''മൈജി ബ്രാന്‍ഡില്‍ സ്മാര്‍ട്ട്‌ഫോണ്‍ വരും''

Update:2018-10-07 12:15 IST

വെല്ലുവിളികള്‍ ഏറെയുള്ള റീറ്റെയ്ല്‍ രംഗത്ത് വിജയഗാഥകള്‍ രചിച്ച് മുന്നേറുകയാണ് മൈജി മൊബീല്‍സ്. എ.കെ ഷാജി എന്ന യുവ സംരംഭകന്റെ ദീര്‍ഘവീക്ഷണമാണ് റീറ്റെയ്ല്‍ മേഖലയിലെ കരുത്തുറ്റ ബ്രാന്‍ഡായി മൈ ജിയെ മാറ്റിയത്.

നടപ്പു സാമ്പത്തിക വര്‍ഷം 500 കോടി രൂപ വിറ്റുവരവ് പ്രതീക്ഷിക്കുന്ന മൈ ജിക്ക് കേരളത്തില്‍ 63 ഷോറൂമുകളുണ്ട്. 1200 ലേറെ പേര്‍ക്ക് ജോലിയും നല്‍കിയിട്ടുണ്ട് ഈ സ്ഥാപനം.

കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള പങ്കാളിത്തത്തോടെ മൈജിയും അതിന്റെ യുവ സാരഥി എ.കെ ഷാജിയും ഇപ്പോഴിതാ ഇന്ത്യ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു.

ഈ അവസരത്തില്‍ കേരളത്തിന്റെ റീറ്റെയ്ല്‍ മേഖലയില്‍ മൈജിയെ വ്യത്യസ്തമാക്കുന്ന കാര്യങ്ങളെ കുറിച്ചും ഭാവിയിലെ ഈ മേഖലയുടെ സാധ്യതകളെ കുറിച്ചും എ.കെ ഷാജി മനസു തുറക്കുന്നു

ഓണ്‍ലൈന്‍ പര്‍ച്ചേസിംഗിന്റെ കാലത്ത് പരമ്പരാഗത സ്‌റ്റോറുകളുടെ പ്രസക്തി എത്രമാത്രമുണ്ട്?

മൈജിയെ പോലെയുള്ള നിരവധി ഷോറൂമുകളുള്ള റീറ്റെയ്ല്‍ ശൃംഖലകള്‍ക്ക് ഒരിക്കലും ഓണ്‍ലൈന്‍ പര്‍ച്ചേസിംഗ് ഭീഷണിയാകുന്നില്ല. മാത്രമല്ല, ഓണ്‍ലൈനില്‍ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന ഷവോമി ഉല്‍പ്പന്നങ്ങള്‍ കൂടി മൈജിയില്‍ ലഭ്യമാക്കുന്നുണ്ട്. ഇ കൊമേഴ്‌സ് സൈറ്റുകളോട് വിലയില്‍ മത്സരിക്കാന്‍ ആകുന്നുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താവിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ കഴിയുന്നു. മാത്രമല്ല, വലിയ തോതില്‍ വാങ്ങല്‍ നടത്തുമ്പോള്‍ ഉല്‍പ്പാദകരില്‍ നിന്ന് ലഭിക്കുന്ന ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നതിലൂടെയും വിലയില്‍ വലിയ കുറവ് വരുത്താന്‍ മൈജിക്ക് കഴിയുന്നു. മാത്രമല്ല, ഓരോ 20 കിലോമീറ്ററിനുള്ളിലും മൈജിക്ക് സര്‍വീസ് സെന്ററുകളുണ്ട്. അമ്പതിലേറെ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കാന്‍ മൈജി ഷോറൂമുകളിലെത്തിയ ഉപഭോക്താവിന് കഴിയും. എല്ലാറ്റിനുമുപരി തൊട്ടറിഞ്ഞ് വാങ്ങാനുള്ള ഉപഭോക്താവിന്റെ താല്‍പ്പര്യവും പരമ്പരാഗത ഷോറൂമുകള്‍ക്ക് അനുകൂല ഘടകമാണ്.

ഓണ്‍ലൈന്‍ ഭീഷണി ചെറുക്കാന്‍ മൈജി സ്വന്തം നിലയില്‍ എന്താണ് ചെയ്തത്?

ആറുമാസം മുമ്പ് ഹോം ഡെലിവറി സര്‍വീസ് മൈജി തുടങ്ങി. ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്താല്‍ ഒരു മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും ഗാഡ്ജറ്റുകള്‍ ലഭ്യമാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കാഷ് ഓണ്‍ ഡെലിവറി മാത്രമല്ല, പലിശ രഹിത ഇഎംഐയും ഇതിന് ലഭ്യമാക്കുന്നു. മറ്റൊന്ന് ഉല്‍പ്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ എന്ന പേരില്‍ തുടങ്ങിയ പദ്ധതിയാണ്. ചെറിയൊരു തുക അധികമായി നല്‍കിയാല്‍ ഉല്‍പ്പാദകര്‍ പോലും നല്‍കാത്ത തരത്തിലുള്ള വാറന്റി മൈ ജി നല്‍കും. ഡിസ്‌പ്ലേ സ്‌ക്രീന്‍ പൊട്ടിപ്പോയാല്‍ കമ്പനിയില്‍ നിന്ന് മാറ്റി നല്‍കില്ല. എന്നാല്‍ സമ്പൂര്‍ണ പരിരക്ഷയിലൂടെ അതിനും ലഭിക്കും വാറന്റി.

രാജ്യത്ത് ഈയിടെ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ റീറ്റെയ്ല്‍ ബിസിനസിനെ എങ്ങനെ ബാധിച്ചു?

പൊതുവെ വിപണിയില്‍ വളര്‍ച്ചാ മുരടിപ്പ് ഉണ്ടായിട്ടുണ്ട്. അത് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ മാത്രം ഫലമല്ല എന്നു പറയേണ്ടി വരും. ഗള്‍ഫ് പ്രതിസന്ധി മലബാറിലെ റീറ്റെയ്ല്‍ മേഖലയെ ബാധിച്ചു. ഓണം വിപണിയെ പ്രതിസന്ധിയിലാക്കിയാണ് വെള്ളപ്പൊക്കം കടന്നു പോയത്. അതിനു മുമ്പ് തന്നെ നിപ്പ വൈറസ് കോഴിക്കോട്ടെ റീറ്റെയ്ല്‍ വിപണിയില്‍ മുരടിപ്പ് ഉണ്ടാക്കിയിരുന്നു. എന്നാല്‍ മൈജിയെ സംബന്ധിച്ചിടത്തോളം ലാഭത്തില്‍ വളര്‍ച്ച ഉണ്ടായില്ലെങ്കിലും ബിസിനസ് പഴയ നിലയില്‍ തന്നെ ഉണ്ടായിരുന്നു. ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ചാണ് മൈജി ഈ പ്രതിസന്ധിയെ തരണം ചെയ്തത്. പലിശയില്ലാത്ത വായ്പ ലഭ്യമാക്കുകയും എക്‌സ്‌ചേഞ്ച് ഓഫര്‍ നല്‍കുകയും ചെയ്തു.

ഗാഡ്ജറ്റ് മേഖലയിലെ പുതിയ പ്രവണതകള്‍?

അപ്രവചനീയമായ രീതിയിലാണ് സാങ്കേതിക വിദ്യയുടെ വളര്‍ച്ച. മുമ്പ് ഞങ്ങളുടെ ഷോറൂമില്‍ നല്ല വില്‍പ്പനയുള്ള ഉല്‍പ്പന്നമായിരുന്നു, ഡിജിറ്റല്‍ കാമറ, എന്നാല്‍ ഇന്ന് അതിന് തീരെ ആവശ്യക്കാരില്ലെന്നു തന്നെ പറയാം. പുതിയ ഫീച്ചറുകളടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് ഡിമാന്‍ഡ്. 10,000 രൂപയില്‍ കൂടുതല്‍ വിലയുള്ള ഫോണുകളിലാണ് കമ്പനികളുടെയും ശ്രദ്ധ. മുമ്പ് 6000-10,000 രൂപയായിരുന്നു ആവറേജ് എങ്കില്‍ ഇന്ന് 7000 മുതല്‍ 20,000 രൂപ വരെയുള്ള ഗാഡ്ജറ്റുകളോടാണ് ഉപഭോക്താക്കള്‍ക്ക് പ്രിയം. ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റി വര്‍ധിച്ചിട്ടുണ്ട്. മാത്രമല്ല പുതിയ ആപ്പുകളുടെ രംഗപ്രവേശവും കൂടുതല്‍ മെമ്മറിയും മറ്റു ഫീച്ചറുകളുമുള്ള ഫോണുകളുടെ പ്രസക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. റീറ്റെയ്‌ലിംഗിന്റെ രീതി തന്നെ മാറി വരുന്നു എന്നതാണ് മറ്റൊരു പ്രവണത. ജീവനക്കാരും കാഷ് കൗണ്ടറുകളുമില്ലാത്ത ഷോറൂമുകള്‍ ഇപ്പോള്‍ കേരളത്തില്‍ പോലും വന്നിരിക്കുന്നു.

ഈ മേഖല നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? മൈജി എങ്ങനെയാണ് അത് നേരിടുന്നത്?

വെല്ലുവിളികളെ അവസരമാക്കി മാറ്റുക എന്നതാണ് മൈജിയുടെ നിലപാട്. റീറ്റെയ്ല്‍ രംഗത്തെ ചെറുകിടക്കാരുടെ നിലനില്‍പ്പ് അപകടത്തിലായിക്കൊണ്ടിരിക്കുകയാണ്. റീറ്റെയ്ല്‍ ശൃംഖലകള്‍ കൊണ്ടു മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. മൈജിയെ സംബന്ധിച്ച് കേരളം മൊത്തമായി എടുക്കുമ്പോള്‍ ഒരു എതിരാളി ഇല്ല. എന്നാല്‍ പ്രാദേശിക തലത്തില്‍ ഓരോ മേഖലയിലും മത്സരം നേരിടുന്നുണ്ട്. അതാത് സമയത്തിനും സ്ഥലത്തിനും അനുസരിച്ച തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് അതിനെ മറികടക്കാനാണ് ശ്രമം. അങ്ങനെയാണ് സമ്മാനങ്ങള്‍, എക്‌സ്‌ചേഞ്ച്, വില്‍പ്പനാനന്തര സേവനം എന്നിവയൊക്കെ കൂടുതല്‍ കാര്യക്ഷമമായി അവതരിപ്പിച്ചത്.

എന്തൊക്കെയാണ് മൈജിയുടെ ഭാവി പദ്ധതികള്‍?

2020 ആകുമ്പോഴേക്ക് 700 കോടി രൂപയുടെ വിറ്റുവരവ് നേടുക എന്ന ലക്ഷ്യമാണ് മൈജിക്കുള്ളത്. ഒപ്പം കേരളത്തില്‍ എല്ലായിടത്തും ഷോറൂമുകളും. ഇപ്പോള്‍ കാസര്‍കോട് മുതല്‍ കൊച്ചി വരെ ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളില്‍ ഉടനെ ഷോറൂമുകള്‍ തുറക്കും. എല്ലാ ജില്ലകളിലും ചുരുങ്ങിയത് 2500 ചതുരശ്രയടി വിസ്തൃതിയുള്ള ഫ്‌ളാഗ്ഷിപ്പ് ഷോറൂം, അതിനു കീഴില്‍ കുറേയേറെ ഷോറൂമുകള്‍ എന്നതാണ് പദ്ധതി. 2019-20 ല്‍ 15 സ്‌റ്റോറുകള്‍ കൂടി തുറക്കും. കേരളത്തിലെ ഈ രംഗത്തെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട്ട് ഡിസംബറില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമം നടക്കുന്നു. 7000 സ്‌ക്വയര്‍ഫീറ്റ് വിസതൃതി ഇതിനുണ്ടാകും. മൊബീലിനു പുറമേ സ്മാര്‍ട്ട് ടിവി, ഹോം തിയറ്റര്‍ തുടങ്ങി പുതിയ ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ഫോണുകളില്‍ സ്വന്തം ബ്രാന്‍ഡിനെ അവതരിപ്പിക്കാനുള്ള ആര്‍ & ഡി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

ബിസിനസ് എന്നെ പഠിപ്പിച്ചത്

  • പ്രതിസന്ധികള്‍ വന്നുകൊണ്ടേയിരിക്കും. അതില്‍ തളര്‍ന്നാല്‍ നിങ്ങള്‍ നല്ലൊരു ബിസിനസുകാരനല്ല. വെല്ലുവിളികള്‍ പേടിച്ച് മാറി നിന്നാല്‍ ബിസിനസ് നടത്താന്‍ സമയം ഉണ്ടാവില്ല. അതിനെ മറു തന്ത്രം പണിത് മറികടക്കുക. പ്രവര്‍ത്തിക്കുന്ന എല്ലായിടങ്ങളിലും ഒരേ തന്ത്രം തന്നെ വിജയിക്കണമെന്നില്ല. അതാത് പ്രദേശങ്ങളിലെ പ്രശ്‌നങ്ങളും സ്വഭാവ സവിശേഷതകളും പഠിച്ച് വിപണന തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യണം.
  • ട്രെന്‍ഡിന് അനുസരിച്ച് മാറിക്കൊണ്ടിരിക്കുക. വിപണിയെ കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കുക എന്നതാണ് മാറുന്ന പ്രവണതകള്‍ അപ്പപ്പോള്‍ അറിയാനുള്ള മാര്‍ഗം. നിങ്ങള്‍ ഒരല്‍പ്പം പിന്നിലായാല്‍ തിരിച്ചു വരാനാവാത്ത വിധം മറ്റുള്ളവര്‍ മുന്നിലെത്താം.
  • യാത്രകള്‍ ചെയ്യാം. അതിലൂടെ ലഭിക്കുന്ന അറിവ് നിസാരമല്ല. നാളെ ഇവിടെ എന്തു സംഭവിക്കുന്നു എന്നത് വികസിത രാഷ്ട്രങ്ങളിലെ വിപണിയില്‍ ഇന്നേ കണ്ടേക്കാം. യൂറോപ്യന്‍ രീതിയിലുള്ള ഷോപ്പിംഗ് അനുഭവങ്ങളാണ് ഞങ്ങള്‍ മൈജി ഷോറൂമുകളിലൂടെ ഇപ്പോള്‍ നല്‍കാന്‍ ശ്രമിക്കുന്നത്.
  • ടീം വര്‍ക്കിന് വിജയത്തില്‍ വലിയ പങ്കു വഹിക്കാനുണ്ട്. തുടക്കത്തിലേ ഉള്ള നിരവധി ജീവനക്കാര്‍ മൈജിയുടെ കരുത്താണ്. അവര്‍ക്ക് മൈജിയെ കുറിച്ച് നന്നായി അറിയാം. യോജിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ പുതിയ ഉയരങ്ങളിലെത്താന്‍ മൈജിക്ക് സാധിക്കുന്നു.
  • സുതാര്യത. അത് ഉപഭോക്താക്കളോട് പറയുന്ന കാര്യങ്ങളില്‍ മാത്രമല്ല. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വേണം. നികുതി നല്‍കുന്ന കാര്യം തൊട്ട്. നമ്മള്‍ എന്തെങ്കിലും ഒളിച്ചു വെക്കുമ്പോഴാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത്.

Similar News