിച്ച് തുടങ്ങിയപ്പോഴേക്കും അതാ വന്നു തിരിച്ചടിയായി സർക്കാരിന്റെ പുതിയ എഫ്‌ഡിഐ ചട്ടങ്ങൾ. ഇതോടെ ഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പുറത്തു പോകാനൊരുങ്ങുകയാണെന്നാണ് യുഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ മോർഗൻ സ്റ്റാൻലി പറയുന്നത്.

ഇ-കോമേഴ്‌സ് കമ്പനികൾക്കായി വിദേശ നിക്ഷേപ നിയമത്തിൽ സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ ഫെബ്രുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്നതോടെ വെട്ടിലായത് ഫ്ലിപ്കാർട്ടും ആമസോണുമാണ്. കാരണം മറ്റൊന്നുമല്ല, പുതിയ നിയമമനുസരിച്ച് കമ്പനികൾക്ക് ഇനി അവരുടെ ലേബലുകൾ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വിൽക്കാൻ കഴിയില്ല.

ഇതോടെ തങ്ങളുടെ പ്ലാറ്റ് ഫോമിൽ നിന്ന് 25 ശതമാനം ഉല്പന്നങ്ങളും നീക്കേണ്ട അവസ്ഥയിലാണ് ഫ്ലിപ്കാർട്ടെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു. എക്സ്ക്ലൂസീവ് ഡീലുകൾ നിരോധിച്ചതാണ് മറ്റൊരു തിരിച്ചടിയായത്. ഇതുമൂലം സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് വിൽപന കുറയും. ഫ്ലിപ്കാർട്ടിനാകട്ടെ വരുമാനത്തിൽ 50 ശതമാനവും ഈ കാറ്റഗറിയിൽ നിന്നാണ്.

എഫ്‌ഡിഐ സംബന്ധിച്ച സർക്കാരിന്റെ പ്രധാന നിർദേശങ്ങൾ

  • ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഉല്‍പ്പന്നം വില്‍ക്കുന്നവര്‍ക്ക് സ്റ്റോക്കിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ ഏതെങ്കിലും പ്ലാറ്റ് ഫോം വഴി വില്‍ക്കാനാവില്ല.
  • ഓണ്‍ലൈന്‍ കമ്പനികളുടെയോ അവരുടെ ഉപസ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള മൊത്ത വ്യാപാരക്കമ്പനികളില്‍ നിന്നാകരുത് 25 ശതമാനത്തിലേറെ ഉല്‍പ്പന്നങ്ങള്‍.
  • ഏതെങ്കിലും കമ്പനിയുടെ ഉല്‍പ്പന്നം വില്‍ക്കുന്നതിനായി ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകള്‍ എക്‌സ്‌ക്ലൂസിവ് കരാറുകളിലേര്‍പ്പെടരുത്. മറ്റ് വ്യാപാര പ്ലാറ്റ്‌ഫോമുകളിലും ഉല്‍പ്പന്നം ലഭ്യമാക്കണം.
  • ഓണ്‍ലൈന്‍ കമ്പനിക്കോ, ഗ്രൂപ്പ് കമ്പനികള്‍ക്കോ ഓഹരി പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് ആ പ്ലാറ്റ്‌ഫോം വഴി ഉല്‍പ്പന്നം വില്‍ക്കാനാവില്ല.
  • ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങളോ ചരക്കുനീക്കം, പരസ്യം, വിപണനം, പണമിടപാട്, വായ്പ തുടുങ്ങിയ സൗകര്യങ്ങളോ ഒരു പ്രത്യേക വില്‍പ്പനക്കാര്‍ക്കു മാത്രമായി നില്‍ക്കുന്നതിനും നിയന്ത്രണമുണ്ട്.

Similar News